Connect with us

National

ശബരിമല വിമാനത്താവള പദ്ധതി: അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എം പി

പ്രതീക്ഷിക്കുന്ന ചെലവ് 7,047 കോടി രൂപ. പ്രതിവര്‍ഷം ഏഴുലക്ഷം യാത്രക്കാര്‍.

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതി നടപ്പിലാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് എം പിയുടെ ഇടപെടല്‍. പദ്ധതിയുടെ ഡി പി ആര്‍ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെ എസ് ഐ ഡി സി) വഴി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

7,047 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഡി പി ആര്‍ തയ്യാറാക്കിയത് എസ് ടി പി യു കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡാണ്. നിര്‍ദിഷ്ട വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇതിനകം സൈറ്റ് ക്ലിയറന്‍സ് ലഭിച്ചിരുന്നു. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരും അനുമതി നല്‍കി. ഡി പി ആര്‍ അനുസരിച്ച്, ശബരിമല വിമാനത്താവളം പ്രതിവര്‍ഷം ഏഴുലക്ഷം യാത്രക്കാരെ വരെ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ശബരിമല തീര്‍ഥാടകരുടെ കണക്റ്റിവിറ്റി ഈ പദ്ധതി ഗണ്യമായി വര്‍ധിപ്പിക്കും, പ്രത്യേകിച്ച് തീര്‍ഥാടന സീസണില്‍. ഇതിനു പുറമെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കും തമിഴ്നാട്ടിലെ സമീപ പ്രദേശങ്ങള്‍ക്കും പദ്ധതി ഗുണം ചെയ്യും.

മധ്യതിരുവിതാംകൂറിലെ പ്രവാസി സമൂഹത്തിന്റെ താത്പര്യങ്ങള്‍ നിറവേറ്റുകയും ചെയ്യും. ഡി പി ആറിന്റെ അംഗീകാരം വേഗത്തിലാക്കാനും ഈ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയുടെ സമയബന്ധിതമായ നിര്‍വഹണത്തിന് പൂര്‍ണ പിന്തുണ നല്‍കാനും കേന്ദ്ര സര്‍ക്കാരിനോട് ആന്റോ ആന്റണി എം പി ആവശ്യപ്പെട്ടു. പദ്ധതി 2028ല്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് ദേവസ്വം മന്ത്രി സജി ചെറിയാനും അവകാശപ്പെട്ടിരുന്നു. ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയില്‍ നിന്നും ബിലിവേഴ്‌സ് ചര്‍ച്ച് കൈവശപ്പെടുത്തിയ കോട്ടയം ജില്ലയിലെ എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് ശബരിമല വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

 

Latest