Connect with us

Articles

കണക്കിലെ കളികള്‍ കൊണ്ടുള്ള ക്രൂരതകള്‍

ചോദ്യങ്ങള്‍ വളരെ ലളിതമാണ്. മഹാമാരി ഏറെ വ്യാപിച്ച കാലത്ത് ഇന്ത്യയില്‍ നടന്ന കൊവിഡ് മരണങ്ങളുടെ യഥാര്‍ഥ കണക്കെത്ര? അത് ഇപ്പോഴും സര്‍ക്കാര്‍ പറയുന്നില്ല എന്നിടത്താണ് വലിയൊരു മനുഷ്യാവകാശ ലംഘനം ഇവിടെ നടന്നിരിക്കുന്നു എന്ന് പറയേണ്ടി വരുന്നത്. 2020ന്റെ പാതി മുതല്‍ 2021ന്റെ അവസാനം വരെയുള്ള കണക്കെടുത്താല്‍ ഇന്ത്യയിലെ കൊവിഡ് മൂലമുള്ള മരണനിരക്ക് അതിഭീമമാണ്. ആ സത്യം മറച്ചു പിടിച്ച് ഇരകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ക്രൂരതയാണ്.

Published

|

Last Updated

ന്ത്യയില്‍ എത്ര പേര്‍ കൊവിഡ് മൂലം മരിച്ചു എന്ന കൃത്യമായ കണക്ക് രാജ്യത്തിന് മുന്നില്‍ സര്‍ക്കാര്‍ വെക്കാന്‍ മടിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യം പലരും പലവട്ടം ഉന്നയിച്ചിട്ടുണ്ട്. 2019 വരെയുള്ള മരണക്കണക്കുകള്‍ കൃത്യമായി നമ്മുടെ മുന്നിലുണ്ട്. ഈ കണക്കുകള്‍ തയ്യാറാക്കുന്നത് സെന്‍സസ് ഓഫ് ഇന്ത്യയുടെ ഭാഗമായുള്ള സി ആര്‍ എസ് (സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനം), എസ് എ ആര്‍ (സാമ്പിള്‍ രജിസ്‌ട്രേഷന്‍ സംവിധാനം) എന്നിവയാണ്. ഓരോ ജനനവും മരണവും നടക്കുമ്പോള്‍ തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ ബന്ധപ്പെട്ടവര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വഴിയാണ് സി ആര്‍ എസ് ഇത് തയ്യാറാക്കുന്നത്. മറ്റൊരു രീതി, തിരഞ്ഞെടുത്ത സാമ്പിള്‍ പരിശോധനകളിലൂടെ ലഭ്യമാക്കുന്ന വിവരങ്ങളാണ്. 2007 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളിലെ കണക്കുകള്‍ നമുക്ക് ലഭ്യമായിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിക്ക് ശേഷമുള്ള കണക്കുകള്‍ (2025 ആയിട്ടും) വൈകുന്നതെന്തുകൊണ്ട് എന്നതായിരുന്നു ചോദ്യം. അതുകൊണ്ട് തന്നെ ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ സംബന്ധിച്ചുള്ള സര്‍ക്കാറിന്റെ കണക്കുകളെ ജനങ്ങള്‍ അവിശ്വസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 2021ല്‍ 3.32 ലക്ഷവും ഇന്നുവരെയുള്ള ആകെ മരണം (കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കൊവിഡ് -19 ഡാഷ്‌ബോര്‍ഡ് കണക്ക് അനുസരിച്ച്) 5.33 ലക്ഷവും ആണെന്നാണ് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നത്.

എന്നാല്‍ ഇക്കഴിഞ്ഞ ബുധനാഴ്ച സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനം (സി ആര്‍ എസ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇത് നാലോ അഞ്ചോ മടങ്ങാകുമെന്ന് കാണുന്നു. എന്തിനാണ് സര്‍ക്കാര്‍ ഈ കണക്കുകള്‍ മറച്ചുപിടിച്ചത്? ഇതിനെ സാധൂകരിക്കുന്നതാണ് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടിരിക്കുന്ന 2021ലെ എം സി സി ഡി (മരണത്തിനുള്ള ആരോഗ്യ കാരണങ്ങള്‍ സംബന്ധിച്ച സാക്ഷ്യപത്രവും) റിപോര്‍ട്ടും. ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളുടെയും കണക്കുകള്‍ പുറത്ത് വിടാന്‍ അവര്‍ക്കൊരു മടിയും ഇല്ലായിരുന്നു എന്നും ഓര്‍ക്കുക.

എന്താണ് മരണത്തിന്റെ കണക്കുകള്‍ കാണിക്കുന്നത്? ഒരു വികസ്വര രാജ്യമെന്ന രീതിയില്‍ ഇന്ത്യയിലെ ജനന മരണ നിരക്കുകള്‍ പൂര്‍ണമായും റിപോര്‍ട്ട് ചെയ്യപ്പെടാറില്ല എന്നതൊരു സത്യമാണ്. 2007 മുതല്‍ ഓരോ വര്‍ഷവും ഇന്ത്യയില്‍ നടന്നു എന്ന് കണക്കാക്കപ്പെടുന്ന മരണങ്ങളുടെയും യഥാര്‍ഥത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മരണങ്ങളുടെയും കണക്കുകള്‍ തമ്മിലുള്ള വ്യത്യാസങ്ങളും സര്‍ക്കാറിന്റെ തന്നെ രേഖകളില്‍ കാണുന്നു. ഉദാഹരണത്തിന് 2007ല്‍ കണക്കാക്കപ്പെട്ട മരണങ്ങള്‍ 83,91,778ഉം രജിസ്റ്റര്‍ ചെയ്യപ്പെട്ടവ 58,04,922ഉം. അതായത് ആ വര്‍ഷം കേവലം 69.17 ശതമാനം മാത്രമേ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാല്‍ ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന മരണങ്ങളുടെ ശതമാനം കൂടിക്കൊണ്ടിരുന്നു. ഇതിന് പല കാരണങ്ങളും ഉണ്ട്. ജനങ്ങളില്‍ ഇതുസംബന്ധിച്ച അവബോധം വളരുന്നത് ഒരു ഘടകമാണ്. ഇത്തരം മരണസാക്ഷ്യപത്രങ്ങള്‍ സ്വത്ത് സംബന്ധിച്ചും പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും മറ്റും പ്രധാന രേഖയാണെന്നു വന്നതോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടുതലാകാന്‍ തുടങ്ങി. 2019 ആയപ്പോഴേക്കും നാട്ടില്‍ നടക്കുന്ന മരണങ്ങളുടെ 92 ശതമാനവും രജിസ്റ്റര്‍ ചെയ്യുന്നു എന്നാണ് കണ്ടെത്തിയത്. ആ വര്‍ഷം ഉണ്ടായ 83,01,769 മരണങ്ങളില്‍ 76,41,076ഉം രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.

മഹാമാരി തുടങ്ങിയ 2020ല്‍ 81,15,882 മരണങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എന്നാല്‍ ആ വര്‍ഷത്തില്‍ ഉണ്ടായ യഥാര്‍ഥ മരണങ്ങളുടെ കണക്ക് സര്‍ക്കാര്‍ രേഖയില്‍ ഇല്ല. തന്നെയുമല്ല 2021ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 1,02,24,506 മരണങ്ങളായിരുന്നു. കഴിഞ്ഞ 14 വര്‍ഷങ്ങളിലെല്ലാം മരണസംഖ്യ 80 ലക്ഷത്തിനടുത്തായിരുന്നു. പെട്ടെന്ന് ഒരൊറ്റവര്‍ഷം കൊണ്ട് അത് ഇരുപത് ലക്ഷത്തിലേറെ വര്‍ധിച്ചു എന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് മഹാമാരിയുടെ വര്‍ഷത്തില്‍ മരണത്തില്‍ 20 ലക്ഷത്തിന്റെ വര്‍ധനവ്. ഈ വിവരങ്ങളും സര്‍ക്കാറിന്റെ കണക്കനുസരിച്ചുള്ള കൊവിഡ് മരണങ്ങളുടെ എണ്ണവും (3.22 ലക്ഷം) തമ്മില്‍ കാര്യമായ പൊരുത്തക്കേട് കണ്ടതാണ് ഈ അന്വേഷണത്തിന് കാരണമായത്. ആ വര്‍ഷം ഉണ്ടായ മരണങ്ങളില്‍ നല്ലൊരു പങ്കും മഹാമാരിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായും കൂട്ടിയിണക്കാതിരിക്കാന്‍ കഴിയില്ല. ആ വര്‍ഷം മരണസംഖ്യയില്‍ ഇത്ര വലിയൊരു കുതിച്ചുചാട്ടം മറ്റൊരു രീതിയിലും ന്യായീകരിക്കാന്‍ കഴിയില്ല. അപകട മരണങ്ങള്‍ വളരെ കുറഞ്ഞ ഒരു വര്‍ഷമായിരുന്നു അത്. കാരണം വാഹനങ്ങള്‍ ഒന്നും തന്നെ കാര്യമായി ഓടിയിരുന്നില്ല.
എന്തുകൊണ്ടായിരിക്കും സര്‍ക്കാര്‍ ഈ കണക്കുകള്‍ മറച്ചു പിടിച്ചത് എന്നതാണ് പ്രധാന ചോദ്യം. അന്താരാഷ്ട്ര തലത്തില്‍ സല്‍പ്പേര് കിട്ടാന്‍ വേണ്ടിയെന്ന് വാദിക്കാം. (അതിന്റെ കാര്യം പിന്നീട് പറയാം.)

പ്രധാനമായും മരണകാരണം കൊവിഡ് ആണെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. അതിനു തയ്യാറല്ല എന്നതാണ് പലരും ചൂണ്ടിക്കാണിക്കുന്ന കാരണം. തന്നെയുമല്ല ഇവിടെ മരണപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും ഗ്രാമീണരും ദരിദ്രരും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരും ഇതര സംസ്ഥാനങ്ങളില്‍ പോയി പണിയെടുക്കുന്ന അതിഥി തൊഴിലാളികളുമായിരിക്കും. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഒരു സര്‍ക്കാറൊന്നുമല്ലല്ലോ ഇവിടെ ഭരിക്കുന്നത്. ആയിരക്കണക്കിന് അതിഥിത്തൊഴിലാളികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ സ്വന്തം നാട്ടില്‍ എങ്ങനെയെങ്കിലും എത്തിപ്പെടാന്‍ വേണ്ടി നൂറുകണക്കിന് കിലോമീറ്റര്‍ പൊരിവെയിലിലും മഞ്ഞിലും നടന്നു പോകുന്ന കാഴ്ചയൊന്നും മറക്കാറായിട്ടില്ലല്ലോ. രോഗം വന്നാല്‍ ന്യായമായ ചികിത്സ കിട്ടാനുള്ള അവകാശമൊന്നും അവര്‍ക്കില്ല. ജീവിതം തന്നെ വഴിമുട്ടിയവരാണവര്‍. തൊഴിലില്ലാതെ വന്നപ്പോള്‍ ആദ്യ പ്രശ്‌നം പട്ടിണിയായി. കിണ്ണം കൊട്ടിയും പാട്ട് പാടിയും കൊവിഡിനെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചവര്‍ ഇതൊന്നും കണ്ടതേയില്ലല്ലോ.
ഇവരൊക്കെ മരിക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കണമെന്ന നിലപാടൊന്നും സര്‍ക്കാറിനില്ല എന്നതില്‍ അത്ഭുതമില്ല.

മഹാമാരി മൂലം മരിച്ചവര്‍ സര്‍ക്കാര്‍ കണക്കിന്റെ നാലോ അഞ്ചോ മടങ്ങോ അതിലധികമോ ആണെങ്കില്‍ അവര്‍ക്കൊക്കെ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായി വരുന്ന തുകയും വളരെ വലുതായിരിക്കും. അതെല്ലാം പാഴ്‌ചെലവാണല്ലോ. എന്നാല്‍ എന്തുകൊണ്ട് ഈ കണക്കുകള്‍ മറച്ചു പിടിച്ചു എന്നതിന് മറ്റൊരു ന്യായീകരണവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. സമൂഹത്തില്‍ പാര്‍ശ്വവത്കൃതര്‍ മഹാമാരിയിലും പാര്‍ശ്വവത്കൃതരാകുന്നു.എന്നാല്‍ ഈ വിവരങ്ങള്‍ സര്‍ക്കാറിന്റെ തന്നെ രേഖയായി മറ്റൊരു രീതിയില്‍ പുറത്ത് വന്നതോടെ പുതിയ ന്യായീകരണങ്ങളുമായി സര്‍ക്കാറിന്റെ വക്താക്കള്‍ രംഗത്തു വന്നിട്ടുണ്ട്. ഇന്ത്യയെയും മറ്റു വികസിത വികസ്വര രാജ്യങ്ങളെയും താരതമ്യം ചെയ്തുകൊണ്ട്, ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് അത്രക്ക് കൂടുതലൊന്നും ആയിരുന്നില്ലെന്നാണ് അവരുടെ വാദം. “ഈ കണക്കുകള്‍ ഞങ്ങള്‍ പരിശോധിച്ചു’ എന്ന് പറഞ്ഞുകൊണ്ട് അവര്‍ പുതിയ ചില കണക്കുകള്‍ ഉണ്ടാക്കുന്നു. 2020ലും 2021ലും ഉള്ള മരണങ്ങളെ ഒരുമിച്ചെടുക്കുന്നു അവര്‍. അങ്ങനെ കണക്കിലെ ചില കളികള്‍ കൊണ്ട് സത്യത്തെ മറച്ചു പിടിക്കുകയാണ്. 2016-2019 കാലം പരിഗണിച്ചാല്‍ ഓരോ വര്‍ഷവും മരണക്കണക്കില്‍ ഉണ്ടാകുന്ന ശരാശരി വ്യത്യാസം 6.42 ശതമാനമാണെന്ന് അവര്‍ പറയുന്നു. അത് പറയുമ്പോഴും 2020ലെ 81,15,882ല്‍ നിന്ന് ഒറ്റയടിക്ക് 2021ല്‍ 25 ശതമാനത്തിന്റെ വര്‍ധനവുണ്ടായി എന്ന സത്യം അവര്‍ പറയാതിരിക്കുന്നു. ഒരു കാലത്തും ഇത്ര കൂടിയ മരണസംഖ്യയുടെ വര്‍ധനവ് ഉണ്ടായിട്ടേയില്ല.

പിന്നെ അവര്‍ ആ സംഖ്യയെ ജനസംഖ്യയുടെ അനുപാതത്തിലാക്കിക്കൊണ്ട് ഒരു ദശലക്ഷത്തില്‍ എത്ര വീതം കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകുന്നു എന്നാക്കുന്നു. അങ്ങനെ നോക്കിയാല്‍ ഒരു വര്‍ഷത്തില്‍ ഓരോ പത്ത് ലക്ഷം പേരില്‍ 1,249 അധിക മരണങ്ങള്‍ ഉണ്ടായി എന്ന് കണ്ടെത്തുന്നു. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിലെ വര്‍ധനവ് കേവലം 9.4 ശതമാനം മാത്രമെന്ന കണക്കു പറയുന്നു.എന്താണ് ഇതിലെ തട്ടിപ്പുകള്‍? ഇത് 2020ലെയും 2021ലെയും മരണങ്ങള്‍ ഒന്നിച്ചെടുക്കുമ്പോഴാണ്. അതില്‍ തന്നെ തെറ്റുണ്ട്. 2020ന്റെ പാതി പിന്നിട്ടപ്പോഴാണ് കൊവിഡ് വ്യാപകമാകുന്നത്. അതില്ലാത്ത ആറ് മാസം ഉണ്ടെന്നര്‍ഥം. യഥാര്‍ഥത്തില്‍ 2021ലെ കണക്കാണ് പഠിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ ഇന്ത്യയിലെ നിരക്ക് പത്ത് ലക്ഷത്തിന് 7,200ലധികം വരും. അങ്ങനെ കണക്കാക്കിയാല്‍ വര്‍ധനവ് 25 ശതമാനത്തോളമാകും. ഇത് ലോകത്തില്‍ ഒരു രാജ്യത്തുമുള്ളതിനേക്കാള്‍ അധികമായിരിക്കും.

ഈ അധിക മരണങ്ങളെല്ലാം കൊവിഡുമായി ബന്ധപ്പെട്ടതാണെന്ന് ഉറപ്പിക്കാനാകില്ല എന്ന മുന്‍കൂര്‍ ജാമ്യം എടുക്കുന്നു. ജോലിക്ക് പോലും പോകാന്‍ കഴിയാതെ വീട്ടില്‍ മാത്രം ജനങ്ങള്‍ ഇരിക്കുന്ന ആ കാലത്ത് മരണങ്ങള്‍ വര്‍ധിക്കുന്നതെന്തുകൊണ്ട്? അതിന് പറയാവുന്ന പ്രധാന കാരണം പട്ടിണിയും പോഷകാഹാരക്കുറവും വേണ്ട സമയത്ത് ചികിത്സിക്കാന്‍ കഴിയാതിരിക്കലുമൊക്കെയാകും. ഇതെല്ലം തന്നെ മഹാമാരിയുടെ ഫലങ്ങളല്ലേ എന്ന് ചോദിച്ചാല്‍ ഇവര്‍ മിണ്ടില്ല. ഈ കള്ള സ്ഥിതിവിവരക്കണക്ക് ഉപയോഗിച്ച് കൊണ്ട് വികസിത രാജ്യങ്ങളിലെ മരണ നിരക്കിനേക്കാള്‍ കുറവാണ് ഇന്ത്യയിലേതെന്ന് സ്ഥാപിക്കുന്ന അതിബുദ്ധിയാണ് സര്‍ക്കാര്‍ കാണിക്കുന്നത് ചോദ്യങ്ങള്‍ വളരെ ലളിതമാണ്. മഹാമാരി ഏറെ വ്യാപിച്ച കാലത്ത് ഇന്ത്യയില്‍ നടന്ന കൊവിഡ് മരണങ്ങളുടെ യഥാര്‍ഥ കണക്കെത്ര? അത് ഇപ്പോഴും സര്‍ക്കാര്‍ പറയുന്നില്ല എന്നിടത്താണ് വലിയൊരു മനുഷ്യാവകാശ ലംഘനം ഇവിടെ നടന്നിരിക്കുന്നു എന്ന് പറയേണ്ടി വരുന്നത്. 2020ന്റെ പാതി മുതല്‍ 2021ന്റെ അവസാനം വരെയുള്ള കണക്കെടുത്താല്‍ ഇന്ത്യയിലെ കൊവിഡ് മൂലമുള്ള മരണനിരക്ക് അതിഭീമമാണ്. വെറും കണക്കിലെ കളികള്‍ കൊണ്ട് ആ സത്യം മറച്ചുപിടിക്കാന്‍ കഴിയില്ല. അങ്ങനെ മറച്ചു പിടിച്ചുകൊണ്ട് ഇരകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ക്രൂരതയാണ്.