ഇരു രാജ്യങ്ങളും ഊരിയ വാള്‍ ഉറയിലിട്ടതില്‍ ഏറ്റവും കൂടുതല്‍ ആനന്ദിക്കുന്നത് കശ്മീരിലെ മനുഷ്യരാണ്. എത്രകാലമായി ആ ജനത അനുഭവിക്കുന്നു. രാജ്യത്തെവിടെയും തുല്യ നിയമവും തുല്യ പരിഗണനയും വേണം, ആര്‍ക്കും പ്രത്യേക അവകാശം വേണ്ട എന്ന് ശഠിച്ച് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയവരോ അതിന് മുമ്പുള്ള ഭരണകര്‍ത്താക്കളോ എപ്പോഴെങ്കിലും കശ്മീരിലെ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടോ? ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 എല്ലാ പൗരന്‍മാര്‍ക്കും ജീവിക്കാനുള്ള അവകാശം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ അനുച്ഛേദം വ്യാഖ്യാനിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞത് ”അന്തസ്സോടെ ജീവിക്കാ’നുള്ള അവകാശമെന്നാണ്. ഈ അന്തസ്സ് കശ്മീരികള്‍ക്ക് എന്നെങ്കിലും വകവെച്ച് കൊടുത്തിട്ടുണ്ടോ? എക്കാലവും അവരുടെ ദേശക്കൂറിനെ സംശയിക്കുകയല്ലേ ചെയ്തത്? സുരക്ഷാ പിടിപ്പുകേട് മുതലെടുത്ത് തീവ്രവാദികള്‍ അനായാസം കടന്നുവന്ന് 26 മനുഷ്യരെ കൊന്ന് കടന്നുകളഞ്ഞപ്പോഴും കശ്മീരിയുടെ മതവും നിലപാടുകളും പ്രതിഷേധവുമല്ലേ പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടി വന്നത്. കശ്മീരിയുടെ കരുതല്‍ സ്ഥാപിച്ചെടുക്കാന്‍ എത്ര സ്റ്റോറികള്‍ ചെയ്യേണ്ടി വന്നു. ആരതിയുടെയും ഹിമാന്‍ശി നര്‍വാളിന്റെയും ബൈറ്റുകള്‍ ആഘോഷിക്കേണ്ടി വന്നില്ലേ. ഭൗമരാഷ്ട്രീയ കുതന്ത്രങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ ഇരയാകാതെ ഒരു ദിനവും കശ്മീരിക്ക് തള്ളി നീക്കാനാകില്ല. ആഗോള യുദ്ധ തന്ത്രങ്ങളുടെയും ആയുധങ്ങളുടെയും പരീക്ഷണ ശാലയായി ഈ ഭൂവിഭാഗം മാറിക്കഴിഞ്ഞിട്ട് കാലമെത്രയായി. ഇപ്പോള്‍ സാധ്യമായ സംഘര്‍ഷ വിരാമം മറ്റാരേക്കാളും കശ്മീരികള്‍ ആഘോഷിക്കും. അപ്പോഴും നാം അവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും.
---- facebook comment plugin here -----