Connect with us

Editorial

പി എം ശ്രീയും വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് മാറ്റവും

വിദ്യാഭ്യാസ മേഖലക്ക് ലഭിക്കേണ്ട വിഹിതം നേടിയെടുക്കേണ്ടതു തന്നെ. അതുപക്ഷേ കേന്ദ്രത്തിന് കീഴടങ്ങിയാകരുത്, നിയമപരമായ പോരാട്ടത്തിലൂടെയാകണം.

Published

|

Last Updated

ഇടതു മുന്നണിയിലെ വിശദ ചര്‍ച്ചക്കു ശേഷം മാത്രമേ കേരളത്തില്‍ പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ അന്തിമ നിലപാട് എടുക്കുകയുള്ളൂവെന്ന ഇടതു മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. പദ്ധതിയില്‍ ചേരാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഏകപക്ഷീയ നിലപാടിനെതിരെ സി പി ഐ രംഗത്തുവന്ന സാഹചര്യത്തിലാണ് ഇടതു മുന്നണി കണ്‍വീനറുടെ പ്രസ്താവന. കേന്ദ്രത്തില്‍ നിന്നുള്ള അര്‍ഹമായ വിഹിതം ലഭ്യമാക്കുന്നതിന് പദ്ധതിയുമായി സഹകരിക്കാന്‍ തീരുമാനിച്ച വിവരം വിദ്യാഭ്യാസ മന്ത്രിയാണ് അറിയിച്ചത്. പദ്ധതി അംഗീകരിക്കാത്തതിനെ ചൊല്ലി സമഗ്ര ശിക്ഷാ അഭിയാന്‍ പ്രകാരം കേരളത്തിന് ലഭിക്കാനുള്ള വിഹിതമുള്‍പ്പെടെ 1,466 കോടിയുടെ സഹായം തടഞ്ഞുവെച്ചിരിക്കുകയാണ് കേന്ദ്രം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ അത് നഷ്ടപ്പെടുത്താനാകില്ലെന്നാണ് മന്ത്രി പറയുന്നത്.

വിദ്യാഭ്യാസ വകുപ്പിന്റെ ഈ നീക്കത്തോട് രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് സി പി ഐ. ഇതുവരെ പദ്ധതിയില്‍ ഒപ്പിടാതെ ചെറുത്തുനിന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടുമാറ്റം കീഴടങ്ങലായാണ് സി പി ഐ കാണുന്നത്. ഇടതുപക്ഷത്തിന്റെ മേതതര കാഴ്ചപ്പാടുമായി ഒത്തുപോകുന്നതല്ല പി എം ശ്രീ പദ്ധതിയെന്നതിനാല്‍ അംഗീകരിക്കാനാകില്ലെന്ന് പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കുന്നു. പദ്ധതിയുടെ ഭാഗമായാല്‍ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയ സമീപനം ഇല്ലാതാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സമഗ്ര ശിക്ഷാ അഭിയാന്‍ വഴി കിട്ടേണ്ട തുക കേരളത്തിന് ലഭിക്കേണ്ടതാണെങ്കിലും കേന്ദ്രത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വഴങ്ങിയല്ല അത് നേടിയെടുക്കേണ്ടത്.

60 ശതമാനം കേന്ദ്ര വിഹിതത്തോടെ നടപ്പാക്കേണ്ട ഈ പദ്ധതി ഭാവിയില്‍ സംസ്ഥാനത്തിന് ബാധ്യതയായി മാറുമോ എന്നും ആശങ്കയുണ്ട്. തുടക്കത്തില്‍ കേന്ദ്രം കൂടുതല്‍ വിഹിതം വഹിക്കും. ക്രമേണ അവരുടെ വിഹിതം കുറക്കുകയും പദ്ധതിയുടെ നടത്തിപ്പ് പൂര്‍ണമായും സംസ്ഥാനത്തിന്റെ ബാധ്യതയായി തീരുകയും ചെയ്യും. ഇതാണ് പല കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും അവസ്ഥ. ആശാ വര്‍ക്കര്‍മാരുടെ വേതന കാര്യത്തില്‍ ഇതാണ് സംഭവിച്ചത്.

രാജ്യത്തെ പ്രത്യേകം തിരഞ്ഞെടുത്ത 14,500 സ്‌കൂളുകളുടെ നവീകരണത്തിനെന്ന പേരില്‍ 2022ലെ ദേശീയ അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ് പി എം ശ്രീ (പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ) പദ്ധതി. സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, ആധുനിക സാങ്കേതിക വിദ്യകള്‍, ഡിജിറ്റല്‍ ലാബ്, മികച്ച ലൈബ്രറി, കലാ- കായിക രംഗത്ത് മികച്ച പരിശീലനം, പരിസ്ഥിതി സൗഹൃദ സൗകര്യങ്ങള്‍, നവീന പാഠ്യപദ്ധതിയും ടെക്നോളജിയും ആധാരമാക്കി അധ്യാപകര്‍ക്ക് പരിശീലനം തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട് പദ്ധതിയില്‍ കേന്ദ്രം. 60 ശതമാനം കേന്ദ്ര വിഹിതമായിരിക്കും. 40 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കണം.

പ്രത്യക്ഷത്തില്‍ ആകര്‍ഷണീയവും ഗുണകരവുമാണ് പദ്ധതിയെങ്കിലും ചില സംഘ്പരിവാര്‍ അജന്‍ഡകള്‍ ഒളിഞ്ഞിരിപ്പുണ്ട് പദ്ധതിയിലെന്നാണ് വിലയിരുത്തല്‍. പി എം ശ്രീ നടപ്പാക്കുന്ന സ്‌കൂളുകളിലെ പാഠ്യപപദ്ധതി ആവിഷ്‌കരിക്കുന്നത് കേന്ദ്രമായതിനാല്‍ വിദ്യാഭ്യാസം കാവിവത്കരിക്കപ്പെടാന്‍ സാധ്യതയുണ്ട്. കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ അവകാശമാണ്. പി എം ശ്രീ പദ്ധതി വഴി കേന്ദ്രത്തിന് നേരിട്ട് സ്‌കൂളുകളില്‍ ഇടപഴകാന്‍ അവസരം ലഭിക്കുന്നതോടെ വിദ്യാഭ്യാസത്തിലും അതിന്റെ നയങ്ങള്‍ രൂപപ്പെടുത്തുന്നതിലും സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം പരിമിതപ്പെടും. ബി ജെ പിയേതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു തുടക്കത്തില്‍. ക്രമേണ കേന്ദ്ര ഫണ്ട് നഷ്ടപ്പെടാതിരിക്കാന്‍ പല സംസ്ഥാനങ്ങളും പദ്ധതിയില്‍ ചേര്‍ന്നെങ്കിലും തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവര്‍ക്കൊപ്പം കേരളം പദ്ധതിക്കെതിരെ ഉറച്ച നിലപാടായിരുന്നു ഇതുവരെയും സ്വീകരിച്ചത്. തമിഴ്നാടും പശ്ചിമ ബംഗാളും ഇപ്പോഴും അവരുടെ പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും രാജ്യത്തിന്റെ ഫെഡറലിസവും മതേതര നിലപാടും തകര്‍ക്കുന്ന പദ്ധതിക്കെതിരെ കടുത്ത പോരാട്ടം നടത്തുകയും ചെയ്യുമ്പോള്‍ കേരളം കേന്ദ്രത്തിന് വഴങ്ങുന്നത് മതേതര കേരളത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസത്തെ കാവിവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രം രൂപം നല്‍കിയ ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായി രൂപപ്പെടുത്തിയ പി എം ശ്രീ പദ്ധതി അംഗീകരിക്കില്ലെന്നായിരുന്നു ഇക്കാലമത്രയും സി പി എമ്മിന്റെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും നിലപാടെന്നത് പ്രസ്താവ്യമാണ്. കേരളത്തിന്റെ നയങ്ങള്‍ക്കനുസൃതമായി മാത്രമായിരിക്കും പി എം ശ്രീ ഫണ്ട് വിനിയോഗിക്കുകയെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. എന്നാല്‍ അങ്ങനെ വിനിയോഗിക്കാന്‍ സാധിക്കുന്ന തരത്തിലല്ല അതിലെ വ്യവസ്ഥകള്‍. വിദ്യാഭ്യാസ മേഖലക്ക് ലഭിക്കേണ്ട വിഹിതം നേടിയെടുക്കേണ്ടതു തന്നെ. അതുപക്ഷേ കേന്ദ്രത്തിന് കീഴടങ്ങിയാകരുത്, നിയമപരമായ പോരാട്ടത്തിലൂടെയാകണം.

പി എം ശ്രീ പദ്ധതി സ്‌കൂളുകളുടെ ഭൗതിക വികസനത്തിനും സാങ്കേതിക മുന്നേറ്റത്തിനും വഴിതെളിയിച്ചേക്കാം. ഈ പുരോഗതിക്കപ്പുറം ബൗദ്ധികവും ചിന്താപരവുമായ വളര്‍ച്ചക്കായിരിക്കണം വിദ്യാഭ്യാസത്തില്‍ ഊന്നല്‍ നല്‍കേണ്ടത്. ബഹുസ്വര സംസ്‌കാരവും മതേതരത്വത്തിലധിഷ്ഠിതമായ ഭരണഘടനയും നിലനില്‍ക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് പ്രത്യേകിച്ചും. ഒരു രാഷ്ട്രത്തിന്റെ ബൗദ്ധികവും മൂല്യപരവുമായ അടിത്തറയാണ് വിദ്യാഭ്യാസം. അതിനെ കക്ഷിരാഷ്ട്രീയാഭിലാഷങ്ങള്‍ക്കും സ്വേഛാധിപത്യ താത്പര്യങ്ങള്‍ക്കും ആധാരമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയവത്കരണമാകരുത് മനുഷ്യവത്കരണമായിരിക്കണം വിദ്യാഭ്യാസ രംഗത്ത് ലക്ഷ്യം വെക്കേണ്ടത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സഹകരണം ആവശ്യമാണ്.

 

---- facebook comment plugin here -----

Latest