Connect with us

Gulf

സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് കുവൈത്ത് ഒരു മാസം അധിക കാലാവധി അനുവദിച്ചു

ഈ കാലയളവില്‍ പിഴകളും ഫീസുകളും പൂര്‍ണമായി ഒഴിവാക്കും

Published

|

Last Updated

കുവൈത്ത് സിറ്റി | ഗള്‍ഫ് മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഒരു മാസം സ്വമേധയാ അധിക കാലാവധി അനുവദിച്ചു. 2026 ഫെബ്രുവരി 28 മുതല്‍ കാലാവധി കഴിഞ്ഞതോ ഉടന്‍ കാലാവധി തീരാനിരിക്കുന്നതോ ആയ എല്ലാ തരത്തിലുള്ള വിസിറ്റ് വിസകള്‍ക്കും ഒരു മാസം കാലാവധി നീട്ടി ലഭിക്കും. ഇത് ഇലക്ട്രോണിക് സംവിധാനത്തിലൂടെ സ്വമേധയാ പ്രാബല്യത്തില്‍ വരും. അതിനാല്‍ റെസിഡന്‍സി കാര്യാലയങ്ങളില്‍ നേരിട്ട് പോകേണ്ടതില്ല. ഈ കാലയളവില്‍ പിഴകളും ഫീസുകളും പൂര്‍ണമായി ഒഴിവാക്കും.

അതേസമയം രാജ്യത്തിന് പുറത്തുള്ള കുവൈത്ത് റെസിഡെന്‍സിയുള്ളവരില്‍, അനുവദിച്ചിരുന്ന അഭാവകാലം കഴിഞ്ഞിട്ടും തിരികെ വരാന്‍ കഴിയാത്തവര്‍ക്ക് അധിക മൂന്നു മാസത്തെ അനുമതി നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതും ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് ലഭിക്കുക. രാജ്യത്തെ സാഹചര്യം അനുസരിച്ച് ഈ കാലാവധി കൂടുതല്‍ നീട്ടാനും സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പുതിയ വിവരങ്ങള്‍ക്കായി മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകള്‍ പിന്തുടരണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വ്യോമപാത അടച്ചതിനെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങി വിസ കാലാവധി തീര്‍ന്നവര്‍ക്ക് യു എ ഇയും ഇളവുകള്‍ പ്രഖ്യാപിച്ചു. ഇവര്‍ക്കുള്ള ഓവര്‍‌സ്റ്റേ ഫൈന്‍ ഒഴിവാക്കി. വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്കും ഫെബ്രുവരി 28ന് ശേഷം സന്ദര്‍ശക വിസ, ടൂറിസ്റ്റ് വിസ കാലാവധി തീരുന്നവര്‍ക്കും ഇളവ് ലഭ്യമാണ്. താമസ വിസ റദ്ദാക്കി രാജ്യം വിടാനിരുന്നവര്‍ക്കും പിഴ ഉണ്ടാവില്ല. യു എ ഇ ഐ സി പിയാണ് ഇക്കാര്യം അറിയിച്ചത്.

Latest