National
കശ്മീര്‍: മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് ഇന്ത്യ
പാക് അധീന കശ്മീര്‍ ഇന്ത്യക്ക് തിരികെ നല്‍കണം

ന്യൂഡല്‍ഹി | കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും ആരും മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിഷയത്തില്‍ ഇടപെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വാദം തള്ളിക്കൊണ്ടാണ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ചര്‍ച്ച നടന്ന ഡി ജി എം ഒ തലത്തില്‍ മാത്രമാണെന്നും പാക് അധീന കശ്മീര്‍ ഇന്ത്യക്ക് തിരികെ നല്‍കണമെന്നും ഇന്ത്യ വ്യക്തമാക്കി.
കശ്മീരിലെ ഏക വിഷയം പാക് അധീന കശ്മീര്‍ ഇന്ത്യക്ക് നല്‍കുക എന്നതാണ്. ഓപറേഷന്‍ സിന്ദൂറില്‍ പാക് വ്യോമ താവളങ്ങള്‍ തകര്‍ത്തു. പിന്നാലെ പാകിസ്താന്‍ ഇന്ത്യയെ സമീപിച്ചു. വെടിനിര്‍ത്തലില്‍ പാകിസ്താനാണ് ചര്‍ച്ചക്ക് സമീപിച്ചത്. പാകിസ്താനിലെ ടി ആര്‍ എഫിനെ നിയന്ത്രിച്ചത് ആരെന്നതിന് തെളിവുണ്ട്. ടി ആര്‍ എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം. ഇക്കാര്യം യു എന്നിനോട് ആവശ്യപ്പെടും.
പാകിസ്താന്റെ ആണവായുധ ഭീഷണി വിലപ്പോകില്ല. ആണവായുധ ബ്ലാക്ക് മെയിലിംഗ് അനുവദിക്കില്ല. ഓപറേഷന്‍ സിന്ദൂറില്‍ പാകിസ്താന്‍ ഭയന്നു. ഇന്ത്യയുടെ ശക്തി മനസ്സിലാക്കിയാണ് പാകിസ്താന്‍ സൈനിക നീക്കം അവസാനിപ്പിച്ചത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാകിസ്താനാണ് ആദ്യം താത്പര്യമെടുത്തത്.അമേരിക്ക നടത്തിയ സംഭാഷണത്തില്‍ വ്യാപാരം ചര്‍ച്ചയായില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.