Connect with us

Editors Pick

പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളും വ്യോമ താവളങ്ങളും; ഓപ്പറേഷൻ സിന്ദൂറിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പുറത്ത്

'ഓപ്പറേഷൻ സിന്ദൂറി'ന്റെ ഭാഗമായി ഇന്ത്യ പാകിസ്താനിലെ നിരവധി വ്യോമതാവളങ്ങളിൽ നടത്തിയ മിന്നൽ ആക്രമണത്തിൽ റൺവേകൾ, ഹാംഗറുകൾ, കെട്ടിടങ്ങൾ എന്നിവ തകർന്നത് ദൃശ്യങ്ങളിൽ വ്യക്തം

Published

|

Last Updated

ന്യൂഡൽഹി | ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ ഭാഗമായി ഇന്ത്യ പാകിസ്താനിലെ നിരവധി വ്യോമതാവളങ്ങളിൽ മിന്നൽ ആക്രമണം നടത്തി. റൺവേകൾ, ഹാംഗറുകൾ, കെട്ടിടങ്ങൾ എന്നിവ ഈ ആക്രമണത്തിൽ തകർന്നു. ആക്രമണത്തിന് മുൻപും ശേഷവുമുള്ള സർഗോദ, നൂർ ഖാൻ (ചക്ലാല), ഭോലാരി, ജാക്കോബാബാദ്, സുക്കൂർ, റഹീം യാർ ഖാൻ എന്നീ വ്യോമതാവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ദേശീയ വാർത്താ ചാനലായ എൻഡിടിവി.

മാക്സർ ടെക്നോളജീസിന്റെ ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ ഇന്ത്യയുടെ കൃത്യമായ ആക്രമണങ്ങളിൽ ഈ വ്യോമതാവളങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നു. എയർ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എയർ മാർഷൽ എ.കെ. ഭാരതി നടത്തിയ വാർത്താ സമ്മേളനത്തിൽ, ഇന്ത്യ പാകിസ്താനിലെ തിരഞ്ഞെടുത്ത സൈനിക ലക്ഷ്യങ്ങളിൽ ശക്തമായ ആക്രമണം നടത്തിയെന്നും ഇത് കൃത്യവും സൂക്ഷ്മവുമായിരുന്നുവെന്നും പറഞ്ഞിരന്നു.

ജാക്കോബാബാദ് വ്യോമതാവളം

രാജ്യാന്തര അതിർത്തിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് ജാക്കോബാബാദ് വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ, രാജസ്ഥാനിലെ ലോംഗേവാലയ്ക്ക് പടിഞ്ഞാറായാണ് ഇത്. പാകിസ്താന്റെ 39 ടാക്റ്റിക്കൽ വിംഗിന്റെ ആസ്ഥാനമാണിവിടം. ഇന്ത്യ ഈ വ്യോമതാവളത്തിലെ ഹാംഗറിനെ ആക്രമിച്ചു. വിമാനങ്ങളെ സംരക്ഷിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി വ്യോമതാവളങ്ങളിൽ നിർമ്മിക്കുന്ന നിർമിതികളാണ് ആണ് ഹാംഗറുകൾ.

മെയ് 11 ലെ ഉപഗ്രഹ ചിത്രം ഹാംഗറിന് നാശനഷ്ടം സംഭവിച്ചതായും ഘടനയ്ക്ക് സമീപം അവശിഷ്ടങ്ങൾ കാണുന്നതായും വ്യക്തമാക്കുന്നു. ഏപ്രിൽ 30 ലെ ചിത്രം ഈ ഘടന കേടുകൂടാതെയിരുന്നതായും കാണിക്കുന്നു.

ഭോലാരി വ്യോമതാവളം

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഭോലാരി, ജാക്കോബാബാദ്, സുക്കൂർ എന്നീ വ്യോമതാവളങ്ങളെയും ഇന്ത്യ ആക്രമിച്ചു. 2017 ൽ പ്രവർത്തനമാരംഭിച്ച പാകിസ്താനിലെ ഏറ്റവും പുതിയ വ്യോമതാവളങ്ങളിൽ ഒന്നാണ് ഭോലാരി.

ഇന്ത്യയുടെ കൃത്യമായ ആക്രമണത്തിൽ ഭോലാരിയിലെ ഹാംഗർ ലക്ഷ്യമിടുകയും മേൽക്കൂരയ്ക്ക് ഗുരുതരമായ നാശനഷ്ടം സംഭവിക്കുകയും ചെയ്തു എന്ന് മെയ് 11 ലെ ചിത്രം വ്യക്തമാക്കുന്നു. ഏപ്രിൽ 27 ലെ ഉപഗ്രഹ ചിത്രം, ഹാംഗർ കേടുകൂടാതെയിരുന്നതായി കാണിക്കുന്നു.

സുക്കൂർ വ്യോമതാവളം

സിന്ധ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സുക്കൂർ വ്യോമതാവളം പാകിസ്താന് തന്ത്രപ്രധാനമായ ഒരു വ്യോമതാവളമാണ്. ഇത് രാജസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിക്ക് പടിഞ്ഞാറാണ്. സുക്കൂർ, ജാക്കോബാബാദ്, ഭോലാരി എന്നിവ സിന്ധിലാണ് സ്ഥിതി ചെയ്യുന്നത്. പാകിസ്താന്റെ സതേൺ എയർ കമാൻഡ് ആണ് സുക്കൂർ നിയന്ത്രിക്കുന്നത്.

മെയ് 10 ലെ ഉപഗ്രഹ ചിത്രം ഈ താവളത്തിന് ഗുരുതരമായ ഘടനാപരമായ നാശനഷ്ടം വരുത്തിയതായും വശങ്ങളിൽ വലിയ തോതിൽ അവശിഷ്ടങ്ങൾ ഉള്ളതായും കാണിക്കുന്നു. ആക്രമണത്തിന് ശേഷം തീപിടുത്തമുണ്ടായതിൻ്റെ ലക്ഷണങ്ങളും, കേടായ ഘടനയ്ക്ക് സമീപം തീകത്തി കരിഞ്ഞതിന്റെ അടയാളങ്ങളും കാണാം.

നൂർ ഖാൻ വ്യോമതാവളം

റാവൽപിണ്ടിക്കും ഇസ്ലാമാബാദിനും ഇടയിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ വ്യോമതാവളമാണ് നൂർ ഖാൻ. പാകിസ്താന്റെ സൈനിക ആസ്ഥാനം റാവൽപിണ്ടിയും രാഷ്ട്രീയ അധികാര കേന്ദ്രം ഇസ്ലാമാബാദുമാണ്. ഈ വ്യോമതാവളം നേരത്തെ ചക്ലാല എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യ നൂർ ഖാനെ ആക്രമിക്കുന്നത് ഇതാദ്യമല്ല. 1971 ലെ യുദ്ധത്തിൽ ഇന്ത്യൻ എയർഫോഴ്സിന്റെ 20 സ്ക്വാഡ്രൺ അവരുടെ ഹോക്കർ ഹണ്ടർ വിമാനങ്ങൾ ഉപയോഗിച്ച് ഈ വ്യോമതാവളം ലക്ഷ്യമിട്ടിരുന്നു.

മാക്സാർ പകർത്തിയ ഉപഗ്രഹ ചിത്രം ഇന്ത്യയുടെ കൃത്യവും സൂക്ഷ്മവുമായ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായി കാണിക്കുന്നു. ഏകദേശം രണ്ടാഴ്ച മുമ്പുള്ള ഏപ്രിൽ 25 ലെ ചിത്രം ഈ ഘടനകൾ കേടുകൂടാതെയിരുന്നതായി വ്യക്തമാക്കുന്നു.

റഹീം യാർ ഖാൻ

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഈ വ്യോമതാവളം, ഓപ്പറേഷൻ സിന്ദൂറിൻ്റെ ആദ്യ ഘട്ടത്തിൽ മെയ് 7 ന് ഇന്ത്യ ലക്ഷ്യമിട്ട ഭീകരരുടെ കേന്ദ്രമായ ബഹാവൽപൂരിന് 200 കിലോമീറ്റർ തെക്കായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ആക്രമണത്തിൽ ഈ വ്യോമതാവളത്തിലെ റൺവേയുടെ വശത്ത് വലിയൊരു ഗർത്തം രൂപപ്പെട്ടു.

എയർ മാർഷൽ എ.കെ. ഭാരതി വാർത്താ സമ്മേളനത്തിൽ ഈ വ്യോമതാവളത്തിലെ റൺവേയ്ക്ക് സംഭവിച്ച വലിയ നാശനഷ്ടങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു. മാക്സാർ പകർത്തിയ ഉപഗ്രഹ ചിത്രങ്ങൾ ഇന്ത്യ ആക്രമിച്ച സ്ഥലം കൃത്യമായി കാണിക്കുന്നു.

മുഷാഫ്, സർഗോദ

സർഗോദയിലെ മുഷാഫ് വ്യോമതാവളം പാകിസ്താൻ വ്യോമസേനയുടെ തന്ത്രപ്രധാനമായ താവളമാണ്. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ ഇതും ലക്ഷ്യമിട്ടു. ലാഹോറിന് പടിഞ്ഞാറായും പഞ്ചാബുമായുള്ള രാജ്യാന്തര അതിർത്തിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുമാണ് സർഗോദ സ്ഥിതി ചെയ്യുന്നത്. 1965 ലെയും 1971 ലെയും യുദ്ധങ്ങളിൽ ഇന്ത്യൻ വ്യോമസേനയുടെ വ്യോമാക്രമണങ്ങളിൽ സർഗോദ ലക്ഷ്യമിടപ്പെട്ടിരുന്നു.

ഇന്ത്യൻ ആക്രമണത്തിൽ രൂപപ്പെട്ട ഗർത്തങ്ങൾക്ക് കുറഞ്ഞത് എട്ട് മീറ്റർ വീതിയുണ്ടായിരുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ, ഈ വ്യോമതാവളത്തിലെ റൺവേയുടെ രണ്ട് ഭാഗങ്ങളിൽ – ഒന്ന് ഒരു ഇന്റർസെക്ഷനിലും മറ്റൊന്ന് പ്രധാന റൺവേയിലും – ഇന്ത്യൻ ആക്രമണത്തിൽ നാശനഷ്ടമുണ്ടായി. മെയ് 10 ലെ ചിത്രങ്ങൾ ഇന്ത്യൻ ആക്രമണത്തിൽ റൺവേയിൽ ഗർത്തങ്ങൾ രൂപപ്പെട്ടതായി കാണിക്കുന്നു. ഏപ്രിൽ 30 ലെയും മെയ് 10 ലെയും ചിത്രങ്ങൾ മുഷാഫിലെ റൺവേയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നു.

ഓപ്പറേഷൻ സിന്ദൂർ

പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പ്രതികാരമായി മെയ് 7 ന് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിക്കുകയും പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തു. ലഷ്കർ-ഇ-തൊയ്ബ (LeT), ജെയ്ഷ്-ഇ-മുഹമ്മദ് (JeM), ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളുടെ നിരവധി ക്യാമ്പുകൾ ഇന്ത്യൻ സായുധ സേന നശിപ്പിക്കുകയും 100 ലധികം ഭീകരരെ വധിക്കുകയും ചെയ്തു.

ഇന്ത്യയുടെ രാത്രികാല ഓപ്പറേഷനുകൾക്ക് ശേഷം, പാകിസ്താൻ സൈന്യം ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് ഡ്രോണുകളും മിസൈലുകളും അയച്ചെങ്കിലും അവയെല്ലാം വിജയകരമായി തടഞ്ഞു. തുടർന്ന്, ഇന്ത്യ പാകിസ്താൻ്റെ ആഴത്തിലുള്ള സൈനിക ലക്ഷ്യങ്ങളിൽ ആക്രമണം നടത്തി. നാല് ദിവസത്തെ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം കഴിഞ്ഞ ശനിയാഴ്ച ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടു.

കടപ്പാട് : എൻ ഡി ടി വി

Latest