Connect with us

Uae

യാത്ര പുറപ്പെടുന്നതിന് മുമ്പ് "എവേ മോഡ്' സജീവമാക്കാൻ അഭ്യർഥന

വൈദ്യുതിയും ജലവും കാര്യക്ഷമമാക്കുന്ന സംരംഭം

Published

|

Last Updated

ദുബൈ|വേനൽക്കാല അവധിക്കായി യാത്ര പുറപ്പെടുന്നതിന് മുമ്പ് താമസക്കാർ അവരുടെ സ്മാർട്ട് അക്കൗണ്ടുകളിൽ “എവേ മോഡ്’ ഫീച്ചർ സജീവമാക്കാൻ അഭ്യർത്ഥന. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) യാണ് “ഈ വേനൽക്കാലത്ത് നിങ്ങളുടെ സ്മാർട്ട് തിരഞ്ഞെടു പ്പ് വികസിപ്പിക്കുക’ എന്ന ശീർഷകത്തിലുള്ള വേനൽക്കാല ബോധവത്കരണ ക്യമ്പയിനിന്റെ ഭാഗമായി നിർദേശം പുറപ്പെടുവിച്ചത്. ഉപയോക്താക്കൾക്ക് വീട്ടിൽ നിന്ന് അകലെയായിരിക്കുമ്പോൾ പോലും അവരുടെ വൈദ്യുതിയുടെയും ജലത്തിന്റെയും ഉപഭോഗം വിദൂരമായി നിരീക്ഷിക്കാനും കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കാനും സാധിക്കുന്നതാണ് ഈ ഫീച്ചർ.
ഉപഭോക്താക്കൾക്ക് ദീവ വെബ്‌സൈറ്റിലും സ്മാർട്ട് ആപ്പിലും ലഭ്യമായ “എവേ മോഡ്’ തിരഞ്ഞെടുക്കാം. ഫീച്ചർ പ്രവർത്തിപ്പിക്കേണ്ട സമയം തിരഞ്ഞെടുക്കാനും ഇ-മെയിൽ വഴി പ്രതിദിന അല്ലെങ്കിൽ പ്രതിവാര അപ്ഡേറ്റുകൾ സ്വീകരിക്കാനും കഴിയും. ക്രമരഹിതമായ ഉപഭോഗം ഉണ്ടായാൽ ഉടൻ തന്നെ ഇടപെടാനും അതുവഴി ഊർജത്തിന്റെയും ജലത്തിന്റെയും പാഴ്‌ച്ചെലവ് കുറക്കാനും ഈ ഫീച്ചർ സഹായിക്കും.
ഡിജിറ്റൽ ടൂൾ ഉപയോഗിക്കുന്നതിന് പുറമെ, യാത്ര പുറപ്പെടുമ്പോൾ എല്ലാ ലൈറ്റുകളും ഓഫ് ചെയ്യുക, പുറത്തും പൂന്തോട്ടത്തിലുമുള്ള ലൈറ്റുകൾക്ക് ടൈമർ വെക്കുക, ചോർച്ച തടയുന്നതിന് വാട്ടർ വാൽവുകൾ അടക്കുക എന്നിവയും ദീവ ശുപാർശ ചെയ്യുന്നുണ്ട്. സ്മാർട്ട് ലിവിംഗ് ഇനിഷ്യേറ്റീവിന്റെ മറ്റ് ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താനും ക്യാമ്പയിൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നു.

Latest