Connect with us

Kerala

വര്‍ഗീയത പടര്‍ത്താനുള്ള ആര്‍ എസ് എസ് ശ്രമം ഇവിടെ വിലപ്പോവില്ല: മുഖ്യമന്ത്രി

Published

|

Last Updated

ആലപ്പുഴ | കേരളത്തില്‍ വര്‍ഗീയത പടര്‍ത്താനുള്ള ആര്‍ എസ് എസ് ശ്രമം വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘടന വളരാന്‍ വര്‍ഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണ് സംഘ്പരിവാര്‍ സംഘടനകള്‍. എന്നാല്‍, കേരളത്തില്‍ അത് നടക്കില്ലെന്ന് ആലപ്പുഴയില്‍ പി കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേ പിണറായി പറഞ്ഞു. ഇടതുപക്ഷ ധാര ഉയര്‍ന്ന് നില്‍ക്കുന്ന നാടാണിത്. വര്‍ഗീയ പ്രചാരണം നടത്തി സമൂഹത്തെ അട്ടിമറിക്കാന്‍ ആര്‍ എസ് എസ് ബോധപൂര്‍വം ശ്രമം നടത്തുകയാണ്. വസ്ത്രം, ഭക്ഷണം തുടങ്ങിയവയിലും കടന്നാക്രമണം നടത്തുന്നു. ഇത് വര്‍ഗീയത കുത്തിവെക്കലാണ്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പ്രചാരണമാണ് നടത്തുന്നത്. എന്നാല്‍, അതിവിടെ വിജയിക്കാന്‍ പോകുന്നില്ല.

ഹലാല്‍ വിവാദത്തിന്റെ പേരില്‍ വര്‍ഗീയത പരത്തുകയാണ്. ആ ഭക്ഷണരീതി പണ്ടേ ഉണ്ട്. പാര്‍ലിമെന്റിലെ ഭക്ഷണത്തിലും ഹലാല്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ അതിന്റെ പേരില്‍ വര്‍ഗീയ മുതലെടുപ്പിനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി ജെ പിക്ക് വളരാന്‍ അവസരമൊരുക്കുന്ന അവസരവാദ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വര്‍ഗീയതയുമായി സമരസപ്പെട്ടു പോകുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.