National
ഉന്നാവോ ബലാത്സംഗ കേസ്: നീതി ആവശ്യപ്പെട്ട് സമരം നടത്തിയ അതിജീവിതയും മാതാവും കുഴഞ്ഞുവീണു
മൂന്ന് മണിക്കൂറോളം സമരം ചെയ്തതിനു പിന്നാലെയാണ് ഇവര്‍ കുഴഞ്ഞുവീണത്. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ന്യൂഡല്‍ഹി | ഉന്നാവോ ബലാത്സംഗ കേസില്‍ നീതി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍ നടത്തിയ സമരത്തിനിടെ അതിജീവിതയും മാതാവും കുഴഞ്ഞുവീണു. മൂന്ന് മണിക്കൂറോളം സമരം ചെയ്തതിനു പിന്നാലെയാണ് ഇവര്‍ കുഴഞ്ഞുവീണത്. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേസില്‍ അന്വേഷണം നടത്തിയ സി ബി ഐ ഉദ്യോഗസ്ഥര്‍ കേസിലെ പ്രതിയും ബി ജെ പി നേതാവുമായ കുല്‍ദീപ് സെന്‍ഗാറുമായി ഒത്തുകളിച്ചെന്ന് അതിജീവിത ആരോപിച്ചു. ഹൈക്കോടതിയില്‍ സെന്‍ഗാറിന് അനൂകൂലമായ തീരുമാനത്തിനായിരുന്നു ഒത്തുകളി. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത സി ബി ഐക്ക് പരാതി നല്‍കിയിട്ടുണ്ട്. ആറ് പേജുള്ള പരാതിയാണ് നല്‍കിയത്.
അന്വേഷണം നടത്തുമ്പോള്‍ തന്നെ അട്ടിമറിക്ക് ശ്രമിച്ചു, അന്വേഷണത്തിലും കോടതി നടപടികളിലും ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തി, ഹൈക്കോടതിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ സി ബി ഐ അഭിഭാഷകര്‍ പരാജയപ്പെട്ടു, സെന്‍ഗാറിനെ സഹായിക്കുന്ന രീതിയില്‍ നിലപാട് എടുത്തു, തന്റെ മൊഴിയില്‍ കൃത്രിമത്വം കാണിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അതിജീവിത പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.


