Connect with us

Kerala

തിരഞ്ഞെടുപ്പ് മുന്നില്‍; അസമില്‍ മൂന്നു കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേര്‍ന്നു

മുന്‍ പി സി സി അധ്യക്ഷന്‍ നേരത്തെ ബി ജെ പിയിലേക്ക് പോയിരുന്നു

Published

|

Last Updated

ഗുവാഹത്തി | അസമില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ മൂന്ന് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മറ്റ് രണ്ട് എം എല്‍ എമാര്‍ റൈജോര്‍ ദളിലേക്കും ചേക്കേറി. ബി ജെ പിയില്‍ ചേരുന്ന മൂന്ന് എം എല്‍ എമാരുടെ പേരുകള്‍ മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ വെളിപ്പെടുത്തി. മുന്‍ പി സി സി അധ്യക്ഷന്‍ നേരത്തെ ബി ജെ പിയിലേക്ക് പോയിരുന്നു.

റാഹ എം എല്‍ എ ശശികാന്ത ദാസ്, മംഗ്ലഡോയ് എം എല്‍ എ ബസന്ത ദാസ്, കരിംഗഞ്ച് നോര്‍ത്ത് എംഎല്‍ എ കമലാക്ഷ ദേവ് പുര്‍കയസ്ത എന്നിവരാണ് ബി ജെ പിയില്‍ ചേര്‍ന്നത്. അബ്ദുര്‍ റാഷിദ് മണ്ഡല്‍, ഷെര്‍മാന്‍ അലി എന്നിവരാണ് റൈജോര്‍ ദളില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത മൂന്ന് എം എല്‍ എമാരാണ് ബി ജെ പിയില്‍ എത്തിയത്. ഗുവാഹത്തിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇവരെ സ്വീകരിച്ചു. അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 42 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക എ ഐ സി സി ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു. 42 പേരുടെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളില്‍ അസം കോണ്‍ഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ് (ജോര്‍ഹട്ട്), പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ (നസീറ), കോണ്‍ഗ്രസ് എം എല്‍ എമാരായ നന്ദിത ദാസ് (ഹാജോ-സുവല്‍കുച്ചി), ദിഗന്ത ബര്‍മന്‍ (ബാര്‍ഖേത്രി) എന്നിവരും ഉള്‍പ്പെടുന്നു.

മാര്‍ച്ച് പകുതിയോടെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാന തെരഞ്ഞെടുപ്പിന്റെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും. അഞ്ച് മുതല്‍ ഏഴ് വരെ ഘട്ടങ്ങളിലായിരിക്കാം തെരഞ്ഞെടുപ്പ്.

Latest