Connect with us

Kerala

ശബരിമല സ്വര്‍ണകൊള്ള: മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ജാമ്യം നേടി പുറത്തിറങ്ങിയേക്കും

ജയില്‍ മോചിതനാകുന്ന പോറ്റിയെ ഇ ഡി ചോദ്യം ചെയ്‌തേക്കും

Published

|

Last Updated

തിരുവനന്തപുരം | ശബരിമല സ്വര്‍ണകൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ ഇന്ന് വിധി പറയും. എസ് ഐ ടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചേക്കും. കഴിഞ്ഞ ദിവസം ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു.

ജയില്‍ മോചിതനാകുന്ന പോറ്റിയെ ഇ ഡി ചോദ്യം ചെയ്‌തേക്കും. സ്വര്‍ണക്കൊള്ളയിലെ ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യത്തിന് പിന്നാലെ കട്ടിളപ്പാളി കേസിലും ജാമ്യം ലഭിക്കുന്നതോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയും ജയില്‍ മോചിതനാകുന്നത്. റിമാന്‍ഡിലായി 90 ദിവസം പൂര്‍ത്തിയായിട്ടും കുറ്റപത്രം നല്‍കിയിട്ടില്ലാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു കാട്ടി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയുക.

2025 നവംബര്‍ മൂന്നിനാണ് കട്ടിളപ്പാളി കേസില്‍ പോറ്റി അറസ്റ്റിലാകുന്നത്. പ്രത്യേക അന്വേഷണ സംഘം പ്രാഥമിക കുറ്റപത്രം പോലും സമര്‍പ്പിക്കാത്തതിനാല്‍ വിജിലന്‍സ് കോടതി പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കും.

കര്‍ശന ഉപാധികളോടെ ആവും പോറ്റിയുടെ ജാമ്യം. കേസില്‍ ജയില്‍ മോചിതനാകുന്ന നാലാമത്തെയാളാകും ഉണ്ണികൃഷ്ണന്‍ പോറ്റി. നേരത്തെ ശബരിമല മുന്‍ അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍മാരായ മുരാരി ബാബുവും എസ് ശ്രീകുമാറും എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാറും ജയില്‍ മോചിതരായിരുന്നു. മുന്‍ തിരുവാഭരണം കമ്മീഷണറായ കെ എസ് ബൈജുവും സ്വഭാവിക ജാമ്യംതേടി കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. റിമാന്‍ഡ് ചെയ്ത് 90 ദിവസം കഴിയുന്നത്തോടെ മറ്റു പ്രതികളും സ്വാഭാവിക ജാമ്യം തേടി വിജിലന്‍സ് കോടതിയെ സമീപിക്കും.

Latest