Kerala
പ്രണയ നൈരാശ്യം; കൊച്ചിയില്‍ വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയില്‍
ട്രെയിനിന്റെ പുറത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്
കൊച്ചി | വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസില്‍ യുവാവ് പിടിയില്‍. അങ്കമാലി പാറക്കടവ് പോപ്പുള്ളി വീട്ടില്‍ സുജിത് സുരേഷിനെയാണ് ആലുവ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. വന്ദേ ഭാരത് ട്രെയിനിന്റെ പുറത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രണയനൈരാശ്യത്തിലാണ് കല്ലെറിഞ്ഞതെന്നാണ് പ്രതി മൊഴി നല്‍കിയത്.
ഈ മാസം ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം.രാവിലെ 7.15 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്തുള്ള അകപറമ്പ് റെയില്‍വേ ഗേറ്റിന് സമീപത്ത് വെച്ചാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരതിന് നേരെയാണ് മൂന്ന് തവണ കല്ലെറിഞ്ഞത്. കല്ലേറില്‍ ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു




