Connect with us

National

പച്ചക്കറി വില കുറഞ്ഞു; രാജ്യത്തെ പണപ്പെരുപ്പം ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

റീട്ടെയിൽ പണപ്പെരുപ്പം ഏപ്രിൽ മാസത്തിൽ 3.16 ശതമാനമായി കുറഞ്ഞു

Published

|

Last Updated

ന്യൂഡൽഹി | പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, മറ്റ് പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വില കുറഞ്ഞതിനെ തുടർന്ന് രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം ഏപ്രിൽ മാസത്തിൽ 3.16 ശതമാനമായി കുറഞ്ഞു. ഇത് ഏകദേശം ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഈ സാഹചര്യത്തിൽ, റിസർവ് ബാങ്കിന് ജൂണിലെ പണനയ അവലോകനത്തിൽ വീണ്ടും പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട്.

കഴിഞ്ഞ വർഷം (2024) ഏപ്രിലിൽ 4.83 ശതമാനവും ഈ വർഷം (2025) മാർച്ചിൽ 3.34 ശതമാനവുമായിരുന്നു ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്. ഇതാണ് ഇപ്പോൾ 3.16 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നത്. ഇതിനുമുമ്പ് 2019 ജൂലൈ മാസത്തിലാണ് ഇതിലും കുറഞ്ഞ നിരക്ക് (3.15 ശതമാനം) രേഖപ്പെടുത്തിയത്.

ദേശീയ സ്ഥിതിവിവര ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025 ഏപ്രിലിൽ ഭക്ഷ്യവിലയിലെ പണപ്പെരുപ്പം മുൻ മാസത്തെ അപേക്ഷിച്ച് 91 ബേസിസ് പോയിന്റ് കുറഞ്ഞു. 2025 ഏപ്രിലിലെ ഭക്ഷ്യവിലയിലെ പണപ്പെരുപ്പം 2021 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. ഏപ്രിൽ മാസത്തിലെ ഭക്ഷ്യവിലയിലെ പണപ്പെരുപ്പം 1.78 ശതമാനമാണ്. ഇത് മുൻ മാസത്തിലെ 2.69 ശതമാനത്തേക്കാളും കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 8.7 ശതമാനത്തേക്കാളും കുറവാണ്.

വിലക്കയറ്റത്തിൽ കുറവുണ്ടായതിനെ തുടർന്ന്, പണപ്പെരുപ്പം 4 ശതമാനത്തിൽ നിലനിർത്താൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക്, രണ്ട് ഘട്ടങ്ങളിലായി (ഫെബ്രുവരി, ഏപ്രിൽ) പ്രധാന പലിശ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ചിരുന്നു. 2025-26 സാമ്പത്തിക വർഷത്തിലെ സിപിഐ പണപ്പെരുപ്പം 4 ശതമാനമായിരിക്കുമെന്നാണ് റിസർവ് ബാങ്കിൻ്റെ പ്രവചനം. ആദ്യ പാദത്തിൽ 3.6 ശതമാനവും, രണ്ടാം പാദത്തിൽ 3.9 ശതമാനവും, മൂന്നാം പാദത്തിൽ 3.8 ശതമാനവും, നാലാം പാദത്തിൽ 4.4 ശതമാനവുമാണ് പ്രതീക്ഷിക്കുന്നത്.

പച്ചക്കറികൾ, ധാന്യങ്ങൾ, പഴങ്ങൾ, ഇറച്ചി, മത്സ്യം, വ്യക്തിഗത പരിചരണ ഉത്പന്നങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ വിലയിലുണ്ടായ കുറവാണ് ഏപ്രിൽ മാസത്തിലെ പണപ്പെരുപ്പത്തിലും ഭക്ഷ്യവിലയിലെ പണപ്പെരുപ്പത്തിലും കാര്യമായ കുറവുണ്ടാക്കിയതെന്ന് എൻഎസ്ഒ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തിൽ ഉരുളക്കിഴങ്ങ് (12.7 ശതമാനം), തക്കാളി (33.21 ശതമാനം), ചിക്കൻ (6.78 ശതമാനം), തുവരപ്പരിപ്പ് (14.27 ശതമാനം), ജീരകം (20.79 ശതമാനം) എന്നിവയുടെ വിലയിൽ കുറവുണ്ടായി.

എന്നാൽ, ഏപ്രിൽ മാസത്തിൽ കടുക് എണ്ണയുടെ വില 19.6 ശതമാനവും, സൂര്യകാന്തി എണ്ണ, സോയാബീൻ എണ്ണ തുടങ്ങിയവയുടെ വില 23.75 ശതമാനവും, ആപ്പിളിൻ്റെ വില 17 ശതമാനവും, ഉള്ളിയുടെ വില 2.94 ശതമാനവും വർദ്ധിച്ചു.

ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 2025 ഏപ്രിലിൽ 2.92 ശതമാനമായി കുറഞ്ഞു. കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ പണപ്പെരുപ്പം രേഖപ്പെടുത്തിയത് കേരളത്തിലാണ് (5.94 ശതമാനം). ഏറ്റവും കുറവ് തെലങ്കാനയിലാണ് (1.26 ശതമാനം).