From the print
അധികാരത്തിലെത്തിയാൽ തിര. കമ്മീഷണർമാർക്കെതിരെ നടപടിയെന്ന് രാഹുൽ
ഇന്ത്യ സഖ്യം സർക്കാർ രൂപവത്കരിച്ചാൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് രണ്ട് കമ്മീഷണർമാർക്കുമെതിരെ വോട്ട് മോഷണത്തിന് നടപടി ആരംഭിക്കുമെന്ന് രാഹുൽ
പാറ്റ്ന | ബിഹാറിലെ വോട്ടർ അധികാർ യാത്രയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ സഖ്യം സർക്കാർ രൂപവത്കരിച്ചാൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് രണ്ട് കമ്മീഷണർമാർക്കുമെതിരെ വോട്ട് മോഷണത്തിന് നടപടി ആരംഭിക്കുമെന്ന് രാഹുൽ പറഞ്ഞു.
ബി ജെ പിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ പങ്കാളിത്തം തുടരുകയാണെന്നും അവർ ഒരുമിച്ച് വോട്ടുകൾ മോഷ്ടിക്കുകയാണെന്നും നവാഡയിലെ ഭഗത് സിംഗ് ചൗക്കിൽ നടന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടന നൽകിയ വോട്ടവകാശം നരേന്ദ്ര മോദിയും അമിത് ഷായും തിരഞ്ഞെടുപ്പ് കമ്മീഷണറും ചേർന്ന് തട്ടിയെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കിടെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായ കർഷകൻ സുബോധ് കുമയുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നുവെന്നും പോളിംഗ് ഏജന്റായിരുന്നുവെന്നും കർഷകൻ പറഞ്ഞു.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ വോട്ട് ചെയ്യണമെന്ന് തേജസ്വി യാദവ് ആവശ്യപ്പെട്ടു.


