Connect with us

Kerala

സമയബന്ധിതമായി തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണം: മുഖ്യമന്ത്രി

നമ്മുടെ തലത്തിൽ എടുക്കാൻ കഴിയുന്ന തീരുമാനം മറ്റേതെങ്കിലും തലത്തിലേക്ക് തട്ടിവിടൽ സാധാരണ രീതിയല്ല

Published

|

Last Updated

കണ്ണൂർ | ഏത് കാര്യത്തിലും സമയബന്ധിതമായി തീരുമാനം എടുക്കാൻ വേണ്ടി കഴിയണം എന്നതാണ് ഉദ്യോഗസ്ഥർ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത് കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. വനിതാ കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ തലത്തിൽ എടുക്കാൻ കഴിയുന്ന തീരുമാനം മറ്റേതെങ്കിലും തലത്തിലേക്ക് തട്ടിവിടൽ സാധാരണ രീതിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരുമാനം അതത് തലത്തിൽ എടുത്ത് പോവണം. ആ തീരുമാനം സർക്കാറിന് വേണ്ടിയുള്ളതാണ്. നിലവിലുള്ള നിയമവും ചട്ടവും പ്രകാരം എടുക്കുന്ന തീരുമാനമാണ്. അത്തരം തീരുമാനം എടുക്കുന്നതിന് കൃത്യമായ പരിരക്ഷയും സർക്കാറിൽനിന്നുണ്ടാവും. ആരും അതിൽ ശങ്കിച്ചുനിൽക്കാൻ പാടില്ല.

തൊള്ളായിരത്തോളം സേവനങ്ങളാണ് ഓൺലൈനാക്കിയത്. നല്ല വേഗത ഇതിലുണ്ടായിട്ടുണ്ട്. താലൂക്ക് തല അദാലത്തിൽ പല കാര്യങ്ങളിലും തീരുമാനം ഉണ്ടായിട്ടുണ്ട്. വിവിധ തലത്തിൽ ജനങ്ങളുമായുള്ള സംവേദനം നാം നടത്തി. നവകേരള സദസ്സ് അതിന്റെ ഭാഗമായിരുന്നു. നാലാം വാർഷികത്തിന്റെ ഭാഗമായി മന്ത്രിമാരെല്ലാം പങ്കെടുത്ത ചർച്ചയും പ്രഭാതയോഗവും നടന്നു. നല്ല ഫലം ചെയ്ത കാര്യമാണത്. വേഗതയിൽ കാര്യങ്ങൾ നിർവഹിക്കുക. തെറ്റായ രീതിയിൽ ചിത്രീകരിക്കപ്പെടാം. ആ ചിത്രീകരണം വന്നോട്ടെ. പക്ഷേ, നല്ല ദിശാബോധത്തോടെയാണ് നാം നീങ്ങുന്നത്. ഓരോ മേഖലയിലും കാര്യങ്ങൾ നിർവഹിക്കുന്നതിലൂടെ അതിന്റേതായ മാറ്റങ്ങൾ ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞു.

നാടിന്റെ പൊതുവായ കാര്യങ്ങൾക്ക് മുൻഗണന കൊടുത്തുകൊണ്ട് തീരുമാനങ്ങൾ എടുത്തുപോവാൻ ശ്രദ്ധിക്കണം. ചുമതലകൾ കൃത്യമായി നിർവഹിക്കാൻ സാധിക്കണം. നമ്മളിലൂടെ ചെയ്യേണ്ട കാര്യങ്ങൾ കൃത്യതയോടെ, ഒരു തെറ്റായ രീതിയിലും നീങ്ങാതെ സംശുദ്ധമായ രീതിയിൽ നിർവഹിക്കാനാവണം.

സർക്കാർ എന്ന് പറയുമ്പോൾ, മന്ത്രിസഭ നയപരമായ കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കുമെങ്കിലും സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് താഴെ തലം മുതൽ ചീഫ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥ വൃന്ദമാണ്. സംസ്ഥാനത്തിന്റെ പൊതുവായ നേട്ടങ്ങൾ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഫലപ്രദമായ പ്രവർത്തനത്തിലൂടെയാണ് നമുക്ക് നേടിയെടുക്കാൻ സാധിക്കുക. സംസ്ഥാനത്തെ ജനങ്ങൾ ഒട്ടേറെ ആവശ്യങ്ങളുമായി, പരാതികളുമായി വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ വിവിധ തലങ്ങളിലുള്ള ഭരണ കേന്ദ്രങ്ങളെ സമീപിക്കുന്നുണ്ട്. നാം ഭരിക്കുന്നവരും, ഇങ്ങനെ സമീപിക്കുന്നവർ ഭരിക്കപ്പെടുന്നവരും എന്ന ചിന്ത ഉണ്ടാവാൻ പാടില്ല. ഭരിക്കുന്നവർ എന്ന് പറയുന്നവർ ആ വിഭാഗത്തിന്റെ ദാസൻമാരാണ്. അവരാണ് പലപ്പോഴും വല്ലാത്ത അതൃപ്തിയിലാവുന്നത്. വല്ലാതെ കാലതാമസം പല കാര്യങ്ങളിലും ഉണ്ടാവുന്നത് അവരിൽ വലിയ അസംതൃപ്തി സൃഷ്ടിക്കും. സാധാരണ രീതിയിൽ സംസ്ഥാനത്തുണ്ടാവുന്ന ഫയലുകൾ വളരെ കൂടുതലാണ്. തീരുമാനങ്ങൾ എടുക്കുന്നതിൽ പൊതുവേ വേഗത കൂടിയിട്ടുണ്ട്. എന്നാൽ, ഇനിയും നല്ല തോതിൽ വേഗത കൂട്ടാൻ പറ്റണം. ഫയൽ അദാലത്തിലൂടെ ഫലപ്രദമായി കാര്യങ്ങൾ നിവഹിക്കാനാവണം. കൃത്യമായി സെക്രട്ടറിമാർ മോണിറ്റർ ചെയ്ത്, ചീഫ് സെക്രട്ടറിതലത്തിലുള്ള പരിശോധനയും ഉണ്ടാവുന്ന ഒന്നാണ് ഫയൽ അദാലത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest