Kerala
പൊതുസ്ഥലത്തെ മദ്യപാനം പോലീസില്‍ അറിയിച്ചു; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ വീട്ടില്‍ കയറി മര്‍ദ്ദിച്ച പ്രതികള്‍ പിടിയില്‍
വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയില്‍ കഴിഞ്ഞു വരുന്ന രവിതയ്ക്ക് പ്രതികളുടെ ആക്രമണത്തില്‍ ശാരീരിക അസ്വസ്ഥതയുണ്ടാവുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു.

പത്തനംതിട് | വീടിനടുത്ത് പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്ന വിവരം പോലീസില്‍ അറിയിച്ചതിന്റെ വൈരാഗ്യത്തില്‍ വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ച രണ്ട് യുവാക്കളെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വായ്പ്പൂര് കുളത്തൂര്‍ നടുഭാഗം ഒരയ്ക്കല്‍പാറ ഓ എം അനൂപ്(39), വായ്പൂര് കുളത്തൂര്‍ കിടാരക്കുഴിയില്‍ വീട്ടില്‍ കെ ജി സൈജു(43) എന്നിവരാണ് പിടിയിലായത്.
കോട്ടാങ്ങല്‍ കുളത്തൂര്‍ പുത്തൂര്‍ വീട്ടില്‍ വത്സല രാധാകൃഷ്ണനെയും മകള്‍ രവിതയെയുമാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയില്‍ കഴിഞ്ഞു വരുന്ന രവിതയ്ക്ക് പ്രതികളുടെ ആക്രമണത്തില്‍ ശാരീരിക അസ്വസ്ഥതയുണ്ടാവുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ അനൂപും സൈജുവും ഓടിപ്പോയി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ ബി സജീഷ് കുമാര്‍, എസ് സി പി ഓ സോണിമോന്‍ ജോസഫ് അന്വേഷണത്തിന് നേതൃത്വം നല്‍കി.