Connect with us

Kerala

പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. എം കെ സാനു അന്തരിച്ചു

വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു

Published

|

Last Updated

കൊച്ചി | പ്രശസ്ത സാഹിത്യ വിമർശകനും എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു (99) അന്തരിച്ചു. കൊച്ചിയിലെ അമ‌ൃത ആശുപത്രിയിൽ ഐ സി യുവിൽ ചികിത്സയിലായിരിക്കെ വൈകിട്ട് അഞ്ചോടെയാണ് അന്ത്യം.  വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളായി.

അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ, പ്രഭാഷകൻ, രാഷ്ട്രീയ പ്രവർത്തകൻ തുടങ്ങി സമൂഹത്തിൻ്റെ വിവിധ തുറകളിൽ പ്രവർത്തിച്ച വ്യക്തിയാണ്. 1928 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളിയിലാണ് ജനനം. കൊച്ചി നഗരമായിരുന്നു പ്രവർത്തനമണ്ഡലം. എറണാകുളം മഹാരാജാസിൽ ഏറെക്കാലം അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.

അതീവ സമ്പന്നമായ കൂട്ടുകുടുംബത്തിൽ ജനിച്ച എം കെ സാനു അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിലേക്ക് നീങ്ങി. സ്കൂൾ അധ്യാപകനായാണ് പൊതുരംഗല പ്രവേശം. പിന്നീട് വിവിധ സർക്കാർ കോളജുകളിൽ അധ്യപകവൃത്തിയിലേർപ്പെട്ടു. 1958ൽ അഞ്ച് ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ൽ അധ്യാപനത്തിൽ നിന്ന് വിരമിച്ചു. സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ തുടർന്ന് 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡൻ്റായി. കോൺഗ്രസ്സ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു.

വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം (1985),  വയലാർ അവാർഡ് (1992),  കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം(2002),  പത്മപ്രഭാ പുരസ്കാരം (2011), എൻ കെ ശേഖർ പുരസ്കാരം (2011), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2011), കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം (2010),  എഴുത്തച്ഛൻ പുരസ്കാരം (2013) തുടങ്ങിയ അംഗീകാരങ്ങൾ തേടിയെത്തി.