National
രഞ്ജന്‍ ഗൊഗോയ് എംപി സ്ഥാനത്തുനിന്നും വിരമിച്ചു; പടിയിറങ്ങുന്നത് സഭയില്‍ ഒരു ചോദ്യം പോലും ചോദിക്കാതെ
ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു
ന്യൂഡല്‍ഹി | സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എംപി സ്ഥാനത്തു നിന്നും വിരമിച്ചു. ആറ് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കല്‍. 2020 മാര്‍ച്ചില്‍ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തതിനെത്തുടര്‍ന്നാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്. അതേ സമയം ആറ് വര്‍ഷത്തെ കാലാവധിക്കിടയില്‍ സഭയില്‍ ഒരു ചോദ്യം പോലും അദ്ദേഹം ഉന്നയിച്ചിട്ടില്ലെന്ന് പാര്‍ലമെന്ററി രേഖകള്‍ വ്യക്തമാക്കുന്നു.എംപിമാര്‍ തങ്ങളുടെ മണ്ഡലത്തിലെയോ രാജ്യത്തെയോ പ്രധാന വിഷയങ്ങള്‍ ഉന്നയിക്കാന്‍ ഉപയോഗിക്കുന്ന ‘ക്വസ്റ്റ്യന്‍ അവര്‍’ അദ്ദേഹം ഉപയോഗിച്ചിട്ടേയില്ല.
എംപി എന്ന നിലയില്‍ ഒരു ചര്‍ച്ചയില്‍ മാത്രമാണ് അദ്ദേഹം സഭയില്‍ പങ്കെടുത്തത്. അതാകട്ടെ സര്‍ക്കാറിനെ അനുകൂലിച്ചുകൊണ്ടുമായിരുന്നു. 2023 ആഗസ്റ്റില്‍ നടന്ന ‘ഡല്‍ഹി സര്‍വീസ് ബില്‍’ സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു അത്. സഭയിലെ ഹാജര്‍ നിലയും വളരെ കുറവായിരുന്നു. സഭയില്‍ ഹാജരാകുന്നതില്‍ നിന്ന് ഇളവ് തേടിക്കൊണ്ട് അദ്ദേഹം പലതവണ അപേക്ഷ നല്‍കിയിരുന്നു.
ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രഞ്ജന്‍ ഗോഗോയിയുടെ ധൃതിപ്പെട്ട നിയമനം നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര സ്വഭാവത്തെ ബാധിക്കുമെന്ന് അന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അയോധ്യ കേസ് ഉള്‍പ്പെടെയുള്ള ചരിത്രപരമായ വിധികള്‍ പ്രസ്താവിത് ഇദ്ദേഹം അധ്യക്ഷനായ ബെഞ്ചായിരുന്നു





