National
വിവാഹേതര ബന്ധം തെളിയിക്കാൻ ഭാര്യയുടെ ശബ്ദ സാമ്പിൾ നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി
സാങ്കേതികവിദ്യയുടെ വരവോടെ സാധാരണ തെളിവുകൾക്ക് പകരം ഇലക്ട്രോണിക് തെളിവുകൾക്ക് പ്രാധാന്യമുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ശൈലേഷ് ബ്രഹ്മെയുടെ ഉത്തരവ്.

മുംബൈ | ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കുന്നതിന് ശബ്ദ സാമ്പിൾ നൽകാൻ ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബഞ്ച് സ്ത്രീക്ക് നിർദ്ദേശം നൽകി. സാങ്കേതികവിദ്യയുടെ വരവോടെ സാധാരണ തെളിവുകൾക്ക് പകരം ഇലക്ട്രോണിക് തെളിവുകൾക്ക് പ്രാധാന്യമുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ശൈലേഷ് ബ്രഹ്മെയുടെ ഉത്തരവ്. ഗാർഹിക പീഡന നിയമത്തിൽ ശബ്ദ സാമ്പിളുകൾ നൽകാൻ ഒരു കക്ഷിയെ നിർബന്ധിക്കുന്നതിന് വ്യവസ്ഥകളില്ലെന്ന് പറഞ്ഞ കോടതി, ഈ കേസിന്റെ നടപടിക്രമങ്ങൾ ഭാഗികമായി സിവിൽ സ്വഭാവവും ഭാഗികമായി ക്രിമിനൽ സ്വഭാവമുള്ളതുമാണ് എന്നും കൂട്ടിച്ചേർത്തു.
ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഭർത്താവ് ഹാജരാക്കിയ ശബ്ദരേഖകൾ ഫോറൻസിക് ലാബിൽ പരിശോധിപ്പിക്കാനായി ഭാര്യയുടെ ശബ്ദ സാമ്പിൾ നൽകാൻ നിർദ്ദേശം തേടിയുള്ള ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഭർത്താവ് ഹാജരാക്കിയ ഇലക്ട്രോണിക് തെളിവുകൾക്ക് പ്രാധാന്യമുണ്ടെന്നും അതിനാൽ ഭാര്യ ശബ്ദ സാമ്പിൾ നൽകാൻ ബാധ്യസ്ഥയാണെന്നും കോടതി വ്യക്തമാക്കി.
ശബ്ദരേഖകൾ റെക്കോർഡ് ചെയ്ത യഥാർത്ഥ മൊബൈൽ ഫോൺ ലഭ്യമല്ലെന്നതിനാൽ ഭർത്താവ് സമർപ്പിച്ച മെമ്മറി കാർഡും സിഡിയും തെളിവായി സ്വീകരിക്കാനാവില്ലെന്ന ഭാര്യയുടെ വാദവും കോടതി അംഗീകരിച്ചില്ല. ഈ കാര്യങ്ങളെല്ലാം വിചാരണ കോടതിക്ക് പരിഗണിക്കാവുന്നതാണെന്ന് ജസ്റ്റിസ് ബ്രഹ്മെ പറഞ്ഞു.
ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം സ്ത്രീ കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിന് മറുപടിയായി, ഭാര്യയുടെയും അവരുടെ കാമുകൻ എന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെയും ശബ്ദരേഖകളടങ്ങിയ ഒരു മെമ്മറി കാർഡും സിഡിയും ഭർത്താവ് കുടുംബ കോടതിയിൽ സമർപ്പിക്കുകയായരിുന്നു.
എന്നാൽ, ഈ ആരോപണങ്ങൾ സ്ത്രീ നിഷേധിക്കുകയും റെക്കോർഡിംഗുകളിലേത് തൻ്റെ ശബ്ദമല്ലെന്ന് വാദിക്കുകയും ചെയ്തു. തുടർന്ന്, ഭാര്യയുടെ ശബ്ദ സാമ്പിൾ ആവശ്യപ്പെട്ട് ഭർത്താവ് അഹില്യാനഗർ ജില്ലയിലെ പാർനെർ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. മജിസ്‌ട്രേറ്റ് ഈ അപേക്ഷ നിരസിച്ചതിനെത്തുടർന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിയുടെ 2024 ഫെബ്രുവരിയിലെ ഉത്തരവ് റദ്ദാക്കുകയും മൂന്നാഴ്ചയ്ക്കുള്ളിൽ സ്ത്രീ ശബ്ദ സാമ്പിൾ നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഈ സാമ്പിൾ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കണമെന്നും കോടതി അറിയിച്ചു.