Kerala
ഷവര്‍മ എന്നാല്‍ ശവം പ്ലസ് വര്‍മ; ഭക്ഷണത്തില്‍ വർഗീയ വിഷം ചീറ്റി ആര്‍ എസ് എസ് വാരികയുടെ പത്രാധിപര്‍
റാപ്പര്‍ വേടനെതിരെയും വിദ്വേഷ പരാമര്‍ശം

കൊല്ലം | ഭക്ഷണത്തില്‍ വിഷ പ്രയോഗവുമായി ആര്‍ എസ് എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപര്‍ എന്‍ ആര്‍ മധു. ആഹാരം തൃപ്തി തോന്നണമെങ്കില്‍ ഇപ്പോള്‍ അറേബ്യന്‍ ഫുഡ് കഴിക്കണമെന്നം ഷവര്‍മ എന്നാല്‍ ശവം പ്ലസ് വര്‍മയാണെന്നുമായിരുന്നു മധുവിന്റെ വിഷ പ്രയോഗം. കൊല്ലം കിഴക്കേക്കല്ലട പുതിയിടത്തു ശ്രീ പാര്‍വതി ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠ വാര്‍ഷികത്തിന്റെ സമാപനോദ്ഘാടനം നടത്തവെയാണ് വിദ്വേഷ പരാമര്‍ശമുണ്ടായത്.
ഷവര്‍മ കഴിച്ച് മരിച്ചവരെല്ലാം വര്‍മമാരാണ്. ഷവര്‍മ കഴിച്ച് മരിച്ചവരില്‍ ആയിശയും മുഹമ്മദും തോമസും ഇല്ല. പക്ഷേ അതില്‍ വര്‍മയുണ്ട്. അതുകൊണ്ടാണ് പേര് ശവര്‍മയെന്നായത്. കരിഞ്ഞ മാംസത്തിന്റെ ഗന്ധമാണ് നമ്മുടെ തെരുവുകളില്‍. ശ്മശാനത്തില്‍ കൂടി കടന്നുപോകുന്ന പ്രതീതിയാണിതെന്നും മധു പറഞ്ഞു.
പ്രസംഗത്തില്‍ റാപ്പര്‍ വേടനെതിരെയും വിദ്വേഷ പരാമര്‍ശമുണ്ടായി. വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നെന്നാണ് ആരോപണം. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനവാദികളുണ്ട്. വളര്‍ന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. ആള് കൂടാന്‍ വേടന്റെ പാട്ട് വെക്കുന്നവര്‍ നാളെ അമ്പല പറമ്പില്‍ ക്യാബറെ ഡാന്‍സും വെക്കും. വേടന്റെ പിന്നില്‍ ശക്തമായ സ്‌പോണ്‍സര്‍ ശക്തികളുണ്ടെന്നും മധു ആരോപിച്ചു.