Connect with us

Kerala

പണിയെടുത്ത് സമരം; സംസ്ഥാനത്ത് ആര്‍ടിഒ ജീവനക്കാര്‍ രാത്രി എട്ടു മണിവരെ ജോലി ചെയ്ത് പ്രതിഷേധിക്കും

ജീവനക്കാര്‍ക്ക് പ്രമോഷനുള്ള സാധ്യത തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് സമരം.

Published

|

Last Updated

തിരുവനന്തപുരം|മോട്ടോര്‍ വാഹന വകുപ്പില്‍ സ്ഥാന കയറ്റം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ആര്‍ടിഒ  ജീവനക്കാര്‍ ഇന്ന് രാത്രി എട്ടു മണി വരെ ജോലി ചെയ്ത് സമരം ചെയ്യും. കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷനാണ് എട്ട് മണി വരെ ആര്‍ടി ഓഫീസുകളില്‍ അധിക സമയം ജോലി ചെയ്ത് പ്രതിഷേധിക്കുന്നത്. കേരളത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരുടെ നിയമനം, യോഗ്യത, പ്രൊബേഷന്‍, പ്രൊമോഷന്‍ എന്നീ കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്ന സ്‌പെഷ്യല്‍ റൂളുകളില്‍ ഭേദഗതി വരുത്തി ജീവനക്കാര്‍ക്ക് പ്രമോഷനുള്ള സാധ്യത തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് സമരം. വനിതാ ജീവനക്കാര്‍ ഉള്‍പ്പടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

നേരത്തേ രണ്ട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ജോയിന്റ് ആര്‍ടിഒ ആയി സ്ഥാന കയറ്റം ലഭിക്കുമ്പോള്‍ ഒരു സീനിയര്‍ സൂപ്രണ്ടിന് ജോയിന്റ് ആര്‍ടിഒ ആയി സ്ഥാന കയറ്റം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എട്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ജോയിന്റ് ആര്‍ടിഒ ആയി മാറുമ്പോള്‍ മാത്രമാണ് ഒരു സീനിയര്‍ സൂപ്രണ്ടിന് സ്ഥാന കയറ്റം കിട്ടുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. സമര പരിപാടിയില്‍ സംസ്ഥാനത്തെ എല്ലാ ആര്‍ടി ഓഫീസുകളും പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

 

 

 

Latest