Connect with us

literature

എഴുത്തിലെ രാഷ്ട്രതന്ത്രജ്ഞത

രണ്ടാം ലോകമഹായുദ്ധം സൃഷ്ടിച്ച സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നവയാണ് എൻസൻസ്ബർഗറിന്റെ രചനകൾ.

Published

|

Last Updated

വിശ്രുത ജർമൻ എഴുത്തുകാരനും ചിന്തകനുമായ ഹാൻസ് മാഗ്നസ് എൻസൻസ്ബർഗർ (Hans Magnus Enzensberger) വിടവാങ്ങി. കവിയും നിരൂപകനും പത്രാധിപരും നോവലിസ്റ്റും ബാലസാഹിത്യകാരനും വിവർത്തകനുമായിരുന്ന അദ്ദേഹം സമകാലിക ജർമൻ സാഹിത്യത്തിനും തത്വചിന്തക്കും നിസ്തുല സംഭാവനകൾ നൽകിയ പ്രതിഭയാണ്. ജർമനിയുടെ സാംസ്‌കാരികലോകത്ത് വലിയൊരു വിടവ് സൃഷ്ടിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ നവംബർ ഇരുപത്തിനാലിന് തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിൽ എൻസൻസ്ബർഗർ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞത്.

ജർമൻ സാഹിത്യത്തിന്റെയും തത്വചിന്തയുടെയും മേഖലയിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ട നിരവധി രചനകളുടെ സ്രഷ്ടാവാണ് ഹാൻസ് മാഗ്നസ് എൻസൻസ്ബർഗർ. യുദ്ധാനന്തര ജർമനിയിലെ ഏറ്റവും ശക്തനായ എഴുത്തുകാരൻ എന്ന നിലയിലാണ് അദ്ദേഹത്തെ അക്ഷരലോകം വിശേഷിപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം സൃഷ്ടിച്ച സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നവയാണ് എൻസൻസ്ബർഗറിന്റെ രചനകൾ. ജർമനിയിലെ ജീവിച്ചിരുന്ന കവികളിൽ ഏറ്റവും പ്രശസ്തനായിരുന്ന ഇദ്ദേഹത്തെ തേടിയെത്തിയത് ഒട്ടനവധി ദേശീയ ബഹുമതികളും പുരസ്‌കാരങ്ങളുമാണ്.

1929 നവംബർ പതിനൊന്നിന് ജർമനിയുടെ തെക്കൻ പ്രവിശ്യയിലെ കോഫ്ബ്യൂറൻ പട്ടണത്തിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ഹാൻസ് മാഗ്നസ് എൻസൻസ്ബർഗർ ജനിച്ചത്. ടെലികോം വകുപ്പിലെ സാങ്കേതിക വിദഗ്ധനായിരുന്നു പിതാവ്. അധ്യാപികയായിരുന്നു അമ്മ. സാഹിത്യത്തിലും തത്വചിന്തയിലും പഠനം നടത്തിയ ശേഷം പാരീസിലെ സോർബോൺ സർവകലാശാലയിൽനിന്നും അദ്ദേഹം ഡോക്ടറേറ്റ് നേടി. കുറേക്കാലം അവിടുത്തെ ഒരു പട്ടണത്തിൽ റേഡിയോ എഡിറ്ററായി സേവനമനുഷ്ഠിച്ചു. ഇതിനിടെ എഴുത്തിന്റെ മേഖലയിലും അദ്ദേഹം സാന്നിധ്യമുറപ്പിച്ചു. ജർമനിയിലെ എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും സംഘടനയായ ഗ്രൂപ്പ് 47ന്റെ സ്ഥാപകാംഗമായിരുന്നു എൻസൻസ്ബർഗർ. 1947 മുതൽ 1967 വരെ ജർമൻ സാഹിത്യത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന സംഘടനയായിരുന്നു ഗ്രൂപ്പ് 47. പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലും അവരുടെ രചനകൾ പ്രസിദ്ധീകരിക്കുന്നതിലും ഈ സംഘടന വലിയ പങ്കു വഹിച്ചിരുന്നു. 1968ലെ വിദ്യാർഥി വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണങ്ങളും ശക്തമായ സ്വാധീനമാണ് ചെലുത്തിയത്. നോർവേ, ഇറ്റലി, മെക്സിക്കോ, യു എസ് തുടങ്ങിയ നിരവധി രാജ്യങ്ങളിൽ പലപ്പോഴായി അദ്ദേഹം താമസിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ ഹിറ്റ്‌ലറുടെ യുവസേനയിൽ അംഗമായെങ്കിലും അധികം വൈകാതെ അദ്ദേഹത്തെ പിരിച്ചുവിടുകയാണുണ്ടായത്. അതിന്റെ കാരണം പിൽക്കാലത്ത് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. “ഒരു നല്ല സേനാനിയാകാൻ എനിക്കൊരിക്കലും കഴിയുമായിരുന്നില്ല. വരിയിൽ നിൽക്കുക എന്നത് എന്നെ സംബന്ധിച്ച് അസാധ്യമായൊരു കാര്യമാണ്. അതെന്റെ കഴിവുകേടായിരിക്കാം. പക്ഷേ, എനിക്ക് അങ്ങനെയല്ലാതെ കഴിയില്ല എന്നതാണ് സത്യം.’

കവിതകൾ എഴുതിക്കൊണ്ട് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ച എൻസൻസ്ബർഗറിന്റെ ആദ്യ പുസ്തകം 1957 ൽ പ്രസിദ്ധീകരിച്ച Defence of the Wolves എന്ന കവിതാസമാഹാരമാണ്‌. 1962 ൽ ലേഖനങ്ങളുടെ സമാഹാരമായ Details വെളിച്ചം കണ്ടു. നിരൂപകരിൽനിന്നും ആസ്വാദകരിൽനിന്നും ഒരേ സമയം കല്ലേറും പൂമാലയും നേടിയ രചനയായിരുന്നു അത്. കണക്കിന്റെ കളികളാണ്, ഗണിതശാസ്ത്രത്തിൽ വലിയ ഭ്രമമുണ്ടായിരുന്ന എൻസൻസ്ബർഗറിന്റെ The Number Devil എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ രചനയെന്ന നിലയിൽ ഏറെ പ്രശസ്തി നേടിയ പുസ്തകമാണിത്. ‘The Sinking of the Titanic’ അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ നാടകമാണ്. സാഹിത്യത്തെക്കുറിച്ചും സാമൂഹികശാസ്ത്ര വിഷയങ്ങളെക്കുറിച്ചുമുള്ള ലേഖനങ്ങളാണ് Critical Essays എന്ന പുസ്തകത്തിലെ പ്രതിപാദ്യം. A History of Clouds: 99 Meditations ഏറ്റവും പുതിയ കാവ്യസമാഹാരമാണ്. The Silences of Hammerstein, Tumult, A History of Clouds, Mr. Zed’s Reflections, Gone but not Forgotten, Politics and Crime, The Consciousness Industry; On Literature Politics and the Media, The Havana Inquiry എന്നിവയാണ് മറ്റു ശ്രദ്ധേയ രചനകൾ. മികച്ച ഒരു പത്രാധിപർ കൂടിയായിരുന്നു എൻസൻസ്ബർഗർ. Kursbuch, Transatlantic എന്നിവ അദ്ദേഹത്തിന്റെ പത്രാധിപപ്രതിഭയെ അടയാളപ്പെടുത്തിയ ആനുകാലികങ്ങളാണ്. രാഷ്ട്രീയവും ഗണിതശാസ്ത്രവും അദ്ദേഹത്തിന്റെ ഒട്ടേറെ എഴുത്തുകൾക്കും പ്രഭാഷണങ്ങൾക്കും വിഷയമായിട്ടുണ്ട്.

സാഹിത്യത്തിൽ മാത്രം ഒതുങ്ങിനിന്ന പ്രതിഭയായിരുന്നില്ല എൻസൻസ്ബർഗറുടേത്. സമകാലിക ജർമനിയുടെ സർവമേഖലകളെയും അദ്ദേഹം സൂക്ഷ്മ നിരീക്ഷണത്തിനും വിശകലനത്തിനും വിധേയമാക്കി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള യൂറോപ്പിന്റെ സാമൂഹിക രാഷ്ട്രീയ സ്ഥിതിഗതികളെ അദ്ദേഹം ആഴത്തിൽ പഠിച്ചു. അവയെ സംബന്ധിച്ച് നിരവധി ലേഖനങ്ങൾ എഴുതുകയും ഒട്ടേറെ വേദികളിൽ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. കവിതകളിൽ അദ്ദേഹം പ്രയോഗിച്ച ആക്ഷേപഹാസ്യവും ഐറണിയും ഏറിയോ കുറഞ്ഞോ അദ്ദേഹത്തിന്റെ രാഷ്ട്രീയ ലേഖനങ്ങളുൾപ്പെടെയുള്ള ഇതര രചനകളിലും പ്രതിഫലിക്കുന്നത് കാണാം. എഴുത്തിൽ എൻസൻസ്ബർഗർ പുലർത്തിയ ഉന്നതമായ രാഷ്ട്രതന്ത്രജ്ഞത, അദ്ദേഹത്തിന്റെ വിശകലനങ്ങളെയും നിഗമനങ്ങളേയും രാജ്യാന്തരതലത്തിൽത്തന്നെ ശ്രദ്ധേയമാക്കിയിരുന്നു. യുദ്ധാനന്തര യൂറോപ്പിന്റെ പൊതുവെയും ജർമനിയുടെ വിശേഷിച്ചുമുള്ള സാമ്പത്തിക നൈതിക വിഷയങ്ങളിൽ എൻസൻസ്ബർഗർ രൂപപ്പെടുത്തിയ കാഴ്ചപ്പാടുകളെ ലോകം എന്നും വിലമതിച്ചിട്ടുണ്ട് എന്നതിന് ഈ വിഷയങ്ങളിൽ അദ്ദേഹം പ്രസിദ്ധീകരിച്ച നിരവധി അന്താരാഷ്ട്ര പ്രബന്ധങ്ങൾ അടിവരയിടുന്നുണ്ട്.

ഇംഗ്ലീഷിലും ജർമനിലുമായി എഴുപതിലേറെ പുസ്തകങ്ങളുടെ രചയിതാവായ ഹാൻസ് മാഗ്നസ് എൻസൻസ്ബർഗർ ലോകരാഷ്ട്രങ്ങളിൽ പരക്കെ വായിക്കപ്പെടുന്ന എഴുത്തുകാരനാണ്. നാൽപ്പതിലേറെ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ രചനകളിൽ മിക്കവയും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യുദ്ധാനന്തര ജർമൻ സാഹിത്യമണ്ഡലത്തിലെ പ്രതിഭാശാലിയും ബഹുമുഖ പ്രതിഭയുമായ എഴുത്തുകാരൻ എന്നാണ് സാംസ്കാരിക ലോകം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ എൻസൻസ്ബർഗറിന്റെ വിയോഗം ജർമനിയുടെ അക്ഷരലോകത്ത് സൃഷ്‌ടിച്ച സാംസ്‌കാരികവിടവ് അടുത്ത കാലത്തൊന്നും നികത്തപ്പെടുകയില്ല എന്നത് വസ്തുതയാണ്.