Kerala
നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടല്‍; കാന്തപുരത്തിന് അഭിനന്ദനവുമായി പി ഡി പി
കാന്തപുരത്തിന്റെ ഇടപെടല്‍ ആശ്വാസകരം. കേരളത്തിന്റെ മാനവികതക്ക് അഭിമാനകരമാണ് ഇതെന്നും പി ഡി പി കേന്ദ്ര കമ്മിറ്റി.

തിരുവനന്തപുരം | യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കാനും മോചനത്തിനുള്ള വഴി തുറക്കാനും തന്റെ പണ്ഡിത ദൗത്യവും ലോക രാഷ്ട്രത്തലവന്മാരുമായുള്ള ബന്ധങ്ങളും ഉപയോഗിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ അഭിനന്ദിച്ച് പി ഡി പി കേന്ദ്രകമ്മിറ്റി.
കരുണ തേടി ഇന്ത്യന്‍ സര്‍ക്കാരിനോടുള്ള നിമിഷപ്രിയയുടെ കുടുംബത്തിന്റെയും സംസ്ഥാനത്തിന്റെയും അഭ്യര്‍ഥന അടഞ്ഞ അധ്യായമാവുകയാണ് ചെയ്തത്. യെമനില്‍ ഇന്ത്യന്‍ എംബസ്സിയുടെ അപര്യാപ്തയാണ് കാരണമെന്ന നിസ്സഹായതയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രകടിപ്പിച്ചത്.
ഈ സാഹചര്യത്തില്‍ കാന്തപുരത്തിന്റെ ഇടപെടലാണ് ആശ്വാസകരമായി തീര്‍ന്നത്. കേരളത്തിന്റെ മാനവികതക്ക് അഭിമാനകരമാണ് ഇതെന്നും പി ഡി പി കേന്ദ്ര കമ്മിറ്റി പ്രസ്താവിച്ചു.