Kerala
വിദേശ ജോലി വാഗ്ദാനം ചെയത് 18.99 ലക്ഷം തട്ടിയെടുത്തു; യുവതി പിടിയില്‍
കുമളി ചക്കുപള്ളം സ്വദേശിയില്‍നിന്ന് വിവിധ സര്‍ട്ടിഫിക്കേഷന്‍ ചാര്‍ജുകള്‍ക്കാണെന്നുപറഞ്ഞാണ് പണം തട്ടിയത്

തൊടുപുഴ | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 18.99 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശിനി പ്രേമിക ഛേത്രിയെയാണ് (23) സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ മറ്റൊരു ബംഗാള്‍ സ്വദേശിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.കുമളി ചക്കുപള്ളം സ്വദേശിയില്‍നിന്ന് വിവിധ സര്‍ട്ടിഫിക്കേഷന്‍ ചാര്‍ജുകള്‍ക്കാണെന്നുപറഞ്ഞാണ് പണം തട്ടിയത്.
ജില്ല പോലീസ് മേധാവി വിഷ്ണു പ്രദീപിന്റെ നിര്‍ദേശാനുസരണം ഇടുക്കി ജില്ല ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ ആര്‍ ബിജുവിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ വി എ സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു