Kerala
ഫലസ്തീന്‍ അംബാസിഡര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഫലസ്തീന്‍ ജനതയ്ക്ക് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യം അറിയിച്ചു

തിരുവനന്തപുരം | ഇന്ത്യയിലെ ഫലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള അബു ഷാവേഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ ആയിരുന്നു കൂടിക്കാഴ്ച. ഫലസ്തീന്‍ ജനതയ്ക്ക് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യം അറിയിച്ചു. കേരളം എക്കാലവും ഫലസ്തീന് ഒപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമേരിക്കന്‍ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും അട്ടിമറിച്ചാണ് ഫലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്‌റാഈല്‍ നിഷേധിച്ചുപോരുന്നത്. ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനൊപ്പമാണ് കേരളം. യു എന്‍ പ്രമേയത്തിനനുസൃതമായി കിഴക്കന്‍ ജറുസലേം തലസ്ഥാനമായിട്ടുള്ള ഫലസ്തീന്‍ രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തിരമായി പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇസ്‌റാഈലി അധിനിവേശവും ഫലസ്തീന്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളും അംബാസിഡര്‍ വിശദീകരിച്ചു. ഈ നിര്‍ണായ സന്ദര്‍ഭത്തില്‍ കേരളം നല്‍കുന്ന പിന്തുണ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പിന്തുണ പലസ്തീന് ആവശ്യമുണ്ട്. അത് ലോകത്തെമ്പാടുനിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.