Connect with us

International

ഇസ്റാഈൽ ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മന്ത്രിയും കൊല്ലപ്പെട്ടതായി അവകാശവാദം

ബുധനാഴ്ച പുറത്തുവന്ന ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടാൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മുതിർന്ന ഇറാനിയൻ നേതാവാകും ഖത്തീബ്.

Published

|

Last Updated

ടെൽ അവീവ് | ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മാഈൽ ഖത്തീബ് ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അവകാശപ്പെട്ടു. ബുധനാഴ്ച പുറത്തുവന്ന ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടാൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മുതിർന്ന ഇറാനിയൻ നേതാവാകും ഖത്തീബ്. എന്നാൽ ആക്രമണത്തെക്കുറിച്ച് ഇറാൻ ഇതുവരെ പ്രതികരിക്കുകയോ വാർത്ത സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുടെ വിശ്വസ്തനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരുടെ മരണം പ്രഖ്യാപിക്കാൻ ആവശ്യമായ രഹസ്യവിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതായി ഇസ്റാഈൽ വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ തലവൻ അലി ലാരിജാനി, ബസീജ് പാരാമിലിട്ടറി ഫോഴ്‌സ് തലവൻ ഗുലാം റെസ സുലൈമാനി എന്നിവർ ചൊവ്വാഴ്ച നടന്ന ഇസ്റാഈൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ലാരിജാനിയുടെയും സുലൈമാനിയുടെയും സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നടക്കും. മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടത് ഇറാൻ ഭരണകൂടത്തെ തളർത്തില്ലെന്നും ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല ഇറാൻ സർക്കാർ നിലനിൽക്കുന്നതെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പറഞ്ഞു.

മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ വധിക്കാൻ ഓരോ തവണയും പ്രത്യേക അനുമതി തേടാതെ തന്നെ സൈന്യത്തിന് അധികാരം നൽകിയതായി ഇസ്റാഈൽ കാറ്റ്സും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രഖ്യാപിച്ചു. യുദ്ധത്തിന്റെ ആദ്യ ദിനം കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉൾപ്പെടെയുള്ള പ്രമുഖരെ ലക്ഷ്യമിട്ടുള്ള ഇസ്റാഈലിന്റെയും അമേരിക്കയുടെയും നീക്കങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ ആക്രമണങ്ങൾ. ഹമാസ്, ഹിസ്ബുല്ല നേതാക്കൾക്ക് പുറമെ ഹൂതി മുൻ പ്രധാനമന്ത്രി അഹമ്മദ് റഹാവി എന്നിവരെയും ഇസ്റാഈൽ നേരത്തെ വധിച്ചിരുന്നു.

 

Summary

Israeli Defence Minister Israel Katz has claimed the assassination of Iran’s Intelligence Minister Esmaeil Khatib, marking the third high-profile Iranian leader allegedly killed within two days. This follows the confirmed deaths of security chief Ali Larijani and Basij commander Gholamreza Soleimani in Israeli air strikes. While Tehran has yet to confirm Khatib’s death, Israel has now authorized its military to eliminate senior Iranian officials without case-by-case approval.

---- facebook comment plugin here -----

Latest