Kerala
ശബരിമല സ്വര്‍ണക്കൊള്ള: സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
സി പി എമ്മിന് ഏറ്റവും വേണ്ടപ്പെട്ട പ്രതികളിലേക്ക് അന്വേഷണം പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന ആരോപണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.
സി പി എമ്മിന് ഏറ്റവും വേണ്ടപ്പെട്ട പ്രതികളിലേക്ക് അന്വേഷണം പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് അന്വേഷണത്തിലെ ഇടപെടലുകള്‍. യു ഡി എഫ് ഒന്നിച്ചെടുത്ത തീരുമാനമാണ് സമരം. മന്ത്രിമാര്‍ പറഞ്ഞത് നിലവാരം കുറഞ്ഞ കാര്യങ്ങളാണ്. അഞ്ചു മന്ത്രിമാരാണ് തന്നെ അധിക്ഷേപിച്ചത്. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത വിധത്തിലായിരുന്നു അധിക്ഷേപമെന്നും വി ഡി സതീശന്‍ പറഞ്ഞു.
വാച്ച് ആന്‍ഡ് വാര്‍ഡ് ആണ് പ്രകോപനമുണ്ടാക്കിയതെന്നും വി ഡി സതീശന്‍ പറഞ്ഞു. സമാനതകള്‍ ഇല്ലാത്ത സംഭവങ്ങള്‍ നടക്കുമ്പോള്‍ സമാനതകള്‍ ഇല്ലാത്ത പ്രതിഷേധം ഉണ്ടാവും. 90 ദിവസം കഴിഞ്ഞിട്ടും പ്രാഥമിക കുറ്റപത്രം പോലും നല്‍കിയില്ല. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനറുമായിട്ടാണ് പ്രതിപക്ഷ എം എല്‍ എമാര്‍ നിയമസഭ കവാടത്തില്‍ പ്രതിഷേധിച്ചത്. കടകംപള്ളിയും പോറ്റിയും ഉള്ള ഫോട്ടോയും പോസ്റ്ററിലുണ്ടായിരുന്നു.

