Connect with us

Articles

ഫലസ്തീന്‍: സമൂഹ മാധ്യമങ്ങള്‍ക്ക് ആരെയാണ് പേടി?

സമൂഹ മാധ്യമങ്ങളില്‍ ഫലസ്തീന്‍ വിരുദ്ധ, ഇസ്‌റാഈല്‍ അനുകൂല നരേഷനുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നടക്കുന്ന സെന്‍സറിംഗ്.

Published

|

Last Updated

ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര നിര്‍മാതാവും ആക്ടിവിസ്റ്റുമായ തോമസ് മാഡെന്‍സ് ഒക്ടോബര്‍ അവസാന വാരം തനിക്കുണ്ടായ വിചിത്രമായ അനുഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അല്‍ജസീറയോട് വെളിപ്പെടുത്തുകയുണ്ടായി. ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തെ അപലപിച്ച്, ‘വംശഹത്യ’ എന്ന അടിക്കുറിപ്പോടെ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ, തുടക്കത്തിലുള്ള പ്രതികരണങ്ങള്‍ക്ക് ശേഷം പ്രസ്തുത ദൃശ്യത്തിന്റെ എന്‍ഗേജ്‌മെന്റ് പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുന്നു. ഫലസ്തീന്‍ ജനതയെ അനുകൂലിച്ച് ഞാന്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് സ്വാഭാവികമായും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിക്കുമെന്ന് ഞാന്‍ കരുതി. സാധാരണ ഞാനൊരു പോസ്റ്റ് ചെയ്താല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അത് ദശലക്ഷക്കണക്കിന് ആളുകളിലെത്താറുണ്ട്. പക്ഷേ ഇത്തവണ അത് എവിടെയും എത്തിയില്ല- മാഡെന്‍സ് അല്‍ജസീറയോട് പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളായ എക്‌സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ടിക് ടോക്ക് അക്കൗണ്ടുകളിലെ ഫലസ്തീന്‍ അനുകൂല ഉള്ളടക്കങ്ങള്‍ വ്യാപകമായി സെന്‍സര്‍ ചെയ്യുകയോ പോസ്റ്റുകളുടെ വ്യാപനം ഗണ്യമായി കുറക്കുകയോ ചെയ്യുന്ന ‘ഷാഡോ ബാനിംഗ’് എന്നറിയപ്പെടുന്ന സോഷ്യല്‍ മീഡിയാ നിയന്ത്രണത്തെക്കുറിച്ച് ഇപ്പോള്‍ പരാതി പറഞ്ഞുകൊണ്ടിരിക്കുന്ന നൂറുകണക്കിന് സോഷ്യല്‍ മീഡിയാ ഉപയോക്താക്കളില്‍ ഒരാളാണ് മാഡെന്‍സ്. ‘എൃലലജമഹലേെശില’, ‘ണശവേജമഹലേെശില’ തുടങ്ങിയ ഹാഷ്ടാഗുകള്‍ അടങ്ങിയ സോഷ്യല്‍ മീഡിയാ പോസ്റ്റുകളും ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തിയ സിവിലിയന്‍ ഫലസ്തീനികളെ പിന്തുണക്കുന്ന സന്ദേശങ്ങളും സോഷ്യല്‍ മീഡിയാ കമ്പനികള്‍ തിരഞ്ഞുപിടിച്ച് മറയ്ക്കുകയാണെന്നും സെന്‍സര്‍ ചെയ്യുകയാണെന്നും ലോകമെമ്പാടുമുള്ള എഴുത്തുകാരും ആക്ടിവിസ്റ്റുകളും പത്രപ്രവര്‍ത്തകരും കലാ, സാംസ്‌കാരിക പ്രവര്‍ത്തകരും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തത് 2023 ഒക്ടോബര്‍ 18നാണ്. സമൂഹ മാധ്യമങ്ങളില്‍ ഫലസ്തീന്‍ വിരുദ്ധ, ഇസ്‌റാഈല്‍ അനുകൂല നരേഷനുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നടക്കുന്ന സെന്‍സറിംഗ്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ പിന്തുടരേണ്ട കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നു എന്ന പേരിലാണ് സോഷ്യല്‍ മീഡിയാ കമ്പനികള്‍ ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നത്. ഫലസ്തീനെ പരാമര്‍ശിക്കുന്ന പോസ്റ്റുകള്‍ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം ഏകപക്ഷീയമായി നീക്കം ചെയ്തതായും കഴിഞ്ഞ ദിവസം റിപോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ലോസ് ഏഞ്ചല്‍സിലും സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലും ഫലസ്തീനെ പിന്തുണച്ച് നടന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നതിനാണ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ മറയ്ച്ചിരിക്കുന്നതെന്ന് അമേരിക്കയില്‍ നിന്നുള്ള ചില ആക്ടിവിസ്റ്റുകളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസും അല്‍ജസീറയും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. തങ്ങളുടെ ഇന്‍സ്റ്റാഗ്രാം ‘ബയോ’യില്‍ ‘തീവ്രവാദി’ എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചും ഇവര്‍ പരാതിപ്പെട്ടതായി റിപോര്‍ട്ടുണ്ട്. ഒക്ടോബര്‍ 15ന് എക്സില്‍ ഒരു പോസ്റ്റില്‍, മെറ്റാ വക്താവ് ആന്‍ഡി സ്റ്റോണ്‍, പോസ്റ്റുകളുടെ റീച്ച് കുറയുന്നത് കേവലം സാങ്കേതിക തകരാറാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ‘ഈ സാങ്കേതിക തകരാര്‍ ലോകമെമ്പാടുമുള്ള അക്കൗണ്ടുകളെ ഒരുപോലെ ബാധിച്ചു. ഉള്ളടക്കത്തിന്റെ വിഷയവുമായി യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ അത് എത്രയും വേഗം പരിഹരിച്ചു വരികയാണ്.’- സ്റ്റോണ്‍ എക്‌സില്‍ എഴുതുകയുണ്ടായി. ഷാഡോ ബാനിംഗിനെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇസ്‌റാഈല്‍-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ തങ്ങളുടെ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടി, മെറ്റാ പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ് പോസ്റ്റിലേക്കാണ് സ്റ്റോണ്‍ പൊതുജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചത്. കമ്പനിയുടെ മോഡറേഷന്‍ തീരുമാനങ്ങളോട് യോജിക്കാത്ത ഉപയോക്താക്കള്‍ക്ക് അപ്പീല്‍ നല്‍കാമെന്നും പോസ്റ്റില്‍ പറയുന്നു.

ഫലസ്തീന്‍ അനുകൂല അക്കൗണ്ടുകളില്‍ തീവ്രവാദി എന്ന വാക്ക് ചേര്‍ത്തതിന് മെറ്റ പിന്നീട് ഔദ്യോഗികമായി മാപ്പ് പറഞ്ഞതായി ബി ബി സി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫലസ്തീന്‍ വിഷയത്തിലുള്ള രാഷ്ട്രീയം, ഇരകളോടുള്ള ഐക്യം, അതിനുള്ള ആഹ്വാനം, കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ദുരിതം നേരിടുന്ന ഫലസ്തീന്‍ സിവിലിയന്മാരുടെ ഭയാനകമായ ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടെ എല്ലാം വളരെ ആസൂത്രിതവും കൃത്യവുമായ സെന്‍സറിംഗിന് വിധേയമാക്കുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറുകളുടെ പിന്തുണയോടെ തന്നെ സോഷ്യല്‍ മീഡിയാ കമ്പനികള്‍ ആസൂത്രിതമായി ഈ നിയന്ത്രണം നടപ്പാക്കി വരികയാണ്. ഇത്തരം ജനാധിപത്യ വിരുദ്ധമായ നീക്കങ്ങളെ ചോദ്യം ചെയ്യുന്നതും ചര്‍ച്ച ചെയ്യുന്നതും ഉള്‍പ്പെടെയാണ് നീക്കം ചെയ്യുന്നത്. ഇതിനെ കുറിച്ചുള്ള വിമര്‍ശനങ്ങളെ ധാര്‍ഷ്ട്യം കലര്‍ന്ന പ്രതികരണങ്ങള്‍ കൊണ്ടാണ് മെറ്റ ഉള്‍പ്പെടെയുള്ള കമ്പനികള്‍ നേരിട്ടത് എന്നതും ശ്രദ്ധേയമാണ്. സമൂഹ മാധ്യമങ്ങളില്‍ ഫലസ്തീനില്‍ നിന്നുള്ള വാര്‍ത്തകളും ഇസ്റാഈലില്‍ നിന്നുള്ള വാര്‍ത്തകളും ഒരുപോലെ നിയന്ത്രിക്കാന്‍ ഈ സോഷ്യല്‍ മീഡിയാ കമ്പനികള്‍ക്ക് സാധിക്കുന്നു എന്നത് ഇത്രമേല്‍ ഭീകരമായ യാഥാര്‍ഥ്യമാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ തിരസ്‌കരിക്കുന്ന യുദ്ധഭൂമിയില്‍ നിന്നുള്ള വാര്‍ത്തകള്‍ പൊതുവെ പുറത്ത് കൊണ്ടുവരുന്നതും ചര്‍ച്ചയാക്കുന്നതും സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളാണ്. എന്നാല്‍ അത്തരമൊരു സാധ്യത പോലും ഇല്ലാതാക്കുന്ന നടപടിയാണ് ഇസ്റാഈലിന് വേണ്ടിയും ജൂത രാഷ്ട്രത്തെ പിന്തുണക്കുന്ന യു എസ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് വേണ്ടിയും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം ഉടമകളായ കോര്‍പറേറ്റ് കമ്പനികള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ സംവേദനക്ഷമതയെ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കങ്ങള്‍ മോഡറേറ്റ് ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന പരിപാടി ഗസ്സയിലെ ഇസ്റാഈല്‍ ആക്രമണങ്ങളുടെ പാശ്ചാത്തലത്തില്‍ മാത്രം സംഭവിച്ചതല്ല എന്നതാണ് യാഥാര്‍ഥ്യം.
വ്യാജ വാര്‍ത്തകള്‍ ധാരാളമുണ്ടെങ്കില്‍ പോലും, ഉയര്‍ന്ന നിലവാരമുള്ള വാര്‍ത്തകളും ആധികാരിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളുമായി കാഴ്ചക്കാരെ വളരെ വേഗത്തില്‍ ബന്ധിപ്പിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്കുള്ള ശേഷി വളരെ വലുതാണ്. ഇക്കാര്യം ഉള്‍ക്കൊണ്ടാണ് നിലവില്‍ സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്ക നിയന്ത്രണത്തിനെതിരെ ഫലസ്തീന്‍, അറബ് സിവില്‍ സൊസൈറ്റിയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ക്കായി വാദിക്കുന്ന അറബ് സെന്റര്‍ ഫോര്‍ സോഷ്യല്‍ മീഡിയ അഡ്വാന്‍സ്മെന്റ് ഉള്‍പ്പെടെ 48 സംഘടനകള്‍ ശക്തമായി മുന്നോട്ട് വന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഫലസ്തീനിന്റെ ഡിജിറ്റല്‍ അവകാശങ്ങളെ മാനിക്കണമെന്ന് ടെക് കമ്പനികളോട് അഭ്യര്‍ഥിച്ചുകൊണ്ട് പ്രസ്താവനയിറക്കാനും ഈ സംഘടനകള്‍ ധൈര്യം കാണിച്ചു. തീര്‍ത്തും അസാധാരണമായ നടപടികളാണ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ ഇപ്പോള്‍ നടക്കുന്നതെന്നും ഫലസ്തീന്‍ അനുകൂലമായ, ഇസ്റാഈല്‍ വിമര്‍ശനമുള്ള എല്ലാ ഉള്ളടക്കങ്ങളും കാണാതെയാകുന്നത് മനുഷ്യത്വവിരുദ്ധമാണെന്നും ഇവരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നുണ്ട്. ഫലസ്തീന്‍ ജനത മനുഷ്യരാണെന്ന് പോലും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് സമൂഹ മാധ്യമങ്ങളിലെ നിയന്ത്രണം എത്തി നില്‍ക്കുന്നത്. തങ്ങളുടെ സ്വന്തം നാട്ടില്‍ സ്വതന്ത്രമായി സമാധാനത്തോടെ ജീവിക്കാന്‍ അവര്‍ അര്‍ഹരാണെന്ന് എഴുതിയാല്‍ അത് ഒരാളും കാണാന്‍ പോകുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും ഉള്‍പ്പെടെ മാനുഷിക മൂല്യങ്ങളെല്ലാം ഞങ്ങളെ ബാധിക്കാന്‍ പോകുന്ന വിഷയങ്ങളല്ല എന്ന മട്ടിലാണ് ഈ കോര്‍പറേറ്റ് കമ്പനികള്‍ മുന്നോട്ടുപോകുന്നത്.

സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നൂറുക്കണക്കിന് ഉപയോക്താക്കള്‍ക്ക് സമാനമായ അനുഭവങ്ങള്‍ ഉണ്ടാകുകയും പരാതികളുമായി സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലെത്തുകയും ചെയ്തിട്ടുണ്ട്. ‘ഇന്നലെ ഗസ്സയിലെ യുദ്ധത്തെക്കുറിച്ച് ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തതിന് ശേഷം, എന്റെ അക്കൗണ്ട് നിരോധിക്കപ്പെട്ടു.’ പുലിറ്റ്സര്‍ സമ്മാന ജേതാവായ പത്രപ്രവര്‍ത്തകന്‍ അസ്മത്ത് ഖാന്‍ കഴിഞ്ഞ ദിവസം എക്സില്‍ പോസ്റ്റ് ചെയ്തതാണ് ഈ വരികള്‍. യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങളുടെ ഒഴുക്കിനും വിശ്വസനീയമായ മാധ്യമ പ്രവര്‍ത്തനത്തിനും ഈ നീക്കം അസാധാരണമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇന്‍സ്റ്റഗ്രാം തന്റെ പോസ്റ്റുകള്‍ നിരോധിക്കുകയാണെന്നും അഭിപ്രായങ്ങളും സ്റ്റോറികളും പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും പാകിസ്്താന്‍ എഴുത്തുകാരി ഫാത്വിമ ഭൂട്ടോ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിട്ടുണ്ട്. ‘ജനാധിപത്യ രാജ്യങ്ങളും വലിയ ഐ ടി കമ്പനികളും ചേര്‍ന്ന് എങ്ങനെയാണ് നിയമവിരുദ്ധമായ യുദ്ധങ്ങള്‍ നടക്കുന്ന സമയത്ത് വിവരങ്ങള്‍ അടിച്ചമര്‍ത്തുന്നത് എന്നതിനെക്കുറിച്ച് ഞാന്‍ വളരെയധികം ചിന്തിച്ച ദിവസങ്ങളാണ് കടന്നു പോകുന്നത്. സത്യങ്ങള്‍ ഇങ്ങനെ മൂടിവെക്കുന്നതും അടിച്ചമര്‍ത്തുന്നതും എത്രമേല്‍ ഭീകരമാണ്.’ അവര്‍ എക്സില്‍ കുറിച്ചു. അല്‍ജസീറയുമായി പങ്കിട്ട അറബ് സെന്റര്‍ ഫോര്‍ സോഷ്യല്‍ മീഡിയാ അഡ്വാന്‍സ്്മെന്റ്എന്ന സംഘടനയുടെ കണ്ടെത്തലുകള്‍ അനുസരിച്ച്, 2020 ജനുവരി മുതല്‍ ജൂണ്‍ വരെ തങ്ങളുടെ പ്ലാറ്റ്ഫോമിലെ ഉള്ളടക്കം നിയന്ത്രിക്കാനോ നീക്കം ചെയ്യാനോ ഇസ്റാഈല്‍ സര്‍ക്കാറില്‍ നിന്ന് 913 അപ്പീലുകള്‍ ഫേസ്ബുക്കിന് ലഭിച്ചിട്ടുണ്ട്. ഈ അഭ്യര്‍ഥനകളില്‍ 81 ശതമാനത്തിനും ഫേസ്ബുക്ക് സമ്മതം നല്‍കുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ ഫലസ്തീനിനെ പിന്തുണക്കുന്ന ഹാഷ്ടാഗുകള്‍ക്കൊപ്പം ‘ഫലസ്തീന്‍’, ‘ഗസ്സ’, ‘ഹമാസ്’, ‘അല്‍ഖുദ്സ്’, ‘ജറുസലേം’ തുടങ്ങിയ കീവേഡുകള്‍ പരാമര്‍ശിക്കുന്ന പോസ്റ്റുകള്‍ക്കാണ് പ്രധാനമായും നിയന്ത്രണങ്ങള്‍ വരുന്നത്. ഈ വാക്കുകള്‍ വരുന്ന ഓരോ പോസ്റ്റും റീച്ച് ഒട്ടും ലഭിക്കാത്ത രീതിയില്‍ അല്‍ഗോരിതം സെറ്റ് ചെയ്തിട്ടുണ്ട്. ഇത്തരം പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ പര്യവേക്ഷണ പേജില്‍ എത്തുന്നില്ല എന്നതും ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് കുറച്ചെങ്കിലും ആളുകളുടെ പ്രധാന ഫീഡില്‍ കാണിക്കൂ എന്നതും ഈ നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പാക്കി വരുന്ന കാര്യങ്ങളാണ്. ഒക്ടോബര്‍ ഏഴിന് യുദ്ധം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ടിക് ടോക്ക് തങ്ങളുടെ അക്കൗണ്ട് നിരോധിച്ചുവെന്നും ഓണ്‍ലൈന്‍ പ്രതിഷേധത്തിന് ശേഷം മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് അത് പുനഃസ്ഥാപിച്ചതെന്നും യുനൈറ്റഡ് സ്റ്റേറ്റ്‌സ് ആസ്ഥാനമായുള്ള ഫലസ്തീന്‍ അനുകൂല വാര്‍ത്താ ഏജന്‍സിയായ മൊണ്ടൊവീസ് നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ട്. ഫലസ്തീന്‍ ആസ്ഥാനമായുള്ള ഖുദ്സ് ന്യൂസ് നെറ്റ് വര്‍ക്ക് തങ്ങളുടെ ഫേസ്ബുക്ക് പേജ് മെറ്റ താത്കാലികമായി നിര്‍ത്തിവെച്ചതായി എക്സില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി.

ഫലസ്തീന്‍ ശബ്ദങ്ങള്‍ സെന്‍സര്‍ ചെയ്യുന്നതായി സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ വെളിപ്പെടുത്തലുകള്‍ വരുന്നത് ഇതാദ്യമല്ല. 2021ല്‍ ഗസ്സക്കെതിരായ ഇസ്റാഈല്‍ യുദ്ധത്തിന് ശേഷം ഫേസ്ബുക്ക് കമ്മീഷന്‍ ചെയ്ത ഒരു സ്വതന്ത്ര റിപോര്‍ട്ടില്‍, ഫലസ്തീന്‍ ജനതയെ അനുകൂലിച്ച ഉപയോക്താക്കളുടെ മനുഷ്യാവകാശങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന കണ്ടെത്തലാണ് പ്രധാനമായും ഉണ്ടായിരുന്നതെന്ന് അറബ് ന്യൂസ് 2022ല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമോഫോബിയയും വംശീയതയും ഉള്‍വഹിക്കുന്ന കടുത്ത വിവേചനം സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ നടന്നതായും ഈ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവില്‍ സോഷ്യല്‍ മീഡിയയില്‍ നടന്നുവരുന്ന നിയന്ത്രണങ്ങള്‍ ഭാവിയില്‍ മാധ്യമ സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 

Latest