Connect with us

Kerala

ഐ ടി മേഖലയില്‍ കുതിച്ചുചാട്ടത്തിന് പദ്ധതികള്‍; കണ്ണൂരില്‍ പുതിയ ഐടിപാര്‍ക്ക്; നാല് ഐടി ഇടനാഴികള്‍

ഉയര്‍ന്ന ജീവിതനിലവാരം, താഴ്ന്ന സാമ്പത്തിക വളര്‍ച്ച, കുറഞ്ഞ് വരുന്ന സ്ഥല ലഭ്യത, പരിസ്ഥിതി ദുര്‍ബലത എന്നീ അവസ്ഥ നിലനില്‍ക്കുന്ന കേരളത്തിന് അനുയോജ്യമായ വ്യവസായമാണ് ഐ ടി.

Published

|

Last Updated

കോഴിക്കോട് | ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നു നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഐ ടി മേഖലയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുമെന്നാണു കരുതുന്നത്.
ഐടി മേഖലയില്‍ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണു മന്ത്രി പ്രഖ്യാപിച്ചത്. കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക് ഇതില്‍ പ്രധാനപ്പെട്ടതാണ്. എറണാകുളം-കൊരട്ടി, എറണാകുളം-ചേര്‍ത്ത, കോഴിക്കോട്-കണ്ണൂര്‍ എന്നിവിടങ്ങളിലെ ഐടി ഇടനാഴികള്‍ വിപുലീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ഉയര്‍ന്ന ജീവിതനിലവാരം, താഴ്ന്ന സാമ്പത്തിക വളര്‍ച്ച, കുറഞ്ഞ് വരുന്ന സ്ഥല ലഭ്യത, പരിസ്ഥിതി ദുര്‍ബലത എന്നീ അവസ്ഥ നിലനില്‍ക്കുന്ന കേരളത്തിന് അനുയോജ്യമായ വ്യവസായമാണ് ഐ ടി. കേരളത്തിന്റെ വികസന കുതിപ്പിന് ഐ.ടി. മേഖലയ്ക്ക് വളരെ സുപ്രധാന പങ്ക് വഹിക്കാനാകുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തില്‍ നിന്നുള്ള ഐ ടി പ്രഫഷണലുകള്‍ ഇന്ന് വന്‍തോതില്‍ പുറത്തേക്ക് ഒഴുകുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ക്ലൗഡ് കംപ്യൂട്ടിങ്ങ് എന്നിവയുടെ അടിസ്ഥാനത്തില്‍ നൂതന സേവനങ്ങളും പ്രോഡക്ടുകളും വികസിപ്പിക്കാന്‍ കഴിഞ്ഞാല്‍ വിദഗ്ധരായ ലക്ഷക്കണക്കിന് പേര്‍ക്കു കേരളത്തില്‍ തന്നെ തൊഴില്‍ നല്‍കാന്‍ കഴിയും.

ഇതിനുള്ള നയപരവും ഭരണപരവുമായ ശ്രമങ്ങളാണ് ബജറ്റിലൂടെ യാഥാര്‍ഥ്യമാകുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം, പൊതു വിദ്യാഭ്യാസം, വിദൂരവിദ്യാഭ്യാസം, മെഡിക്കല്‍-എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നൈപുണ്യ വികസനപരിപാടികള്‍, ക്രിമിനോളജി, ദുരന്തനിവാരണം, ടെലിമെഡിസിന്‍, പൊതുഭരണം, ഭൂമി ഇടപാടുകള്‍, രജിസ്‌ട്രേഷന്‍ തുടങ്ങി എല്ലാ മേഖലകളിലും ഗുണനിലവാരമുള്ള ഐ.ടി. അധിഷ്ഠിത സേവനങ്ങള്‍ക്ക് വലിയ സാധ്യതകളുണ്ട്. ഈ സാധ്യതകളെ പ്രയോജനപ്പെടുത്തിയാല്‍ ലക്ഷക്കണക്കിന് പുതിയ തൊഴില്‍ അവസരങ്ങളാണ് കേരളത്തില്‍ സൃഷ്ടിക്കാന്‍ പോകുന്നത്.

കണ്ണൂര്‍ വിമാനത്താവളം വികസിച്ചതോടുകൂടി കണ്ണൂരില്‍ ഐടി വ്യവസാത്തിന് സാധ്യതകളുണ്ടാകും. കൊല്ലത്ത് അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി മേഖല സ്ഥാപിക്കും. ഐടി ഇടനാഴിയില്‍ സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും. ഐടി കേന്ദ്രങ്ങള്‍ക്കായി പദ്ധതിയില്‍ പറഞ്ഞ തുകയ്ക്ക് പുറമെ കിഫ്ബി വഴി 100 കോടി രൂപ നല്‍കും. ഐടി, ഐടി ഇതര വ്യവസായങ്ങള്‍ക്കായി മതിയായ പരിശീലനം നേടിയവരെ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാന്‍, ഇന്റേണ്‍ഷിപ്പ് എന്ന നിലയില്‍ അഭ്യസ്ഥവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐടി സ്ഥാപനങ്ങളില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടി ആരംഭിക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ പുതിയ തലമുറ ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്.

വേഗതയാര്‍ന്ന യാത്രാ സംവിധാനം അടിസ്ഥാന സൗകര്യങ്ങള്‍ ഐ ടി കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. സില്‍വര്‍ ലൈന്‍ റെയില്‍ അടക്കമുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിനുപിന്നില്‍ തൊഴില്‍ സാധ്യതയുടെ വളര്‍ച്ചയും ലക്ഷ്യമിടുന്നുണ്ട്.

 

---- facebook comment plugin here -----

Latest