Kerala
ശിരോവസ്ത്ര വിവാദം: കുട്ടിയുടെ ടിസി വാങ്ങും, വ്യാജ പ്രചാരണങ്ങളില്‍ നിയമ നടപടി; പിതാവ് അനസ്
കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് അതിനെതിരെ നിയമനടപടി സ്വീകരിക്കും

കൊച്ചി ശിരോവസ്ത്ര വിവാദത്തില്‍ പ്രതികരണവുമായി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവും അഭിഭാഷകനും. കുട്ടിയെ ടിസി വാങ്ങി മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുമെന്ന് പിതാവ് പി എം അനസ് പറഞ്ഞു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെന്നും പിതാവ് വ്യക്തമാക്കി. മതേതര വസ്ത്രങ്ങള്‍ അനുവദനീയമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്റെ മകള്‍ ധരിച്ച ഷാള്‍ മതേതരമല്ലേ എന്നും പിതാവ് ചോദിച്ചു. കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുട്ടിയുടെ പിതാവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
ശിരോവസ്ത്ര വിഷയത്തില്‍ സ്‌കൂളിന് സംരക്ഷണം നല്‍കിയ ഹൈക്കോടതിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഹെലീന ആല്‍ബി ഇന്ന് രാവിലെ നന്ദി അറിയിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിക്കും നന്ദി അറിയിച്ചിരുന്നു. സ്‌കൂളിലെ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറാണെങ്കില്‍ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളില്‍ പഠനം തുടരാം. കുട്ടികള്‍ക്ക് വേണ്ടതെല്ലാം സ്‌കൂള്‍ നല്‍കുന്നുണ്ട്. കുട്ടി സ്‌കൂളില്‍ നിന്ന് ടിസി വാങ്ങാന്‍ തീരുമാനിച്ച കാര്യം അറിയില്ല. കോടതിയെയും സര്‍ക്കാരിനെയും ബഹുമാനിക്കുന്നു. കോടതിയുടെ മുന്നിലുള്ള വിഷയങ്ങളില്‍ നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും സിസ്റ്റര്‍ ഹെലീന പറഞ്ഞു.
അതേസമയം ശിരോവസ്ത്ര വിവാദത്തില്‍ സെന്റ് റീത്താസ് ഹൈസ്‌കൂള്‍ മാനേജ്മെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. കുട്ടി സ്‌കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിന്‍സിപ്പാളാണ്. പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളില്‍ തുടരാന്‍ മകള്‍ക്ക് താല്‍പര്യമില്ലെന്നും കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്നും പിതാവ് അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കുട്ടിക്ക് ആ സ്‌കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവുമുണ്ട്. എന്തിന്റെ പേരിലാണ് കുട്ടി സ്‌കൂളിലേക്ക് പോകാത്തതെന്നും ആരുടെ വീഴ്ച്ച കാരണമാണ് പോകാത്തതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടി അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം വളരെ വലുതാണ്. ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും സംരക്ഷണം നല്‍കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. കുട്ടിയെ വിളിച്ച് ആ പ്രശ്നം തീര്‍ക്കാന്‍ ശ്രമിക്കണം.
യൂണിഫോമിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ആവശ്യമില്ല. എന്നാല്‍, സ്‌കൂളിന് മാന്യമായി പ്രശ്നം പരിഹരിക്കാന്‍ സാഹചര്യം ഉണ്ടായിരുന്നു.ശിരോവസ്ത്രം ധരിച്ച് നില്‍ക്കുന്ന അധ്യാപികയാണ് കുട്ടി ഇത് ധരിക്കരുതെന്ന് പറഞ്ഞത്. അതാണ് വലിയ വിരോധാഭാസമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷനേതാവിന് എന്റെ നിലപാട് ശരിയായിരുന്നു എന്ന് പറയാന്‍ കഴിയില്ലല്ലോ. ഇത്തരം ഒരു വിഷയം ഉണ്ടായാല്‍ ആളി കത്തിക്കുക എന്നതല്ല. ഇടപെടുക അല്ലേ സര്‍ക്കാരിന്റെ ചുമതലയെന്നും മന്ത്രി ചോദിച്ചു.