IPL
സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ആര്‍ സി ബിയോട് നാണംകെട്ട് രാജസ്ഥാന്‍
112 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ആര്‍ സി ബി സ്വന്തമാക്കിയത്.

ജയ്പൂര്‍ | ഫാഫ് ഡു പ്ലിസിസിന്റെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെയും വെയ്ന്‍ പാര്‍ണലിന്റെ ബോളിംഗിന്റെയും പിന്‍ബലത്തില്‍ അത്യുഗ്രൻ ജയവുമായി ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ അവരുടെ തട്ടകത്തില്‍ 112 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ആര്‍ സി ബി സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് എടുത്തത്. രാജസ്ഥാന്റെ മറുപടി 10.3 ഓവറില്‍ കേവലം 59 റണ്‍സിലൊതുങ്ങി. രാജസ്ഥാന്റെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (35 റണ്‍സ്) മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്.
യശസ്വി ജെയ്‌സ്വാള്‍, ജോസ് ബട്‌ലര്‍ അടക്കം അഞ്ച് പേര്‍ സംപൂജ്യരായി. രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ആര്‍ സി ബിയുടെ പാര്‍ണല്‍ മൂന്ന് ഓവറില്‍ പത്ത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. മൈക്കല്‍ ബ്രേസ് വെല്‍, കര്‍ണ് ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ആര്‍ സി ബി ബാറ്റിംഗ് നിരയില്‍ മാക്‌സ്‌വെല്ലും (55) ഡുപ്ലിസിസും (54) അര്‍ധ സെഞ്ചുറി നേടി.