Uae
അൽ ഐനിൽ മഴ തുടരുന്നു; നാളെയും സാധ്യത
നാളെ വൈകീട്ട് അഞ്ച് വരെ മഴക്കും മേഘങ്ങൾ രൂപപ്പെടുന്നതിനും സാധ്യതയുണ്ട്.

ദുബൈ|യു എ ഇയിൽ പലയിടത്തും നാളെയും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ സി എം) മുന്നറിയിപ്പ് നൽകി. നാളെ വൈകീട്ട് അഞ്ച് വരെ മഴക്കും മേഘങ്ങൾ രൂപപ്പെടുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അൽ ഐനിൽ ഇന്നലെ മഴ ലഭിച്ചു. രാത്രി എട്ട് വരെ മഴമേഘങ്ങൾക്ക് സാധ്യതയുണ്ടെന്ന് അറിയിച്ച് എൻ സി എം ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ പൊടിക്കാറ്റുണ്ടായി. മഴയും പൊടിക്കാറ്റും കാഴ്ചാപരിമിതിക്കും റോഡിലെ തെന്നിമാറ്റത്തിനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് പോലീസ് ഓർമിപ്പിച്ചു. യു എ ഇയിൽ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ ഈ മാസം 24 വരെ രണ്ടാഴ്ചക്കാലം കനത്ത ചൂട് അനുഭവപ്പെടും.ഈ ദിവസങ്ങളിൽ ഇടയ്ക്കിടെ പൊടിക്കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.