Connect with us

National

ഇനി ആക്രമണത്തിന് തുനിഞ്ഞാല്‍ പാകിസ്ഥാന്റെ മഹാവിനാശം; ഇന്ത്യന്‍ സൈന്യത്തെ അഭിവാദ്യം ചെയ്ത് പ്രധാന മന്ത്രി

ശതകോടി ഇന്ത്യക്കാരെ തലയുയര്‍ത്തി നിര്‍ത്തിയ ഇതിഹാസ പോരാട്ടമാണ് ഇന്ത്യന്‍ സൈന്യം നടത്തിയത്. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ലക്ഷ്മണരേഖ എന്താണെന്ന് വ്യക്തമാണ്.

Published

|

Last Updated

ലക്‌നൗ | ഓപറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ധീരോദാത്ത സേവനം നിര്‍വഹിച്ച സൈന്യത്തെ അഭിവാദ്യം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. ശതകോടി ഇന്ത്യക്കാരെ തലയുയര്‍ത്തി നിര്‍ത്തിയ ഇതിഹാസ പോരാട്ടമാണ് ഇന്ത്യന്‍ സൈന്യം നടത്തിയതെന്ന് പ്രധാന മന്ത്രി പറഞ്ഞു. പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും സൈനിക ചരിത്രത്തില്‍ ഈ സേവനം സ്മരിക്കപ്പെടും. ആദംപുര്‍ എയര്‍ ബേസില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണില്‍ കയറി വേട്ടയാടി. അധര്‍മത്തിനെതിരെ പോരാടുന്നത് രാജ്യത്തിന്റെ പാരമ്പര്യമാണ്. ഇനി ആക്രമണത്തിന് തുനിഞ്ഞാല്‍ പാകിസ്ഥാന്റെ മഹാവിനാശമായിരിക്കും ഉണ്ടാവുക. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ലക്ഷ്മണരേഖ എന്താണെന്ന് വ്യക്തമാണ്. മനുഷ്യത്വത്തിന് നേരെ ആക്രമണമുണ്ടായാല്‍ ശത്രുവിനെ മണ്ണോടു ചേര്‍ക്കും.

രാജ്യം മൂന്ന് തീരുമാനങ്ങള്‍ എടുത്തു കഴിഞ്ഞതായും പ്രധാന മന്ത്രി പറഞ്ഞു. 1. ഇനി ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കും. 2. ആണവ ഭീഷണി വച്ചപൊറുപ്പിക്കില്ല. 3. ഭീകരതയെ സംരക്ഷിക്കുന്ന സര്‍ക്കാരിനെയും ഭീകരതയെയും വേര്‍തിരിച്ചു കാണില്ല എന്നിവയാണ് ആ തീരുമാനങ്ങളെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.

Latest