Kerala
ഈദ് നമ്മളിലേക്കെത്തുന്നത് അത്മീയ വിജയത്തിന്റെ ആഘോഷമായി:സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
പശ്ചിമേഷ്യയില്‍ നടക്കുന്ന പ്രയാസകരമായ സാഹചര്യങ്ങള്‍ക്കിടയിലും, വിശ്വാസത്തിന്റെയും സഹനത്തിന്റെയും ഐക്യത്തിന്റെയും ശക്തി ഓര്‍മ്മപ്പെടുത്തുന്ന ഒരു അനുഗ്രഹ മുഹൂര്‍ത്തമാണ് പെരുന്നാള്‍
മലപ്പുറം | വിശുദ്ധ റമസാന്‍ വഴിയുള്ള ആത്മശുദ്ധിയും സഹനവും ത്യാഗവും പൂര്‍ത്തിയാക്കി, ഈദ് നമ്മിലേക്ക് എത്തുന്നത് ആത്മീയ വിജയത്തിന്റെ ആഘോഷമായാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിപറഞ്ഞു. വിശപ്പും ദാഹവും സഹിച്ച് നമ്മള്‍ സമഭാവനയുടെ അനുഭവ പാഠങ്ങള്‍ നേടിയെടുത്തു. ഇനി കരുണയും വിനയവും മനുഷ്യസ്നേഹവും നമ്മുടെ ജീവിതത്തിലാകെ പ്രതിഫലിക്കണം.
നമുക്ക് ചുറ്റുമുള്ള ദരിദ്രരെയും ആവശ്യക്കാരെയും മറക്കാതെ, അവരുമായി സന്തോഷം പങ്കിടുകയും, സഹാനുഭൂതിയോടെ കൈത്താങ്ങാവുകയും ചെയ്യുന്നതിലാണ് ഈദിന്റെ യഥാര്‍ത്ഥ ആത്മാവ്.
പശ്ചിമേഷ്യയില്‍ നടക്കുന്ന പ്രയാസകരമായ സാഹചര്യങ്ങള്‍ക്കിടയിലും, വിശ്വാസത്തിന്റെയും സഹനത്തിന്റെയും ഐക്യത്തിന്റെയും ശക്തി ഓര്‍മ്മപ്പെടുത്തുന്ന ഒരു അനുഗ്രഹ മുഹൂര്‍ത്തമാണ് പെരുന്നാള്‍. ആഘോഷത്തിന്റെ ഈ സമയത്ത് കഷ്ടതകള്‍ അനുഭവിക്കുന്ന സഹോദരങ്ങളെയും സഹോദരിമാരെയും നമ്മള്‍ മറക്കരുത്അവരെ സഹായിക്കുകയും, പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൈതാങ്ങാവുകയും ചെയ്യുന്നതാണ് ഈദിന്റെ യഥാര്‍ത്ഥ സന്ദേശം.-ഖലീല്‍ തങ്ങള്‍ പറഞ്ഞു
സമാധാനത്തിനായി പ്രവര്‍ത്തിക്കാനും പ്രാര്‍ഥിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുക. ഒരുമയുണ്ടാക്കാനുള്ള സത്യസന്ധമായ ശ്രമങ്ങളെ പിന്തുണയ്ക്കുക. സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍, നമ്മുടെ വരവു ചെലവുകള്‍ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുകയും, ആഢംബരവും അതിരുകടന്ന ചിലവുകളും ഒഴിവാക്കി വിവേകത്തോടെ പണം കൈകാര്യം ചെയ്യാന്‍ നമ്മള്‍ ശ്രമിക്കണം.
ഈദ് നമ്മെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കുകയും, സ്നേഹത്തിലും സമാധാനത്തിലും സമത്വത്തിലും നില്‍ക്കുന്ന ഒരു സമൂഹം നിര്‍മ്മിക്കാന്‍ പ്രചോദനമാകുകയും ചെയ്യട്ടെ. അല്ലാഹു നമ്മുടെ നോമ്പുകളും പ്രാര്‍ത്ഥനകളും സ്വീകരിച്ച് എല്ലാവര്‍ക്കും സമാധാനവും അനുഗ്രഹവും നല്‍കട്ടെ.െ എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍.
സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി (ജനറല്‍ സെക്രട്ടറി കേരള മുസ് ലിം ജമാഅത്ത്, ചെയര്‍മാന്‍ മഅദിന്‍ അക്കാദമി)




