Connect with us

Editorial

ദുര്‍ബല- വയോജന വിഭാഗങ്ങള്‍ക്ക് ആശ്വാസം

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ ക്ഷേമ പദ്ധതികള്‍ 4,500 കോടിയോളം രൂപയുടെ പുതിയ ബാധ്യത സൃഷ്ടിക്കും. എങ്കിലും സാമ്പത്തിക പരാധീനത ജനക്ഷേമ പദ്ധതികള്‍ക്ക് വിഘാതമാകരുത്.

Published

|

Last Updated

സമൂഹത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് വലിയ ആശ്വാസമേകുന്നതാണ് പിണറായി സര്‍ക്കാറിന്റെ ക്ഷേമ പെന്‍ഷന്‍ വര്‍ധനയുള്‍പ്പെടെയുള്ള പുതിയ പ്രഖ്യാപനം. സാമൂഹിക ക്ഷേമ പെന്‍ഷനില്‍ ഒറ്റയടിക്ക് നാനൂറ് രൂപയാണ് വര്‍ധിപ്പിച്ചത്. നിലവിലെ 1,600 രൂപയില്‍ നിന്ന് രണ്ടായിരമായി ഉയര്‍ത്തി. ഏകദേശം 63 ലക്ഷം വരും സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണം. സാമൂഹിക ക്ഷേമ പെന്‍ഷനുകളുടെ ഉപഭോക്താക്കളല്ലാത്ത പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 1,000 രൂപ വീതം പ്രതിമാസ സുരക്ഷാ പെന്‍ഷനാണ് മറ്റൊരു പ്രഖ്യാപനം. 33 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇടതു മുന്നണിയുടെ പ്രകടന പത്രികയിലെ ഒരു വാഗ്ദാനം കൂടിയാണിത്. ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ വര്‍ധിപ്പിക്കുകയും ചെയ്തു.

സാമ്പത്തിക പരാധീനത, മതിയായ ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം, കുടുംബ ഘടനയിലെ മാറ്റം, കുടുംബാംഗങ്ങളുടെ ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരാണ് വയോജനങ്ങള്‍. ആരോഗ്യ സംവിധാനത്തിലെ മികവ് കാരണം സംസ്ഥാനത്ത് വയോജനങ്ങളുടെ തോത് വര്‍ധിച്ചു കൊണ്ടിരിക്കുകയുമാണ്. 1961ല്‍ ജനസംഖ്യയുടെ 5.83 ശതമാനവും 2016ല്‍ 15.63 ശതമാനവുമായിരുന്നു മുതിര്‍ന്ന പൗരന്മാരെങ്കില്‍ ഇപ്പോഴത് 20 ശതമാനത്തിലെത്തി നില്‍ക്കുന്നു. കുടുംബത്തില്‍ ഒറ്റപ്പെടലും പ്രാരാബ്ധങ്ങളും അനുഭവിക്കുന്ന ഈ വിഭാഗത്തിന് വലിയ ആശ്വാസമാണ് സര്‍ക്കാര്‍ പെന്‍ഷന്‍. കാലോചിതമായി പെന്‍ഷന്‍ സംഖ്യ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ 25 ശതമാനം വര്‍ധന സ്വാഗതാര്‍ഹമാണ്. പാവപ്പെട്ട സ്ത്രീകള്‍ക്ക് 1,000 രൂപ സുരക്ഷാ പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനവും അഭിനന്ദനമര്‍ഹിക്കുന്നു.

സാമൂഹിക, സാമ്പത്തിക ദുരിതമനുഭവിക്കുന്നവര്‍ക്ക് സംരക്ഷണവും പിന്തുണയും നല്‍കേണ്ടതും ചേര്‍ത്തുപിടിക്കേണ്ടതും ഭരണകൂടങ്ങളുടെ കടമയാണ്. സാമൂഹികക്ഷേമം കൂടി അളന്നാണ് ഒരു രാജ്യത്തിന്റെ വികസനം തിട്ടപ്പെടുത്തുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജനം, സാമൂഹിക നീതി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയാണ് സാമൂഹിക പുരോഗതിയുടെ അളവ് കോലുകള്‍. ഈ രംഗത്ത് അത്ര ആശ്വാസകരമല്ല ഇന്ത്യയുടെ സ്ഥിതി. ജനസംഖ്യയില്‍ വലിയൊരു വിഭാഗം കടുത്ത സാമ്പത്തിക ദാരിദ്ര്യമോ സാമ്പത്തിക പ്രയാസങ്ങളോ അനുഭവിക്കുന്നവരാണ് രാജ്യത്ത്. വരുമാന അസമത്വവും അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യതക്കുറവും അവരുടെ ജീവിതം പ്രയാസകരമാക്കുന്നു. ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷണവും വിദ്യാഭ്യാസവും പലര്‍ക്കും കിട്ടാക്കനിയാണ്. ജനങ്ങളുടെ സന്തോഷകരമായ ജീവിതത്തെ ആധാരമാക്കി പുറത്തിറക്കുന്ന ‘വേള്‍ഡ് ഹാപ്പിനസ് ഇന്‍ഡക്സ് റിപോര്‍ട്ട്’ പ്രകാരം 2022-2024 കാലയളവില്‍ 143 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 126ാം സ്ഥാനത്താണ്.

സുസ്ഥിര വികസനത്തിന്റെ സൂചിക കണക്കാക്കുന്ന ‘കോംപിറ്റിറ്റീവ്നെസ്സ് റോഡ് മാപ്പ് ഓഫ് ഇന്ത്യ’യുടെ റിപോര്‍ട്ടനുസരിച്ച് പോഷകാഹാരം, വിദ്യാഭ്യാസം, ലിംഗസമത്വം, ആരോഗ്യം എന്നീ തലങ്ങളില്‍ രാജ്യത്തിന്റെ പുരോഗതി മന്ദഗതിയിലാണ്. വിദ്യാഭ്യാസ അസമത്വത്തില്‍ 163 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 135ഉം ആരോഗ്യ അസമത്വത്തില്‍ 165 രാജ്യങ്ങളില്‍ 145ഉം ആണ്. ഒരു ഭാഷയിലും ഒരു വാചകം പോലും എഴുതാനറിയാത്ത 186 ദശലക്ഷം സ്ത്രീകള്‍ രാജ്യത്തുണ്ടെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ സാമൂഹിക ക്ഷേമത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ ചിത്രം വ്യത്യസ്തമാണ്. രാജ്യത്തിന്റെ പൊതുവായ അവസ്ഥയില്‍ നിന്ന് മാറി ഇക്കാര്യത്തില്‍ മികച്ച പുരോഗതി കൈവരിക്കാന്‍ സംസ്ഥാനത്തിനായി. മാനുഷിക വികസന സൂചിക, സാമൂഹിക നീതിയും ജനാധിപത്യബോധവും, സമത്വബോധം, സ്ത്രീശാക്തീകരണം തുടങ്ങി സാമൂഹിക പുരോഗതിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലും രാജ്യത്തിനാകെ മാതൃകയുമാണ്. സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും സാമൂഹിക പുരോഗതി അടിസ്ഥാനമാക്കി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ 2022ല്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ കേരളം ഒന്നാമതാണ്. പോഷകാഹാര ലഭ്യതയിലും ആരോഗ്യ പരിചരണ രംഗത്തും കേരളം ഒന്നാമതാണെന്ന് ഈ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിലും ഒന്നാമത് കേരളമാണ്. ലോകവ്യാപകമായി ‘കേരള മോഡല്‍’എന്നറിയപ്പെടുന്ന ഈ മാതൃക, സാമ്പത്തിക പരാധീനതകള്‍ക്കിടയിലും, കേരളത്തിന് നേടാനായത് സാമൂഹിക ക്ഷേമ രംഗത്ത് ഭരണകൂടം നടപ്പാക്കിയ നടപടികളെ തുടര്‍ന്ന് കൂടിയാണ്.

കേരളത്തിന്റെ ഈ സാമൂഹിക മുന്നേറ്റം ടിപ്പുസുല്‍ത്താന്റെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും സമത്വപോരാട്ടങ്ങളുടെ തുടര്‍ച്ചയായി വേണം വിലയിരുത്താന്‍. കര്‍ഷകരെയും തൊഴില്‍രഹിതരെയും ചൂഷണം ചെയ്തിരുന്ന ഭൂപ്രഭുത്വ വ്യവസ്ഥകള്‍ മാറ്റിമറിച്ച പരിഷ്‌കാരങ്ങള്‍ക്കും പൗരാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ പ്രായാധിക്യ പെന്‍ഷന്‍, ക്ഷേമ പെന്‍ഷന്‍, ദാരിദ്ര്യ രേഖക്ക് താഴെയുള്ള ആഹാര സുരക്ഷ, ലൈഫ് മിഷന്‍ പോലുള്ള ഭവന പദ്ധതികള്‍, ജനാരോഗ്യ ഇന്‍ഷ്വറന്‍സ് തുടങ്ങിയവ സാമൂഹിക ക്ഷേമത്തില്‍ വലിയ പങ്കുവഹിച്ചു. കുടുംബശ്രീ പോലുള്ള പദ്ധതികള്‍ സ്ത്രീകളുടെ മുന്നേറ്റത്തിന് വഴിയൊരുക്കി.

കേന്ദ്രത്തിന്റെ വിവേചനപരമായ നയം കാരണം കടുത്ത സമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. അതിനിടെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ ക്ഷേമ പദ്ധതികള്‍ 4,500 കോടിയോളം രൂപയുടെ പുതിയ ബാധ്യത സൃഷ്ടിക്കും. എങ്കിലും സാമ്പത്തിക പരാധീനത ജനക്ഷേമ പദ്ധതികള്‍ക്ക് വിഘാതമാകരുത്. സാമ്പത്തിക കണക്കുകളില്‍ ഊന്നിയാകരുത്, മാനവികതയില്‍ അധിഷ്ഠിതമാകണം ജനക്ഷേമ പദ്ധതികളും വികസനവും.

 

Latest