Kerala
'മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ'; ഇംഗ്ലീഷ് അറിയില്ലെന്ന ട്രോളുകള്‍ക്ക് ശക്തമായ മറുപടിയുമായി എ എ റഹീം എം പി
തന്റെ ഭാഷയിലെ വ്യാകരണം തിരയുന്നവരോട് വെറുപ്പില്ല. ഭാഷയെ ട്രോളുന്ന തിരക്കില്‍ ബുള്‍ഡോസറുകള്‍ തകര്‍ത്ത വീടുകളും,അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും കാണാതെ പോകരുത്.
ന്യൂഡല്‍ഹി | ഇംഗ്ലീഷില്‍ സംസാരിക്കാനറിയില്ലെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചരിക്കുന്ന ട്രോളുകളോട് പ്രതികരിച്ച് എ എ റഹീം എം പി. ഭാഷാപരമായ പരിമിതികള്‍ തനിക്കുണ്ടെന്ന് തുറന്നു സമ്മതിച്ച അദ്ദേഹം തന്റെ ഭാഷയിലെ വ്യാകരണം തിരയുന്നവരോട് വെറുപ്പില്ലെന്നും ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂവെന്ന് ട്രോളന്മാര്‍ക്ക് റഹീം ശക്തമായ മറുപടി നല്‍കി. കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിനെതിരെ ദേശീയ മാധ്യമങ്ങളോട് നടത്തി റഹീം ഇംഗ്ലീഷില്‍ നടത്തിയ പ്രതികരണങ്ങളുടെ വീഡിയോയുമായി ബന്ധപ്പെട്ടാണ് ട്രോളുകള്‍ പ്രചരിക്കുന്നത്.
ഭാഷാപരമായി പരിമിതകളുള്ള ആളാണ് താന്‍. ഭാഷാപരമായി മെച്ചപ്പെടേണ്ടതുണ്ടെന്ന് തിരിച്ചറിയുന്നയാളും ഭാഷയുടെ പരിമിതി പ്രവര്‍ത്തനങ്ങളെ ബാധിക്കരുത് എന്ന് ഉറച്ച് വിശ്വസിക്കുന്നയാളുമാണെന്നും റഹീം പറഞ്ഞു. ഇംഗ്ലീഷിലെ പരിമിതി ചൂണ്ടിക്കാട്ടി ട്രോളുകള്‍ സൃഷ്ടിക്കുന്നവരോട് ഒരു വിരോധവുമില്ല. ഞാന്‍ അത് മെച്ചപ്പെടുത്താന്‍ ശ്രമിക്കും എന്നാണ് അവര്‍ക്കുള്‍പ്പടെ കൊടുക്കാനുള്ള ഉറപ്പ്. വന്ന ട്രോളുകള്‍ ഭാഷ കൂടുതല്‍ മെച്ചപ്പെടുത്താന്‍ തന്നെ പ്രാപ്തനാക്കുമെന്നും അതിന് അവരോടും എനിക്ക് നന്ദിയുണ്ടെന്നും റഹീം കൂട്ടിച്ചേര്‍ത്തു. ട്രോള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന വീഡിയോയുടെ ബാക്കി ഭാഗവും കൂടി പങ്കുവച്ചുകൊണ്ടായിരുന്നു റഹീമിന്റെ കുറിപ്പ്.
എ എ റഹീം എം പിയുടെ എഫ് ബി പോസ്റ്റ്:
എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്. ..
എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്.
പക്ഷേ,
മനുഷ്യരുടെ സങ്കടങ്ങള്‍ക്ക്
ഒരു ഭാഷയേ ഉള്ളൂ..
ഭരണകൂടഭീകരതയുടെ നേര്കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്ക് ചെന്നത്..
ശബ്ദമില്ലാത്ത,എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത് ആ യാത്രയെ കുറിച്ച്
ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ,
അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. .
ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു.
പുനരധിവാസത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.
എന്റെ ഇംഗ്ലീഷിലെ
വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല.എന്റെ ഭാഷ ഞാന്‍ തീര്‍ച്ചയായും ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തും.
പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ?
അവരെ ആരെയും ഇവിടെയെന്നല്ല,ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ല.
എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോള്‍,നിങ്ങളുടെ സര്‍ക്കാര്‍ പറഞ്ഞയച്ച ബുള്‍ഡോസറുകള്‍ തകര്‍ത്ത വീടുകളും,അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങള്‍ കാണാതെ പോകരുത്.
എന്റെ ഭാഷയെ ട്രോളുന്ന തിരക്കില്‍ ആ ദുര്‍ബലരായ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രക്ഷപ്പെടാന്‍ ശ്രമിക്കരുത്.
ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകും,
ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്തു പിടിക്കും.




