Connect with us

parallel telephone exchange

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: കണ്ടെത്തിയത് പോപുലർ ഫ്രണ്ട്, വിസ്ഡം നോട്ടീസുകൾ

ചൊവ്വാഴ്ച വൈകിട്ടായിരുന്നു പരിശോധന.

Published

|

Last Updated

പാലക്കാട് | മേട്ടുപാളയം സ്ട്രീറ്റില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ച മുറിയില്‍ നിന്ന് കണ്ടെത്തിയത് ഐ എസ് നോട്ടീസുകളല്ലെന്നും പോപുലര്‍ ഫ്രണ്ടിന്റെയും മുജാഹിദ് വിസ്ഡം ഗ്രൂപ്പിന്റെയും നോട്ടീസുകളാണെന്നും പോലീസ്. കേന്ദ്ര അന്വേഷണ ഏജന്‍സി സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ലഘുലേഖകള്‍ വിശദമായി പരിശോധിക്കുന്നുണ്ട്. അയോധ്യ വിഷയത്തില്‍ പ്രതിഷേധിച്ചുള്ള നോട്ടീസും പോലീസ് വെടിവെപ്പില്‍ മരിച്ച സിറാജുന്നീസയുടെ മരണവുമായി ബന്ധപ്പെട്ട നോട്ടീസുമാണ് കണ്ടെത്തിയത്.

ബെംഗളൂരുവിലും കോഴിക്കോടും സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പാലക്കാട്ടെ കേന്ദ്രത്തെ കുറിച്ച് വിവരം ലഭിച്ചത്. ആയുര്‍വേദ മരുന്ന് കടയുടെ മറവില്‍ നാല് വര്‍ഷമായി എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നു. സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോയും നോര്‍ത്ത് പോലീസും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറിയത്. ഇവിടെ നിന്ന് എട്ട് സിം കാര്‍ഡുകളും സിം കാര്‍ഡുകളില്ലാത്ത 32 കവറുകളും റൗട്ടറുകളും കണ്ടെത്തി. പരിശോധനയില്‍ ഇവ ബംഗാളില്‍ നിന്ന് വാങ്ങിയതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥാപനം നടത്തിയ കുളവന്‍മൊക്ക് സ്വദേശി ഹുസൈനെ ചോദ്യം ചെയ്ത് വിട്ടയച്ചു.

നേരത്തേ പിടിയിലായ കോഴിക്കോട് സ്വദേശിയാണ് മുറി വാടകക്ക് എടുത്ത് നല്‍കിയത്. ഇയാള്‍ ഒളിവിലാണ്. അതിനിടെ, കണ്ടെത്തിയത് ഐ എസ് ലഘുലേഖകളല്ലെന്ന് എസ് പി. ആർ വിശ്വനാഥ് പറഞ്ഞു. നോട്ടീസുകളിലൊന്നില്‍ ഐ എസ് മതനിഷിദ്ധം, മാനവവിരുദ്ധം’ എന്ന തലക്കെട്ട് ഉണ്ടായിരുന്നു. മുജാഹിദ് വിസ്ഡം ഗ്രൂപ്പിന്റെ ഈ നോട്ടീസാണ് ഐ എസ് നോട്ടീസെന്ന പേരില്‍ പ്രചരിപ്പിച്ചത്. കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. കോഴിക്കോട് കേസുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും ഒളിവിലുള്ള കോഴിക്കോട് സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കിയതായും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു പരിശോധന. മുമ്പ് തൃശൂർ, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിലും സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് കണ്ടെത്തിയിരുന്നു.

Latest