Connect with us

Health

ലക്ഷണമില്ലാത്ത അണ്ഡാശയ കാന്‍സറിന് പിന്നിലെ കാരണങ്ങള്‍

എല്ലാ വര്‍ഷവും മെയ് 8ന് ലോക അണ്ഡാശയ കാന്‍സര്‍ ദിനം ആചരിക്കുന്നു.

Published

|

Last Updated

സ്ത്രീകളുടെ അണ്ഡാശയത്തില്‍ രൂപപ്പെടുന്ന കോശങ്ങളുടെ വളര്‍ച്ചയാണ് അണ്ഡാശയ കാന്‍സര്‍. അണ്ഡാശയ അര്‍ബുദമുള്ള പല സ്ത്രീകള്‍ക്കും രോഗലക്ഷണങ്ങളൊന്നും അനുഭവപ്പെടുന്നില്ല. ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്ന മൂന്നാമത്തെ അര്‍ബുദമാണ് അണ്ഡാശയ കാന്‍സര്‍. ഈ അര്‍ബുദത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തത് കാരണം പെട്ടെന്നുള്ള രോഗനിര്‍ണയത്തില്‍ കാര്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് പലപ്പോഴും രോഗം കണ്ടെത്താന്‍ താമസമെടുക്കുകയും ചികിത്സയുടെ ഫലപ്രാപ്തി കുറയ്ക്കുന്നതിനും കാരണമാകുന്നു. അതിനാല്‍, നേരത്തെ രോഗം കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കുകയല്ലാതെ മറ്റൊരു പോംവഴിയില്ല.

അണ്ഡാശയ അര്‍ബുദം ബാധിച്ച പല സ്ത്രീകള്‍ക്കും രോഗലക്ഷണങ്ങള്‍ അനുഭവപ്പെടാത്തതിന്റെ കാരണം

1. പെല്‍വിസിനുള്ളിലാണ് അണ്ഡാശയങ്ങള്‍ സ്ഥിതിചെയ്യുന്നത്. അണ്ഡാശയത്തിനുള്ളില്‍ കാന്‍സര്‍ വളരുകയോ പടരുകയോ ചെയ്യുന്നതുവരെ ചെറിയ മുഴകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

2. അണ്ഡാശയ അര്‍ബുദം മൂത്രസഞ്ചി അല്ലെങ്കില്‍ മലാശയം പോലുള്ള അയല്‍ പെല്‍വിക് അവയവങ്ങളിലേക്ക് പടരുകയും മറ്റ് അവസ്ഥകളുമായി തെറ്റായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

3. വ്യക്തമല്ലാത്ത ലക്ഷണങ്ങള്‍ ഒരു കാരണമാണ്. വയറു വീര്‍ക്കല്‍, പെല്‍വിക് വേദന, സമാനമായ ലക്ഷണങ്ങള്‍ എന്നിവ അണ്ഡാശയ കാന്‍സറിന് മാത്രമുള്ളതല്ല. വിവിധ കാരണങ്ങളാല്‍ ഇവയാകാം.

4. ചില അണ്ഡാശയ കാന്‍സര്‍ ഉപവിഭാഗങ്ങളായ ജെം സെല്‍ ട്യൂമറുകള്‍ അല്ലെങ്കില്‍ സ്‌ട്രോമല്‍ ട്യൂമറുകള്‍, ഗണ്യമായ വലുപ്പത്തില്‍ എത്തുന്നതുവരെ രോഗലക്ഷണങ്ങളില്ലാതെ തുടരാം.

പതിവ് പരിശോധനയുടെ പ്രാധാന്യം

അണ്ഡാശയ അര്‍ബുദം നേരത്തേ കണ്ടെത്തുന്നതിലും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും പതിവ് പരിശോധനകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അണ്ഡാശയ കാന്‍സറിനുള്ള ഏറ്റവും സാധാരണമായ സ്‌ക്രീനിംഗ് ടെസ്റ്റുകളില്‍ റെക്ടോവജൈനല്‍ പെല്‍വിക് പരിശോധനയും സിഎ125 രക്തപരിശോധനയും ഉള്‍പ്പെടുന്നു. ഈ പരിശോധനകള്‍ വിശദീകരിക്കാനാകാത്ത ലക്ഷണങ്ങള്‍ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ക്ക് പിന്നിലെ കാരണം മനസ്സിലാക്കാന്‍ സഹായിക്കുന്നു.

അതുപോലെ, ട്രാന്‍സ്വജൈനല്‍ അള്‍ട്രാസൗണ്ട് കൂടുതല്‍ അസാധാരണതകള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. അണ്ഡാശയ അര്‍ബുദം ബാധിച്ച സ്ത്രീകളുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് സിഎ125, ട്രാന്‍സ് വജൈനല്‍ യുഎസ്ജി സ്‌കാനുകള്‍ എന്നിവയ്ക്കുള്ള രക്തപരിശോധന നിര്‍ദ്ദേശിക്കപ്പെട്ടേക്കാം. ഈ സ്ത്രീകളില്‍ ബിആര്‍സിഎ ജീനിന്റെ സാന്നിധ്യം കണ്ടെത്താന്‍ ചില ജനിതക പഠനങ്ങള്‍ നടത്തുകയും അത്തരം രോഗികള്‍ക്ക് പ്രോഫൈലാക്റ്റിക് ഓഫ്രെക്ടമി നിര്‍ദ്ദേശിക്കുകയും ചെയ്യാറുണ്ട്.

അമിതവണ്ണമുള്ളവര്‍, പുകവലിക്കുന്നവര്‍, ആര്‍ത്തവവിരാമത്തിന് ശേഷം ഹോര്‍മോണ്‍ തെറാപ്പിക്ക് വിധേയരായവര്‍ എന്നിവര്‍ക്ക് അണ്ഡാശയ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഈ വിഭാഗങ്ങളില്‍ പെടുന്ന സ്ത്രീകള്‍ അവരുടെ രോഗസാധ്യതയെക്കുറിച്ച് ഒരു ഡോക്ടറുമായി ചര്‍ച്ച ചെയ്യേണ്ടത് പ്രധാനമാണ്. അണ്ഡാശയ അര്‍ബുദം നേരത്തേ കണ്ടെത്തുന്നതിനും, ഉയര്‍ന്ന അപകടസാധ്യതയുള്ള വ്യക്തികള്‍ക്ക് സൂക്ഷ്മ നിരീക്ഷണവും വ്യക്തിഗത അപകടസാധ്യത വിലയിരുത്തലും, സമയബന്ധിതമായ ഇടപെടലും പ്രതിരോധ നടപടികളും സുഗമമാക്കുന്നതിനും പതിവ് പരിശോധനകള്‍ സഹായിക്കുന്നു.

ഒരു വ്യക്തിക്ക് അണ്ഡാശയ അര്‍ബുദത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, ശരിയായ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.

അണ്ഡാശയ കാന്‍സറിന്റെ അപകട ഘടകങ്ങളെയും ലക്ഷണങ്ങളെയും കുറിച്ച് സ്ത്രീകളില്‍ അവബോധം വളര്‍ത്തുക എന്നത് പ്രധാനമാണ്. വയറ് വീക്കം, പെല്‍വിക് വേദന, ഡിസ്‌പെപ്‌സിയ, വിശപ്പില്ലായ്മ, മൂത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നത് അണ്ഡാശയ അര്‍ബുദ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും.

ചിട്ടയായ വ്യായാമം, സമീകൃതാഹാരം, പുകവലി ഒഴിവാക്കല്‍, അമിതമായ മദ്യപാനം എന്നിവ അണ്ഡാശയ കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്.

 

 

 

Latest