Kerala
ഹാജിമാരുടെ മടക്കയാത്ര തുടരുന്നു; ഇതുവരെ തിരിച്ചെത്തിയത് 5069 പേർ
കേരളത്തിൽ നിന്നും ഹജ്ജിന് യാത്രയായവരിൽ 12 പേർ സൗദിയിൽ വെച്ച് മരിച്ചു.

കരിപ്പൂർ | വിശുദ്ധ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഹാജിമാരുടെ മടക്കയാത്ര തുടരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി പുറപ്പെട്ട 16482 ഹാജിമാരിൽ, 5069 പേർ തിരിച്ചെത്തി.
കാലിക്കറ്റ് എംബാർക്കേഷനിൽ 12 വിമാനങ്ങളിലായി 2045 തീർത്ഥാടകർ തിരിച്ചെത്തി. കൊച്ചിൻ എംബാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയായ തീർത്ഥാടകരിൽ 9 വിമാനങ്ങളിലായി 2533 പേർ തിരിച്ചെത്തി. കണ്ണൂർ എംബാർക്കേഷനിൽ ജൂൺ 30 മുതലാണ് മടക്ക യാത്ര ആരംഭിച്ചത്. കണ്ണൂരിൽ 3 വിമാനങ്ങളിലായി 491 പേർ തിരിച്ചെത്തിയിട്ടുണ്ട്.
കേരളത്തിൽ നിന്നും ഹജ്ജിന് യാത്രയായവരിൽ 12 പേർ സൗദിയിൽ വെച്ച് മരിച്ചു.
കാലിക്കറ്റ് എംബാർക്കേനിലെ അവസാന മടക്കയാത്രാ വിമാനം ജൂലായ് 8നും, കൊച്ചിയിലേത് ജൂലായ് 10നുമാണ്. കേരളത്തിലേക്കുള്ള അവസാന മടക്ക യാത്രാ വിമാനം ജൂലായ് 11ന് കണ്ണൂർ എംബാർക്കേഷൻ പോയിന്റിൽ എത്തിച്ചേരും.