Aksharam Education
എന്താണ് എ ഐ?
തീയുടെ കണ്ടുപിടിത്തത്തോടെ ആരംഭിച്ച യാത്ര 21ാം നൂറ്റാണ്ടിൽ എത്തിനിൽക്കുന്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ ഐ യുഗത്തിലേക്ക് കടന്നിരിക്കുകയാണ്
454 കോടി വർഷം മുന്പ് രൂപം കൊണ്ട ഭൂമിയിൽ മനുഷ്യരുടെ കണ്ടെത്തലുകൾ അവസാനിക്കുന്നില്ലെന്നതിന് സാക്ഷ്യം വഹിക്കുകയാണ് നാം ഓരോരുത്തരും. തീയുടെ കണ്ടുപിടിത്തത്തോടെ ആരംഭിച്ച യാത്ര 21ാം നൂറ്റാണ്ടിൽ എത്തിനിൽക്കുന്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ ഐ യുഗത്തിലേക്ക് കടന്നിരിക്കുകയാണ്. മനുഷ്യ ബുദ്ധിയിൽ നിന്നുദിച്ച നിർമിത ബുദ്ധിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.
മനുഷ്യൻ ബുദ്ധി ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങൾ ഇന്ന് മെഷീനുകളുടെ സഹായത്തോടെ ചെയ്യുന്നു. ഇത്തരത്തിൽ മനുഷ്യനെ പോലെ പ്രവർത്തിക്കുകയും അനുകരിക്കുകയും ചെയ്യുന്നു എന്നതാണ് എ ഐയുടെ പ്രധാന ധർമം. മനുഷ്യന്റെ ബുദ്ധിയെ സാങ്കേതികമായി രൂപപ്പെടുത്തിയിരിക്കുന്നു എന്ന് ചുരുക്കി പറയാം. യന്ത്രങ്ങൾക്ക് മനുഷ്യന്റെ ബുദ്ധി അനുകരിക്കാൻ കഴിയുന്നു എന്ന് നമ്മൾ മനസ്സിലാക്കുമ്പോൾ ആദ്യം മനസ്സിൽ പതിയുന്നത് എ ഐയിൽ പ്രവർത്തിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടായ സോഫിയയാണ്. ഒരു റോബോട്ടിൽ മാത്രമല്ല എ ഐ പ്രവർത്തിക്കുന്നത്. നാം അറിഞ്ഞും അറിയാതെയും ഉപയോഗപ്പെടുത്തുന്ന നമുക്ക് ചുറ്റുമുള്ള സകലതും ഇന്ന് എ ഐ അധിഷ്ഠിതമാണ്. അതിന് മികച്ച ഉദാഹരണങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ വഴി നാം അറിയാതെ എ ഐ ഉപയോഗപ്പെടുത്തുന്നുവെന്നതും പഠനത്തിനും മറ്റാവശ്യങ്ങൾക്കുമായി ചാറ്റ് ജി- പി ടി, ജമിനി തുടങ്ങിയ ചാറ്റ് ബോട്ടുകളെ ആശ്രയിക്കുന്നു എന്നതും.
പിറവി
മനുഷ്യരാശിയുടെ കണ്ടുപിടിത്തങ്ങളിൽ വിപ്ലവം സൃഷ്ടിച്ച എ ഐയുടെ പിറവിക്ക് പിന്നിൽ നിരവധി ശാസ്ത്രജ്ഞൻമാർ വർഷങ്ങൾക്ക് മുന്നേ തന്നെ പ്രവർത്തിച്ചു വരുന്നുണ്ട്. 1956ൽ അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ജോൺ മക്കാർത്തിയാണ് കൃത്രിമ ബുദ്ധിയുടെ പിതാവ് എന്നറിയപ്പെടുന്നത്. എ ഐ എന്ന പദം ആദ്യമായി ഉപയോഗിച്ചതും ഇദ്ദേഹമാണ്. അതേസമയം, ആധുനിക എ ഐയുടെ വളർച്ചക്ക് അടിത്തറയിട്ടത് ഡീപ്പ് ലേണിംഗിന്റെ പിതാക്കന്മാരായ ജെഫ്രി ഹിന്റൺ, യാൻ ലെകൺ, യോഷുവാ ബെൻജിയോ തുടങ്ങിയ ശാസ്ത്രജ്ഞരാണ്. എ ഐയുടെ ആദ്യകാല വികാസത്തിൽ ബ്രിട്ടനിലെ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ അലൻ ട്യൂറിംഗ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. യന്ത്രങ്ങൾക്ക് ചിന്തയിലൂടെ പഠിക്കാനും ജോലി ചെയ്യാനും കഴിയുമെന്ന് ഇദ്ദേഹം കണ്ടെത്തി.
എല്ലാ മേഖലകളിലും ജോലിക്ക് സജ്ജമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസുകളുണ്ട്. സാധാരണയായി ആളുകൾ ഉപയോഗിക്കുന്നതും നമുക്ക് ഉപയോഗ പ്രദവുമായ പ്രധാന എ ഐ സംവിധാനങ്ങള പരിചയപ്പെടാം. ചാറ്റ് ജി-പി ടിയാണ് ഇതിൽ പ്രമുഖൻ. ഏത് വിവരങ്ങളും പെട്ടെന്ന് പരസ്പര ആശയ വിനിമയത്തോടെ പറഞ്ഞു തരുന്നു. ഗൂഗിളിന്റെ ജമനിയും മറ്റൊരു എ ഐ ചാറ്റ്‌ബോട്ടാണ്. ക്ലൗഡ്, ഗ്രോക്ക്, ഡീപ് സീക്ക് തുടങ്ങിയവയും എ ഐ ചാറ്റ് ബോട്ടുകളാണ്. ഇതിനു പുറമെ വാട്‌സാപ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, മെറ്റാ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലും എ ഐ ഒളിഞ്ഞിരിപ്പുണ്ട്.
എ ഐ മൂന്ന് തരത്തിൽ
- നാരോ എ ഐ
ഒരു പ്രത്യേക ജോലി ചെയ്യാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ബുദ്ധിയാണിത്. മനുഷ്യരെപ്പോലെ ചിന്തിക്കാനോ, എല്ലാ കാര്യങ്ങളെക്കുറിച്ചും പഠിക്കാനോ, വ്യത്യസ്ത സാഹചര്യങ്ങളിൽ സ്വന്തമായി തീരുമാനമെടുക്കാനോ ഇതിന് കഴിവില്ല. നമ്മൾ ദിവസവും ഫോണിൽ ഉപയോഗിക്കുന്ന വോയിസ് അസ്സിസ്റ്റന്റുകളായ സിരിയും അലക്‌സയും ഇതിന് മികച്ച ഉദാഹരണങ്ങളാണ്.
- ജനറൽ എ ഐ
മനുഷ്യനെപ്പോലെ തന്നെ, വിശാലമായ ജോലികൾ മനസ്സിലാക്കാനും പഠിക്കാനും അറിവ് പ്രയോഗിക്കാനും കഴിയുന്ന തരത്തിലുള്ള എ ഐ ആണിത്. ഇത്തരം എ ഐ രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള പരീക്ഷണങ്ങൾ ഇപ്പോഴും നടക്കുകയാണ്.
- സൂപ്പർ എ ഐ
മനുഷ്യനെ പോലെ ശാരീരികവും ബുദ്ധിപരവുമായ ജോലികൾ ചെയ്യാൻ കഴിയുന്ന ഭാവി ആശയമാണിത്. മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏതൊരു ഭൗതിക ജോലിയും വളരെ വേഗത്തിലും കാര്യക്ഷമമായും സൂപ്പർ എ ഐ ചെയ്യുന്നു.
എ ഐ പ്രവർത്തിക്കുന്നത് മൂന്ന് വിധത്തിൽ
- മെഷീൻ ലേണിംഗ്
എ ഐയുടെ ഉപവിഭാഗമായ മെഷീൻ ലേണിംഗ് നമ്മൾ നൽകുന്ന വിവരങ്ങൾ സ്വയം പഠിച്ച് പ്രവർത്തിക്കുന്നവയാണ്. നിർമിത ബുദ്ധി എന്ന വിശാലമായ ശാഖയുടെ ഒരു അവിഭാജ്യ ഘടകമാണ് മെഷീൻ ലേണിംഗ്. വ്യക്തമായ പ്രോഗ്രാമിംഗ് നിർദേശങ്ങൾ നൽകാതെ തന്നെ, കമ്പ്യൂട്ടറുകളെ അവക്ക് നൽകുന്ന ഡാറ്റയിൽ നിന്ന് പാറ്റേണുകളും ബന്ധങ്ങളും കണ്ടെത്തി സ്വയം പഠിക്കാൻ പ്രാപ്തമാക്കുന്ന ഒരു സാങ്കേതികവിദ്യയാണ്.
- ഡീപ്പ് ലേണിംഗ്
മനുഷ്യർ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ഓർമിക്കുകയും ചെയ്യുന്നതുപോലെയാണ് ഡീപ്പ് ലേണിംഗിന്റെ പ്രവർത്തനം. മനുഷ്യ തലച്ചോറിന്റെ ഘടനയേയും പ്രവർത്തനരീതിയേയും അനുകരിച്ച് നിർമിച്ച കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകളാണ് ഇതിന്റെ അടിസ്ഥാനം.
- നാച്വറൽ ലാംഗ്വേജ് പ്രോസസ്സിംഗ്
മനുഷ്യഭാഷകളെ മനസ്സിലാക്കാനും തിരിച്ച് സംസാരിക്കാനും എ ഐക്ക് കഴിയുന്ന രീതിയിലുള്ള സാങ്കേതിക വിദ്യയാണിത്. കമ്പ്യൂട്ടർ സയൻസ്, എ ഐ, ഭാഷാശാസ്ത്രം എന്നിവയുടെ സംയോജനമായി ഇതിനെ കണക്കാക്കാം. വോയ്സ് അസ്സിസ്റ്റന്റുകൾ, സ്പാം ഫിൽട്ടറുകൾ, ഭാഷാ വിവർത്തനം, ചാറ്റ്ബോട്ടുകൾ തുടങ്ങി നിരവധി ദൈനംദിന സാങ്കേതികവിദ്യകളുടെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത് നാച്വറൽ ലാംഗ്വേജ് പ്രോസസ്സിംഗാണ്.






