Connect with us

International

ട്രംപിന്റെ ഭരണത്തില്‍ ഭൂരിഭാഗം അമേരിക്കന്‍ വോട്ടര്‍മാരും അതൃപ്തര്‍

ഫോക്‌സ് ന്യൂസ് പുറത്തുവിട്ട ഏറ്റവും പുതിയ സര്‍വ്വേ ഫലം ട്രംപിനു തിരിച്ചടിയായി

Published

|

Last Updated

വാഷിംഗ്ടണ്‍ | പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ ഭൂരിഭാഗം അമേരിക്കന്‍ വോട്ടര്‍മാരും അതൃപ്തരാണെന്ന് ഫോക്‌സ് ന്യൂസ് പുറത്തുവിട്ട ഏറ്റവും പുതിയ സര്‍വ്വേ ഫലം. സാമ്പത്തിക ആശങ്കകളും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുമാണ് ട്രംപ് സര്‍ക്കാരിനെതിരെ ജനവികാരം ഉയരാന്‍ പ്രധാന കാരണം.

57 ശതമാനം വോട്ടര്‍മാര്‍ ട്രംപിന്റെ പ്രവര്‍ത്തനത്തെ എതിര്‍ക്കുമ്പോള്‍ 43 ശതമാനം പേര്‍ മാത്രമാണ് അനുകൂലിക്കുന്നതെന്ന് സര്‍വ്വേയില്‍ കണ്ടെത്തി. ജനുവരി, ഡിസംബര്‍ മാസങ്ങളില്‍ നടന്ന സര്‍വ്വേകളിലെ കണക്കുകളില്‍ നിന്ന് വലിയ മാറ്റമൊന്നും ഇതില്‍ പ്രകടമല്ല. അതിര്‍ത്തി സുരക്ഷയുടെ കാര്യത്തില്‍ മാത്രമാണ് ട്രംപിന് അല്‍പ്പമെങ്കിലും ആശ്വസിക്കാന്‍ വകയുള്ളത്.

52 ശതമാനം പേര്‍ അതിര്‍ത്തി സുരക്ഷയിലെ ട്രംപിന്റെ നിലപാടിനെ പിന്തുണച്ചു. 48 ശതമാനം പേര്‍ എതിര്‍പ്പ് രേഖപ്പെടുത്തി. മറ്റ് മിക്ക വിഷയങ്ങളിലും ട്രംപിന് തിരിച്ചടിയാണ് നേരിട്ടത്. ജീവിതച്ചെലവ് നിയന്ത്രിക്കുന്ന കാര്യത്തില്‍ 32 ശതമാനം പേര്‍ മാത്രമാണ് ട്രംപ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. 67 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അതൃപ്തരാണ്. താരിഫ്, സാമ്പത്തിക രംഗം, ആരോഗ്യം, വിദേശനയം, നികുതി, തൊഴില്‍ തുടങ്ങിയ മേഖലകളിലും ട്രംപിന് വോട്ടര്‍മാര്‍ നെഗറ്റീവ് റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്.

രാഷ്ട്രീയമായ ഭിന്നതകളും ഫോക്‌സ് ന്യൂസിന്റെ സര്‍വ്വേയില്‍ പ്രകടമാണ്. ഡെമോക്രാറ്റുകളില്‍ 95 ശതമാനം പേരും ട്രംപിനെ എതിര്‍ത്തു. റിപ്പബ്ലിക്കന്‍മാരില്‍ 87 ശതമാനം പേര്‍ പിന്തുണച്ചു. നിഷ്പക്ഷ വോട്ടര്‍മാരില്‍ 72 ശതമാനം പേരും ട്രംപിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി.

 

Latest