Connect with us

Kerala

ജാസ്ലിയയുടെ മരണം; കാര്‍ ഓടിച്ച സിറിയക് പി ജോര്‍ജിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും

സിറിയക് പി ജോര്‍ജ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന പോലീസിന്റെ വിലയിരുത്തലിലാണ് തീരുമാനം.

Published

|

Last Updated

എറണാകുളം|അങ്കമാലിയില്‍ 19കാരി ജാസ്ലിയ ജോണ്‍സന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍, കാര്‍ ഓടിച്ച ഡോക്ടര്‍ സിറിയക് പി ജോര്‍ജിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കോട്ടയം സ്വദേശിയായ സിറിയക് പി ജോര്‍ജ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന പോലീസിന്റെ വിലയിരുത്തലിലാണ് തീരുമാനം. അപകടമുണ്ടാക്കി ദിവസങ്ങളായിട്ടും പ്രതിയെ പിടികൂടാത്തതില്‍ ഇന്നലെ സഹപാഠികളും അധ്യാപകരും അടക്കം പ്രതിഷേധവുമായി അങ്കമാലി പോലീസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു.

അതേസമയം, പ്രതിയെ പിടികൂടുന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ഇന്നലെ ഏലപാറയിലെ സിറിയകിന്റെ ബന്ധുവീട്ടിലടക്കം അങ്കമാലി പോലീസ് പരിശോധന നടത്തിയിരുന്നു.

അങ്കമാലി മോണിംഗ് സ്റ്റാര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ്ധ വിദ്യാര്‍ഥിനിയാണ് ജാസ്ലിയ.
പഠനത്തോടൊപ്പം ചെയ്തിരുന്ന പാര്‍ട്ട്ടൈം ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ഫെബ്രുവരി 28ന് രാത്രി അപകടമുണ്ടായത്. കാര്‍ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജാസ്ലിയയെ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു.
ജാസ്ലിയയുടെ അവയവങ്ങള്‍ നാലു പേര്‍ക്കാണ് പുതുജീവനേകിയത്.

 

 

Latest