Sports
ആഞ്ചലോട്ടി ബ്രസീൽ പരിശീലകൻ
ബ്രസീലിന്റെ മുഖ്യപരിശീലകനാകുന്ന ആദ്യ വിദേശിയാണ് ആഞ്ചലോട്ടി.

റിയോ ഡി ജനീറോ | സീസൺ അവസാനത്തോടെ റയൽ മാഡ്രിഡ് വിടുന്ന കാർലോ അഞ്ചലോട്ടി ബ്രസീൽ പുരുഷ ഫുട്‌ബോൾ ടീമിന്റെ പരിശീലകനാകും. ബ്രസീൽ ഫുട്‌ബോൾ അസ്സോസിയേഷനാണ് (സി ബി എഫ്) പ്രഖ്യാപനം നടത്തിയത്. ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരിശീലകരിലൊരാളായ അഞ്ചലോട്ടിയുടെ കീഴിൽ രണ്ട് ചാമ്പ്യൻസ് ലീഗും രണ്ട് ലാലിഗ കിരീടങ്ങളുമുൾപ്പെടെ റയൽ 15 കിരീടങ്ങൾ നേടിയിട്ടുണ്ട്.
എന്നാൽ, 2024-25 സീസണിൽ കിരീടം നേടാനാകാത്ത ദുഃഖത്തോടെയാണ് ഇറ്റലിക്കാരനായ ആഞ്ചലോട്ടി പടിയിറങ്ങുന്നത്. കഴിഞ്ഞ ദിവസം എൽ ക്ലാസ്സികോ പോരിൽ ബാഴ്‌സയോട് 4-3ന് പരാജയപ്പെട്ടതോടെ റയലിന്റെ ലാലിഗ പ്രതീക്ഷകൾ അവസാനിച്ചിരുന്നു.2026 ഫിഫ ലോകകപ്പിൽ ബ്രസീലിനെ ചാമ്പ്യന്മാരാക്കുന്നതിലാകും ആഞ്ചലോട്ടിയുടെ ശ്രദ്ധ. അടുത്ത മാസം ഇക്വഡോറിനും പരാഗ്വെക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങളാകും 65കാരന്റെ ആദ്യ ദൗത്യം.
ബ്രസീലിന്റെ മുഖ്യപരിശീലകനാകുന്ന ആദ്യ വിദേശിയാണ് ആഞ്ചലോട്ടി. അർജന്റീനക്കെതിരായ തോൽവിയെ തുടർന്ന് ഡോറിവാൾ ജൂനിയറെ പുറത്താക്കിയ ഒഴിവിലാണ് നിയമനം.ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 14 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബ്രസീൽ നാലാം സ്ഥാനത്താണ്. ആദ്യ ആറ് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ നേരിട്ട് യോഗ്യത നേടും. 2002ന് ശേഷം ബ്രസീൽ ലോകകപ്പ് നേടിയിട്ടില്ല. 2019ലാണ് അവസാനമായി കോപ അമേരിക്ക ജയിച്ചത്.
ബയർ ലെവർകൂസൻ വിടുന്ന സാബി അലൻസോയാകും റയലിന്റെ പുതിയ പരിശീലകൻ.