National
55ാം വയസ്സിൽ 17ാമത്തെ കുഞ്ഞിന് ജന്മം നൽകി രേഖ
ആശുപത്രിയിലെത്തിയത് മക്കൾക്കും പേരകുട്ടികൾക്കുമൊപ്പം

ജയ്പൂർ | 17ാമത്തെ കുഞ്ഞിൻ്റെയും മാതാവാകാനായ ആഹ്ളാദത്തിലാണ് രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ 55കാരി രേഖ കൽബെലി. മക്കൾക്കും മരുമക്കൾക്കും പേരകുട്ടികൾക്കുമൊപ്പം ഉദയ്പൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയാണ് 17ാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. 17 മക്കളെ പ്രസവിച്ചെങ്കിലും 12 മക്കളാണ് ഇവർക്ക് ഇപ്പോഴുള്ളത്. ഏഴ് ആണും അഞ്ച് പെണ്ണും. നാല് ആൺകുട്ടിയും ഒരു പെൺകുട്ടിയും ജനനത്തിന് പിന്നാലെ മരിച്ചിരുന്നു.
രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളും വിവാഹിതരാണ്. ഇവർക്കെല്ലാം മക്കളുമുണ്ടെന്ന് രേഖയുടെ ഭർത്താവ് കവ്‌ര കൽബെലിയ പറഞ്ഞു. എന്നാൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാണെന്ന് കവ്‌ര പറയുന്നു. ആക്രിസാധനങ്ങൾ ശേഖരിച്ച് ജോലി ചെയ്താണ് ഉപജീവനം. മക്കളുടെ വിവാഹത്തിനായി പലിശക്ക് പണം വാങ്ങിയതായും ഇയാൾ പറയുന്നു.
സാധാരണഗതിയിൽ ഇത്രയേറെ പ്രസവം നടന്നാൽ ഗർഭപാത്രം ദുർബലമാവുകയും അമിത രക്തസ്രാവത്തിന് ഇടയാവുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടാകാറുണ്ടെന്നും എന്നാൽ ഇവരുടെ കാര്യത്തിൽ അത്തരമൊരു പ്രശ്‌നം നേരിടേണ്ടി വന്നില്ലെന്നും ചികിത്സിച്ച ഡോക്ടർ പറഞ്ഞു.