Connect with us

Kerala

ജി സുധാകരന്‍ പക്വതയും അനുഭവ സമ്പത്തുമുള്ള സഖാവ്; പാര്‍ട്ടി എല്ലാ പരിഗണനയും നല്‍കി: ഇ പി ജയരാജന്‍

സംസ്ഥാന സെക്രട്ടറി തന്നെ അവഗണിച്ചുവെന്നോ പരിഹസിച്ചുവെന്നോ അദ്ദേഹം പറയുമെന്ന് താന്‍ വിശ്വസിക്കുന്നില്ല

Published

|

Last Updated

തിരുവനന്തപുരം |  സിപിഎം അംഗത്വം പുതുക്കില്ലെന്ന മുന്‍ മന്ത്രി ജി സുധാകരന്റെ നിലപാടില്‍ പ്രതികരണവുമായി ഇ പി ജയരാജന്‍. ജി സുധാകരന്‍ വളരെ പക്വതയും അനുഭവ സമ്പത്തുമുള്ള നേതാവാണെന്നും പാര്‍ട്ടി അദ്ദേഹത്തെ എല്ലാ രീതിയിലും പരിഗണിച്ചിട്ടുണ്ടെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥി കാലഘട്ടം മുതല്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചവരാണ് തങ്ങള്‍. ഒരുപാട് കാലത്തെ അനുഭവപരിചയവുമുണ്ട്. അതുകൊണ്ടുതന്നെ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന സഖാവല്ല അദ്ദേഹമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

സുധാകരനെ പാര്‍ട്ടി അവഗണിച്ചിട്ടില്ല. അദ്ദേഹം പാര്‍ട്ടിയെപ്പറ്റി തെറ്റായി ചിന്തിക്കുമെന്ന് കരുതുന്നില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി തന്നെ അവഗണിച്ചുവെന്നോ പരിഹസിച്ചുവെന്നോ അദ്ദേഹം പറയുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. എല്ലാ കാലത്തും പാര്‍ട്ടി ജി സുധാകരനെ വേണ്ടരീതിയില്‍ പരിഗണിച്ചിട്ടുണ്ട്. താന്‍ യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ സുധാകരന്‍ വൈസ് പ്രസിഡന്റായിരുന്നു എന്നും ജയരാജന്‍ ഓര്‍മിപ്പിച്ചു.

63 വര്‍ഷത്തെ പാര്‍ട്ടി അംഗത്വ ചരിത്രമുള്ള താന്‍ ഇനി അംഗത്വം പുതുക്കുന്നില്ലെന്നും പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നേരത്തേ ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്നും സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക നേതൃത്വം തന്നെ അവഗണിച്ചെന്നും സംസ്ഥാന സെക്രട്ടറി താന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന തരത്തില്‍ പറഞ്ഞുവെന്നും കളിയാക്കി ചിരിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു

 

Latest