Aksharam Education
പ്ലാസ്മ ജീവനാഡി
പ്ലാസ്മ കൈമാറുന്നതിലൂടെ ഒരു വ്യക്തിയുടെ ആന്റിബോഡികൾ പുനർനിർമിക്കാൻ സാധിക്കും. ക്യാൻസർ ചികിത്സയെ പിന്തുണക്കാനും ഗർഭധാരണത്തെ സംരക്ഷിക്കാനും കുഞ്ഞുങ്ങളുടെ ഹൃദയമിടിപ്പിനെ സ്വാധീനിക്കാനും പ്ലാസ്മക്ക് കഴിയും.
രക്തകോശങ്ങൾ, പോഷകങ്ങൾ, മാലിന്യങ്ങൾ, പ്രോട്ടീനുകൾ, ഹോർമോണുകൾ, ഇലക്ട്രോലൈറ്റുകൾ തുടങ്ങിയ വസ്തുക്കൾ ശരീരത്തിൽ ഉടനീളം എത്തിക്കുന്ന രക്തത്തിൽ അടങ്ങിയിരിക്കുന്ന ദ്രാവകമാണ് പ്ലാസ്മ.
രക്തത്തിന്റെ ആകെ അളവിൽ 55 ശതമാനം വരുന്ന സുപ്രധാന ഘടകം കൂടിയാണ് പ്ലാസ്മ. പ്ലാസ്മയിൽ ഭൂരിഭാഗവും വെള്ളമാണ്. ബാക്കി 45 ശതമാനം ചുവന്ന രക്താണുക്കളും വെളുത്ത രക്താണുക്കളും പ്ലേറ്റ്‌ലറ്റുകളുമാണ്. രക്തത്തിൽ ഇളം ആമ്പർ നിറമുള്ള ഘടകമാണിത്. ഇതിൽ അണുബാധയെ ചെറുക്കുന്ന ഇമ്മ്യൂണോ ഗ്ലോബുലിൻ എന്നറിയപ്പെടുന്ന ആന്റിബോഡികൾ അടങ്ങിയിട്ടുണ്ട്.
അപൂർവ രോഗങ്ങൾ, ജനിതക പ്രശ്നങ്ങൾ എന്നിവയുള്ള ആളുകളെ സഹായിക്കുന്നതിനുള്ള മരുന്നുകളായി ഈ ആന്റിബോഡികൾ ഉപയോഗിക്കുന്നുണ്ട്.
പ്ലാസ്മ കൈമാറുന്നതിലൂടെ ഒരു വ്യക്തിയുടെ ആന്റിബോഡികൾ പുനർനിർമിക്കാൻ സാധിക്കും. ക്യാൻസർ ചികിത്സയെ പിന്തുണക്കാനും ഗർഭധാരണത്തെ സംരക്ഷിക്കാനും കുഞ്ഞുങ്ങളുടെ ഹൃദയമിടിപ്പിനെ സ്വാധീനിക്കാനും പ്ലാസ്മക്ക് കഴിയും.
ധർമങ്ങൾ
കോശങ്ങളുടെയും പോഷകങ്ങളുടെയും വഹനം
രക്തകോശങ്ങൾ, പോഷകങ്ങൾ, ഹോർമോണുകൾ, എൻസൈമുകൾ എന്നിവയെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയും കോശങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്ന അവയവങ്ങളായ വൃക്ക, കരൾ, ശ്വാസകോശം എന്നിവയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു.
രോഗപ്രതിരോധം
രോഗാണുക്കളെ ചെറുക്കുന്ന ആന്റിബോഡികൾ പ്ലാസ്മയിൽ അടങ്ങിയിരിക്കുന്നു.
രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു
മുറിവുണ്ടാകുമ്പോൾ രക്തസ്രാവം തടയാൻ സഹായിക്കുന്ന ഫൈബ്രിനോജൻ പോലുള്ള കട്ടപിടിപ്പിക്കുന്ന ഘടകങ്ങൾ ഇതിലുണ്ട്.
സന്തുലിതാവസ്ഥ നിലനിർത്തുന്നു
ശരീരത്തിലെ ദ്രാവകങ്ങളുടെ അളവ്, താപനില, പി എച്ച് നില എന്നിവ കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു.
ചുരുക്കത്തിൽ, രക്ത പ്ലാസ്മ നമ്മുടെ ശരീരത്തിലെ ജീവനാഡിയാണ്. ഇത് ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ ഘടകങ്ങളെയും വൈഹിക്കുകയും വിവിധ സുപ്രധാന ധർമങ്ങൾ നിർവഹിക്കുകയും ചെയ്യുന്നു.





