Connect with us

National

മാലദ്വീപിലെ കടലില്‍ റെയിന്‍ബോ മത്സ്യത്തെ കണ്ടെത്തി ഗവേഷകര്‍

സമുദ്രോപരിതലത്തിലും താഴെയായി സൂര്യപ്രകാശം ചെന്നെത്താത്ത സ്ഥലത്താണ് മഴവില്‍ മത്സ്യത്തെ കണ്ടെത്തിയത്.

Published

|

Last Updated

മാലി| സമുദ്രം അത്ഭുതങ്ങളുടെ കലവറയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ജീവിവര്‍ഗങ്ങളെ മഹാസമുദ്രങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. സമുദ്രത്തില്‍ നിന്ന് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഒരു മത്സ്യത്തെ കണ്ടെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മാലദ്വീപിനോട് ചേര്‍ന്നുള്ള കടലിലാണ് സപ്തവര്‍ണങ്ങളോടെ മഴവില്ലഴകുള്ള മത്സ്യത്തെ കണ്ടെത്തിയത്.

സമുദ്രോപരിതലത്തിലും താഴെയായി സൂര്യപ്രകാശം ചെന്നെത്താത്ത സ്ഥലത്താണ് ഈ മഴവില്‍ മത്സ്യത്തെ ഗവേഷകര്‍ കണ്ടെത്തിയത്. ‘സിറിലാബ്രസ് ഫിനിഫെന്മ’ എന്നാണ് മത്സ്യത്തിന്റെ ശാസ്ത്രീയ നാമം. മത്സ്യത്തില്‍ പ്രധാനമായുമുള്ള പിങ്ക് നിറമാണ് ഈ പേരിന് പിന്നില്‍. മാലദ്വീപിന്റെ ദേശീയപുഷ്പമായ പിങ്ക് റോസിനെ പ്രാദേശിക ഭാഷയില്‍ വിളിക്കുന്നതാണ് ഫിനിഫെന്മയെന്ന്. സൂകീയ്‌സ് എന്ന ശാസ്ത്ര ജേണലില്‍ മത്സ്യത്തെ സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാലദ്വീപിലെ ഗവേഷകനായ അഹമ്മദ് നജീബാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.