Travelogue
മഹാനദികൾക്കിടയിലെ നഷ്ടസ്വർഗം
മാനവരാശിക്ക് എഴുത്തുവിദ്യയും കലണ്ടറും ഗണിതവും സമ്മാനിച്ചതും ഏറ്റവും പുരാതനമായ നിയമസംഹിത തയ്യാറാക്കിയ ഹമ്മുറാബി രാജാവ് നാടുവാണതും ഇവിടെയാണ്. സുമേറിയൻ, അസ്സീറിയൻ, അക്കാദിയൻ ബാബിലോണിയൻ സംസ്കാരങ്ങളും ഇറാഖിന്റെ ചരിത്രത്തെ സമ്പന്നമാക്കുന്നു.

അയ്യായിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള നാട്ടിലാണ് ഞങ്ങൾ ഇപ്പോഴുള്ളത്. രണ്ട് മഹാനദികൾ നട്ടുനനച്ചു വളർത്തിയ നാട്. ടൈഗ്രീസും യൂഫ്രട്ടീസും. അതിനിടയിലെ ഫലഭൂയിഷ്ഠമായ ഭൂതലമാണിത്. അറബികൾ ഈ നാടിനെ മാബൈനന്നഹ്ർ എന്നും അല്ലാത്തവർ മെസോപൊട്ടോമിയ എന്നും പേരിട്ടു വിളിച്ചു. സിന്ധുവിലേക്ക് ചേർത്തതാണല്ലോ ഹിന്ദുസ്ഥാൻ. അതുപോലെ നദികളുടെ പേരിൽ അറിയപ്പെടുന്നവയാണ് പല മുസ്‌ലിം രാജ്യങ്ങളും. ഇറാഖിനോട് ചേർന്നു കിടക്കുന്ന ജോർദാൻ ഉദാഹരണം. ഉർദുൻ നദിക്ക് കുറുകെയുള്ളത് എന്ന ആശയമുള്ള ട്രാൻസ് ജോർദാൻ ലോപിച്ചതാണ് ജോർദാൻ. പുഴക്കപ്പുറമുള്ളത് (മാവറാഅന്നഹ്ർ), അഥവാ ഉസ്ബെക്കിസ്ഥാനാണ് മറ്റൊന്ന്. ഇവിടങ്ങളിലെല്ലാം പലപ്പോഴായി പര്യടനം നടത്താൻ സാധിച്ചിട്ടുണ്ട്.
കടലുണ്ടി പുഴയോടും അറബിക്കടലിനോടും സഹവസിച്ച് ജീവിക്കുന്ന ഒരാളെന്ന നിലക്ക് ചെന്നെത്തുന്ന നാടുകളിലെ ജലസ്രോതസ്സുകളോട് പ്രത്യേകമായൊരു താത്പര്യം തോന്നാറുണ്ട്. പരന്നൊഴുകലാണ് നമ്മുടെ നാട്ടിലെ പുഴകളുടെ പ്രകൃതം. എന്നാൽ അറബ് നാടുകളിലെ പുഴകൾ പലതും പേരിന് മാത്രമുള്ളവയായിരിക്കും. വർഷത്തിൽ എപ്പോഴെങ്കിലും ആയിരിക്കും അവയിലൂടെ വെള്ളം ഒഴുകുക. അല്ലെങ്കിൽ ഏതെങ്കിലുമൊരു സീസണിൽ. അവയുടെ അടയാളം പേറി മറ്റുള്ളപ്പോൾ അവ വെറുമൊരു ചാലായി കിടക്കും. വലുതല്ലെങ്കിലും ഇറാഖിലെ നദികൾ സദാ ജലമൊഴുക്കുണ്ട്. നമ്മുടെ നാട്ടിലെ ചെറുനദികളെപ്പോലെ.
ലോകത്തെ ആദ്യത്തെ നാഗരികതയായ സുമേറിയൻ സംസ്കാരം തളിരിട്ടു വളർന്നത് ഈ നദികളുടെ തീരത്തായിരുന്നു. മാനവരാശിക്ക് എഴുത്തുവിദ്യയും കലണ്ടറും ഗണിതവും സമ്മാനിച്ചതും ഏറ്റവും പുരാതനമായ നിയമസംഹിത തയ്യാറാക്കിയ ഹമ്മുറാബി രാജാവ് നാടുവാണതും ഇവിടെയാണ്. സുമേറിയൻ, അസ്സീറിയൻ, അക്കാദിയൻ, ബാബിലോണിയൻ സംസ്കാരങ്ങളും ഇറാഖിന്റെ ചരിത്രത്തെ സമ്പന്നമാക്കുന്നു.
ബുഖ്ത് നസ്റും നംറൂദുമാണ് ഇറാഖ് ഭരിച്ച പ്രസിദ്ധരായ രണ്ട് രാജാക്കന്മാർ. ആദിമകാല സപ്താത്ഭുതമായി വിശേഷിപ്പിക്കപ്പെടുന്ന തൂങ്ങുന്ന ഉദ്യാനം നിർമിച്ചത് ബുഖ്ത് നസ്റാണ്.
ആരെയും ആകർഷിക്കുന്ന മനുഷ്യനിർമിത പൂന്തോട്ടമായിരുന്നു അത്. വിശുദ്ധ ഖുർആനിൽ പല സൂക്തങ്ങളും അദ്ദേഹത്തെ പറ്റി അവതീർണമായിട്ടുണ്ടെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ പരാമർശിച്ചിട്ടുണ്ട്. തിരുനബി (സ്വ) പറയുന്നു: ലോകം അടക്കി ഭരിച്ചത് നാല് പേരാണ്. രണ്ട് വിശ്വാസികളും രണ്ട് അവിശ്വാസികളും. സുലൈമാൻ നബി(അ)യും ദുൽഖർനൈനുമാണ് ആദ്യ രണ്ട് പേർ. നംറൂദും ബുഖ്ത് നസ്റുമാണ് മറ്റുള്ളവർ. നിരവധി പ്രവാചകന്മാരുടെ പാദസ്പർശമേറ്റ മണ്ണുകൂടിയാണ് ഇറാഖ്. നൂഹ് നബി(അ), ഇബ്റാഹീം നബി(അ), യൂഷഅ് നബി(അ), ഇദ്‌രീസ് നബി(അ), അയ്യൂബ് നബി(അ) തുടങ്ങിയവരുടെ സ്മാരകങ്ങൾ രാജ്യത്തുണ്ട്.
സഊദി അറേബ്യ, സിറിയ, തുർക്കി, കുവൈത്ത്, ഇറാൻ, ജോർദാൻ എന്നിവയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ഇറാഖ്. പതിനെട്ട് പ്രവിശ്യകളാണ് രാജ്യത്തുള്ളത്. നാല് കോടിയാണ് ജനസംഖ്യ. ദീനാറാണ് നാണയം. ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇറാഖി ദീനാറിന് മൂല്യം കുറവാണ്. ഒരു ഇന്ത്യൻ രൂപ പതിനേഴ് ഇറാഖി ദീനാറിന് തുല്യമാണ്. അമേരിക്കൻ ഡോളറും വിനിമയത്തിന് ഉപയോഗിക്കാറുണ്ട്. ഡോളർ ഒന്നിന് ആയിരത്തി നാനൂറ് ദീനാർ ലഭിക്കും. ശമ്പളവും മറ്റ് വലിയ ഇടപാടുകളും ഡോളർ കണക്കിനാണ്.
നാട്ടിൽ നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ എല്ലാവരുടെയും കൈയിൽ ഡോളറുകൾ സൂക്ഷിപ്പ് വേണമെന്ന് നിർദേശം നൽകിയിരുന്നു. ദാന ധർമങ്ങൾക്കും ടിപ്പ് നൽകാനും പർച്ചേസിംഗിനുമൊക്കെ അത് ഉപകാരപ്പെടും. ഡോളർ നൽകിയാലേ ദീനാർ ലഭിക്കുകയുള്ളൂ. റിയാലും ദിർഹമും വിനിമയം ചെയ്യുമ്പോൾ യഥാർഥ നിരക്ക് കിട്ടണമെന്നില്ല. സാധനങ്ങളുടെ വില ഏകദേശം നാട്ടിലേതിന് സമാനമായതിനാൽ യാത്രയിൽ സാധനങ്ങൾ വാങ്ങാനുള്ള സാധ്യത കൂടുതലാണ്.
ഹോട്ടലിൽ നിന്നിറങ്ങുമ്പോൾ ഡോളറിന് പകരം ഇറാഖീ നോട്ടുകൾ ശേഖരിച്ചിരുന്നു. ഇരുപത്തയ്യായിരത്തിന്റെയും പതിനായിരത്തിന്റെയും നോട്ടുകൾ. ഇന്ത്യയിൽ റിസർവ് ബേങ്ക് അത്രയും വലിയ സംഖ്യയുടെ നോട്ടുകൾ അപൂർവമായാണ് പ്രിന്റ് ചെയ്യാറുള്ളത്. അവ തന്നെയും പൊതുജനങ്ങൾക്ക് ലഭ്യമാകാറുമില്ല. ദീനാറാണെങ്കിലും അവ റിസപ്ഷനിസ്റ്റ് കൈയിലേക്ക് വെച്ചു തന്നപ്പോൾ വലിയ ആശ്ചര്യം തോന്നി. ഇങ്ങനെയുള്ള നാല് നോട്ടുകൾ ചേർന്നതാണല്ലോ ഇറാഖികളുടെ ഒരു ലക്ഷം. 5882 രൂപക്ക് തുല്യമായ സംഖ്യ. ഇപ്രകാരം എത്ര ലക്ഷങ്ങൾ ചെലവഴിക്കണം ഒരു സാധാരണ ഇറാഖീ പൗരന് അവന്റെ ആവശ്യം നിവർത്തിച്ചു കിട്ടാൻ എന്നാലോചിച്ചപ്പോൾ ശരിക്കും ഉള്ള് പിടഞ്ഞു.