Kerala
ഫലസ്തീന്‍ ഐക്യദാര്‍ഢ്യം; തിരുവനന്തപുരത്തെ പരിപാടിയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി
മഹല്ല് എംപവര്‍ മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ തരൂരിനെയായിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.
തിരുവനന്തപുരം | തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി. മഹല്ല് എംപവര്‍ മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന പരിപാടിയില്‍ തരൂരിനെയായിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.
കോഴിക്കോട്ട് മുസ്ലിം ലീഗ് സമ്മേളനത്തില്‍ തരൂര്‍ നടത്തിയ വിവാദ പ്രസംഗമാണ് ഒഴിവാക്കലില്‍ കലാശിച്ചത്. ഹമാസ് ഭീകര സംഘടനയാണെന്ന് പ്രസംഗത്തില്‍ തരൂര്‍ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്‌റാഈലില്‍ ആക്രമണം നടത്തി 1,400 പേരെ കൊലപ്പെടുത്തിയെന്നും 200ഓളം പേരെ ബന്ദികളാക്കിയെന്നും അതിന്റെ മറുപടിയായി ഇസ്‌റാഈല്‍ ഗസ്സയില്‍ ബോംബിംഗ് നടത്തി 6,000 പേരെ കൊലപ്പെടുത്തിയെന്നുമാണ് തരൂര്‍ പ്രസംഗിച്ചത്.
ലീഗ് നേതാവ് എം കെ മുനീര്‍ തരൂരിന്റെ പരാമര്‍ശത്തെ തള്ളിക്കൊണ്ടുള്ള മറുപടി നല്‍കിയിരുന്നു. ഫലസ്തീനികള്‍ പോരാളികളാണെന്നും അവരുടെ ചെറുത്തുനില്‍പ്പാണ് നടക്കുന്നതെന്നുമായിരുന്നു മുനീറിന്റെ മറുപടി.
തരൂരിനെതിരെ ശക്തമായ ആരോപണവുമായി കെ ടി ജലീലും രംഗത്തെത്തി. ശശി തരൂര്‍ ഇസ്റാഈല്‍ അനുകൂലിയാണെന്ന് ജലീല്‍ ഫേസ് ബുക്കില്‍ കുറിച്ചു. കോഴിക്കോട് നടന്നത് ഇസ്‌റാഈല്‍ അനുകൂല സമ്മേളനമാണോയെന്ന് ചോദിച്ചു കൊണ്ടായിരുന്നു ജലീലിന്റെ പ്രതികരണം. ഇസ്റാഈലിനെ പിന്തുണച്ച് തരൂര്‍ നേരത്തെയും രംഗത്ത് വന്നിട്ടുണ്ട്. ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെയെന്ന് തരൂര്‍ മുമ്പും നിലപാടെടുത്തുവെന്നും തരൂരിന്റെ എക്സ് പോസ്റ്റ് പങ്കുവച്ചുകൊണ്ട് ജലീല്‍ പറഞ്ഞു.
ഇ കെ സമസ്തയും തരൂരിനെതിരെ പ്രതികരിച്ചു. ഇസ്‌റാഈല്‍ അനുകൂലിയെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പരാമര്‍ശമാണ് തരൂര്‍ നടത്തിയതെന്ന് സമസ്ത നേതാക്കള്‍ ആരോപിച്ചു.
പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നവരോട് തനിക്ക് ഒന്നും പറയാനില്ലെന്നാണ് തരൂരിന്റെ ന്യായീകരണം. താന്‍ എപ്പോഴും ഫലസ്തീന്‍ ജനതക്കൊപ്പമാണെന്ന് തരൂര്‍ പറയുന്നു.



